കൊച്ചി: സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിന് പിന്നാലെ ലതിക സുഭാഷ് നടത്തിയ പ്രതിഷേധം തന്നെ വേദനിപ്പിച്ചെന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. 33 ശതമാനം വനിതാ സംവരണത്തെപ്പറ്റി പാര്‍ലമെന്റില്‍ ഇനി സംസാരിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരില്‍ വിജയസാധ്യതയേക്കാള്‍ മത്സരസാധ്യതയാണ് കൂടുതലുള്ളതെന്നും പാര്‍ട്ടി നിര്‍ദേശിച്ച 4 മണ്ഡലങ്ങളില്‍ നിന്ന് താനാണ് തൃശൂര്‍ തെരഞ്ഞെടുത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് ലതിക സുഭാഷ് വ്യക്തമാക്കിയിട്ടുണ്ട്. തീരുമാനവുമായി മുന്നോട്ടുപോകും. പിന്‍വാങ്ങാന്‍ വേണ്ടിയല്ല സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്നും വിജയിക്കാനാണ് മത്സരിക്കുന്നതെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഏറ്റുമാനൂരില്‍ ലതിക സുഭാഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളിയാകില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ് പറഞ്ഞു. യു.ഡി.എഫിനെ വെല്ലുവിളിച്ചാല്‍ ലതിക സുഭാഷിന് നിലനില്‍പ്പേ ഉണ്ടാകില്ല. ലതികയുടെ വിമതവേഷം ജനങ്ങള്‍ അംഗീകരിക്കില്ലെന്നും പ്രിന്‍സ് ലൂക്കോസ് പറഞ്ഞു.
യു.ഡി.എഫ് ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. ആര് അതിനെ ദുര്‍ബലപ്പെടുത്താന്‍ നോക്കിയാലും കഴിയില്ല. വ്യക്തികള്‍ക്കല്ല പ്രാധാന്യം. പ്രസ്ഥാനത്തിനാണ്. ആ പ്രസ്ഥാനത്തെ വെല്ലുവിളിക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ ഒറ്റപ്പെടുമെന്നും പ്രിന്‍സ് ലൂക്കോസ് പറഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ലതിക സുഭാഷിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോട്ടയത്തെ യു.ഡി.എഫ് നേതാക്കളും ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിന്‍സ് ലൂക്കോസ് കഴിഞ്ഞ ദിവസം ലതിക സുഭാഷിന്റെ വീട്ടിലെത്തിയിരുന്നു.
വീട്ടിലെത്തിയ പ്രിന്‍സ് ലൂക്കോസ് ലതിക സുഭാഷിന്റെ കാല്‍ തൊട്ട് നമസ്‌കരിച്ചാണ് വീടിനകത്തേക്ക് കയറിയത്. തുടര്‍ന്ന് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് പറഞ്ഞു. എന്നാല്‍ ഏറെ വൈകിപ്പോയെന്നായിരുന്നു ലതികയുടെ മറുപടി.
‘പ്രിന്‍സിനോട് എനിക്ക് എതിര്‍പ്പൊന്നുമില്ല. എന്റെ സഹോദരനായാണ് കാണുന്നത്. പക്ഷെ യു.ഡി.എഫില്‍ നിന്നും നേരിട്ട അവഗണനയുടെ പരിണിത ഫലമായാണ് ഇപ്പോള്‍ ഞാന്‍ മുന്നോട്ട് പോകുന്നത്. എന്നോട് ക്ഷമിക്കണം’, എന്നായിരുന്നു ലതിക സുഭാഷ് പറഞ്ഞത്.
ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും ഏറ്റുമാനൂര്‍ ഇല്ലെങ്കില്‍ വൈപ്പിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നെന്നും എന്നാല്‍ അതും നടന്നില്ലെന്നും ലതികാ സുഭാഷ് പറഞ്ഞിരുന്നു.
ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരില്‍ ജയിക്കാനാകും എന്നാണ് വിശ്വാസമെന്നും ഏറ്റുമാനൂരില്‍ മുന്‍പും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ജയിച്ചിട്ടുണ്ടെന്നും ലതിക സുഭാഷ് പ്രതികരിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ സ്ത്രീകളെ അവഗണിച്ചത് ചൂണ്ടിക്കാണിച്ച് ലതിക സുഭാഷ് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരായ വിയോജിപ്പുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി രേഖപ്പെടുത്തിയ ശേഷമായിരുന്നു ലതികാ സുഭാഷ് രാജിവെച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക