കൊച്ചി: ബി.ജെ.പി നേതാവും പാലക്കാട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ ഇ. ശ്രീധരനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇ.ശ്രീധരനെത്തുന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയെന്ന് അദ്ദേഹം പറഞ്ഞു. കൈരളി ന്യൂസിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് ഇ.ശ്രീധരന്‍ സ്വയം പ്രഖ്യാപിക്കുമ്പോള്‍ തന്നെ അദ്ദേഹത്തെ എങ്ങനെയാണ് കാണേണ്ടതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ തീരുമാനിച്ചിട്ടുണ്ടാകുമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. ഒരാളെ ആവശ്യത്തിലധികം ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് ഇ. ശ്രീധരനെന്നും അദ്ദേഹത്തിന് ജയസാധ്യത കാണുന്നില്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
ഇ. ശ്രീധരന്‍ ജയിച്ചാലും മുഖ്യമന്ത്രിയായാലും അദ്ദേഹത്തോടുള്ള നിലപാടിലും മതിപ്പിലും മാറ്റമുണ്ടാകില്ലെന്നും രഞ്ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു ഇ. ശ്രീധരന്റെ ബി.ജെ.പി പ്രവേശനം. ഫെബ്രുവരി 25നാണ് ശ്രീധരന്‍ ബി.ജെ.പിയില്‍ നിന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്.
പാര്‍ട്ടിപ്രവേശനം ജീവിതത്തിലെ പുതിയ അധ്യായമാണെന്ന് ശ്രീധരന്‍ പറഞ്ഞിരുന്നു. 67 വര്‍ഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാന്‍ ബി.ജെ.പി തന്നെ വേണം എന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് ശ്രീധരന്‍ പറഞ്ഞത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ഇ. ശ്രീധരന്‍ പറഞ്ഞിരുന്നു. ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ല. ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്’ എന്നായിരുന്നു ഇ. ശ്രീധരന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക