കോണ്‍ഗ്രസുകാരുടേത് സ്‌കൂള്‍ കുട്ടികളുടെ ആരോപണം, രാജ്യം ഭരിച്ചവര്‍ക്കും ബംഗാള്‍ ഭരിച്ച പാര്‍ട്ടിക്കും അഡ്രസില്ലാതായി; ജോജുവിന് പിന്തുണയുമായി നടന്‍ അലക്സാണ്ടര്‍ പ്രശാന്ത്
കൊച്ചി: പൊതുജനത്തെ മാനിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുപോകണമെന്ന് നടന്‍ അലക്സാണ്ടര്‍ പ്രശാന്ത്. തന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് രാഷ്ട്രീയ പാര്‍ട്ടികളെ ഉപദേശിച്ചും ജോജുവിനെ പിന്തുണച്ചും അലക്‌സാണ്ടര്‍ രംഗത്തെത്തിയത്.
കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സ്‌കൂള്‍ കുട്ടികളുടെ നിലവാരത്തിലുള്ളതാണെന്നും തത്സമയം ആളുകള്‍ കണ്ടകാര്യത്തില്‍ എവിടെയാണ് വനിതകളെ അപമാനിച്ചതെന്നും പ്രശാന്ത് ചോദിച്ചു.
‘പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച പാര്‍ട്ടിക്ക് ഇപ്പോള്‍ അഡ്രസില്ലാത്ത നിലയിലായി. ബംഗാള്‍ ഭരിച്ച പാര്‍ട്ടിയുടെ അവസ്ഥയും ഇത് തന്നെ. അതുകൊണ്ട് ജനത്തെ മാനിക്കണം. ഇന്ന് അവിടെ കുടുങ്ങിപ്പോയവര്‍ പറയാന്‍ ഒരുങ്ങിയ കാര്യങ്ങളാണ് ജോജു പറഞ്ഞത്,’ പ്രശാന്ത് എഫ്.ബി. ലൈവില്‍ പറഞ്ഞു.
കെ.പി.സി..സി. പ്രസിഡന്റ് കെ. സുധാകരന്‍ ജോജുവിനെ ഗുണ്ടാ എന്ന് വിളിച്ചത് ശരിയായില്ലെന്ന് ഫെഫ്ക്കയുടെ അധ്യക്ഷന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ജോജുവിനെ ഇങ്ങനെ ആക്രമിച്ചത് ശരിയായില്ലെന്നും ജോജു പൊതുജനത്തിന് വേണ്ടിയാണ് സംസാരിച്ചതെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറക്കാന്‍ യാത്രക്കാരുടെ വാഹനം തല്ലി പൊളിക്കുകയാണോ പരിഹാരമെന്ന് സംവിധായകന്‍ പത്മകുമാര്‍ ചോദിച്ചു. ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പെട്രോള്‍ വിലവര്‍ധനവില്‍ ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ സമരത്തിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു.
മണിക്കൂറുകളോളം നീണ്ടുനിന്ന സമരത്തില്‍ നൂറുകണക്കിന് വാഹനങ്ങളായിരുന്നു വഴിയില്‍ കുടുങ്ങിക്കിടങ്ങിയത്. ആറ് കിലോമീറ്ററില്‍ അധികമുള്ള ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം.