കുഴിമന്തിയോട് എതിര്‍പ്പില്ല, വിമര്‍ശനം ഭാഷയോട്; തടിച്ച സ്ത്രീകളെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് മന്തി: വി.കെ. ശ്രീരാമന്‍
Kerala News
കുഴിമന്തിയോട് എതിര്‍പ്പില്ല, വിമര്‍ശനം ഭാഷയോട്; തടിച്ച സ്ത്രീകളെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് മന്തി: വി.കെ. ശ്രീരാമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st October 2022, 5:01 pm

തൃശൂര്‍: വിവാദമായ തന്റെ ‘കുഴിമന്തി പോസ്റ്റില്‍’ വിശദീകരണവുമായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍. കുഴിമന്തിയോട് തനിക്ക് ഒരു എതിര്‍പ്പുമില്ലെന്നും പുതിയ ഭക്ഷണ വിഭവങ്ങള്‍ കേരളത്തിലെത്തണമെന്നും മലയാളി രുചിച്ചു നോക്കണമെന്നും വി.കെ. ശ്രീരാമന്‍ അഭിപ്രായപ്പെട്ടു. കുഴിമന്തിയെന്ന ഭക്ഷണത്തെയല്ല ആ ഭാഷ പ്രയോഗത്തെയാണ് വിമര്‍ശിച്ചതെന്നെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്‍ ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നാട്ടില്‍ മലയാളത്തിലെ ചില പദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഇഷ്ടവും അനിഷ്ടവുമൊക്കെ മലയാളിക്കുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പറഞ്ഞത് ഒരു ഹിന്ദുവാണെന്നും അത് വേറൊരു മതത്തെ ലക്ഷ്യമിട്ടാണെന്നും പറയുന്നത് നമ്മുടെ കാലത്തിന്റെ ദോഷമാണെന്നും വി.കെ. ശ്രീരാമന്‍ പറഞ്ഞു.

തടിച്ച സ്ത്രീകളെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് മന്തി. മറ്റ് ഭാഷയിലെ നല്ല പദങ്ങള്‍ മലയാളത്തില്‍ അശ്ലീലമാണെങ്കില്‍ അത് ഉപയോഗിക്കുന്നത് ശരിയല്ല.

കേരളത്തിന് അടിസ്ഥാനപരമയൊരു ഭക്ഷണ സംസ്‌കാരമില്ലെന്നും ഇഡ്ഡലി, ദോശ, സാമ്പാര്‍, പുട്ട് തുടങ്ങിയവയൊക്കെ പുറംനാടുകളില്‍ നിന്ന് വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വിഭവങ്ങള്‍ക്ക് പേരിടുമ്പോള്‍ നമ്മുടെ കണ്ണിനും കാതിനും രുചികരമാകണമെന്നും എന്നാല്‍ വിവാദം സമൂഹ മാധ്യമങ്ങളില്‍ വേറെ തലത്തിലേക്ക് പോകുകയാണെന്നും വി.കെ. ശ്രീരാമന്‍ പറഞ്ഞു.

താന്‍ ഒരു ദിവസം കേരളത്തിലെ ഏകാധിപതിയായാല്‍ കുഴിമന്തി എന്ന വാക്ക് നിരോധിക്കുമെന്നാണ് വി.കെ. ശ്രീരാമന്‍ ഫേസ്ബുക്കില്‍
എഴുതിയിരുന്നത്. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിട്ടാണ് ഇങ്ങനെ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍ ഞാന്‍ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും.

മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത് പറയരുത്, കേള്‍ക്കരുത്, കാണരുത് കുഴിമന്തി,’ എന്നായിരുന്നു വി.കെ. ശ്രീരാമന്റെ വാക്കുകള്‍.