അനില്‍ നെടുമങ്ങാടിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. ഏറെ ഉയരത്തിലെത്തേണ്ട ഒരു കലാകാരന്റെ അകാലവിയോഗം ഇപ്പോഴും വിശ്വസിക്കാറായിട്ടില്ല പലര്‍ക്കും. ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ വലിയൊരു ആരാധകരെ സൃഷ്ടിച്ചെടുക്കാന്‍ അനിലിന് സാധിച്ചത് അദ്ദേഹത്തിന്റെ അഭിനയ മികവ് ഒന്നുകൊണ്ടുമാത്രമാണ്.
എന്നാല്‍ താന്‍ ഒരിക്കലും തിരക്കുള്ള ഒരു നടനാകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും കിട്ടുന്ന ചുരുക്കം റോളുകളില്‍ താന്‍ സംതൃപ്തനാണെന്നും കരിയറിന്റെ തുടക്കകാലം രണ്ടോ മൂന്നോ അവസരം ചോദിച്ചതൊഴിച്ചാല്‍ താന്‍ അവസരത്തിനായി ഒരു സംവിധായകരേയും സമീപിച്ചിട്ടില്ലെന്നും രണ്ട് മാസം മുന്‍പ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനില്‍ പറയുന്നുണ്ട്.
‘ ഞാന്‍ ആദ്യമായി ചാന്‍സ് ചോദിച്ചുപോകുന്നത് അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ അടുത്താണ്. പിന്നെ വേണുനാഗവള്ളിയുടെ അടുത്ത്. ഇവരുമായൊക്കെ ഞാന്‍ പിന്നീട് പരിചയപ്പെടുകയുണ്ടായി. ആ സമയത്ത് ഒരു മൂന്ന് നാല് സംവിധായകരുടെ അടുത്ത് പോയിട്ടുണ്ട്.
വേണു ചേട്ടന്‍ ആ സമയത്ത് തന്നെ ഒരു സീരിയലില്‍ വേഷം തന്നു. പക്ഷേ എനിക്ക് മനസിലായി ചാന്‍സ് കിട്ടുക പ്രയാസമാണെന്ന്. ചാനലില്‍ പ്രോഗ്രാം ചെയ്തതിന് ശേഷം പിന്നെ ചാന്‍സ് ചോദിച്ച് പോയിട്ടില്ല. പക്ഷേ എനിക്ക് ഇപ്പോഴും ആഗ്രഹമുണ്ട് ചാന്‍സ് ചോദിച്ച് ചെല്ലാന്‍. പക്ഷേ എനിക്ക് ചാന്‍സ് ചോദിക്കാന്‍ ഒരു അവസരം തരുന്നില്ല (ചിരി).
ഇപ്പോള്‍ കൈനിറയെ റോളുകള്‍ ഉള്ളതുകൊണ്ട് ചാന്‍സ് ചോദിക്കേണ്ടതില്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് കൈ നിറയെയൊന്നും റോളുകളില്ലെന്നും അങ്ങനെയൊരു ആഗ്രഹവും തനിക്കില്ലെന്നുമായിരുന്നു അനിലിന്റെ മറുപടി.
രണ്ട് മാസം സ്വസ്ഥമായി ഒരു സിനിമയില്‍ പോയി അഭിനയിക്കുക. തിരക്കുപിടിച്ച നടനൊക്കെ ആയിക്കഴിഞ്ഞാല്‍ നമ്മള്‍ ഒരു സിനിമ ചെയ്യുന്നു പിന്നെ ഡേറ്റിന്റെ പ്രശ്‌നം, പിന്നെ അങ്ങോട്ടോടണം ഇങ്ങോട്ടോടണം. നമുക്ക് സ്വസ്ഥമായി പോയി ഒരു സിനിമ കഴിഞ്ഞു, തിരിച്ചുവന്നിട്ട് അടുത്ത സിനിമ അതാണ്. അയ്യപ്പനും കോശിയും ചെയ്യുന്ന സമയത്ത് ഞാന്‍ വേറെ സിനിമയും ചെയ്തിരുന്നില്ല’, അനില്‍ പറയുന്നു.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് അനില്‍ മരണപ്പെടുന്നത്. തൊടുപുഴ മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. സിനിമാ ഷൂട്ടിങ്ങിനിടെ ലഭിച്ച ഇടവേളയില്‍ കൂട്ടുകാര്‍ക്കൊപ്പമാണ് അനില്‍ ഇവിടെ കുളിക്കാനിറങ്ങിയത്.
അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം, ഞാന്‍ സ്റ്റീവ് ലോപ്പസ്, മണ്‍ട്രോത്തുരുത്ത്, ആമി, മേല്‍വിലാസം, ഇളയരാജ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് ജനപ്രീതി നേടിയ അഭിനേതാവാണ് അനില്‍.
ജോജു ജോര്‍ജ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. നാടകത്തിലൂടെയാണ് മിനിസ്‌ക്രീനിലേക്കും പിന്നീട് സിനിമയിലേക്കും അനില്‍ എത്തിയത്. മമ്മൂട്ടി നായകനായ തസ്‌കരവീരന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം തുടങ്ങിയത്. അയ്യപ്പനും കോശിയിലെയും സിഐ സതീഷ് എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക