Movie Day
എന്റെ സിനിമയെ വിമര്‍ശിക്കാം, ഞാന്‍ 'കാണുന്ന' സിനിമയും മറ്റുള്ളവരുടെ ഇഷ്ടത്തിനാകണം എന്ന് വാശി പിടിക്കണാ? കനകം കാമിനി കലഹം പോസ്റ്റിലെ ഹേറ്റ് കമന്റുകളോട് അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 14, 03:24 am
Sunday, 14th November 2021, 8:54 am

കഴിഞ്ഞ ദിവസം ഒ.ടി.ടിയില്‍ റിലീസായ നിവിന്‍ പോളി ചിത്രം കനകം കാമിനി കലഹം സിനിമയെ അഭിനന്ദിച്ചുള്ള പോസ്റ്റിന് താഴെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അജു വര്‍ഗീസ്. ഏറെ നാളുകള്‍ക്ക് ശേഷം ഉറക്കെ ചിരിപ്പിച്ച വിസ്മയകരമായ സിനിമ എന്നായിരുന്നു അജു വര്‍ഗീസ് എഴുതിയത്.

ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിവിന്‍ പോളി, വിനയ് ഫോര്‍ട്ട്, ഗ്രെയ്‌സ് ആന്റണി എന്നിവരെ അഭിനന്ദിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഇതിന് താഴെയാണ് ചിലര്‍ അധിക്ഷേപ കമന്റുകളുമായി എത്തിയത്. അജു വര്‍ഗീസ് മോശം സിനിമയെ പ്രമോട്ട് ചെയ്യുന്നു എന്നാണ് പ്രധാന വിമര്‍ശനം.

ഇതിന് മറുപടിയായി തന്റെ സിനിമയെ വിമര്‍ശിക്കാം എന്നും, താന്‍ ‘കാണുന്ന’ സിനിമയും മറ്റുള്ളവരുടെ ഇഷ്ടത്തിനാകണം എന്ന് വാശി പിടിക്കുന്നത് ശരിയാണോ എന്നും അജു വര്‍ഗീസ് ചോദിച്ചു.

‘അഹ് ഹാ.. എന്റെ സിനിമയെ എന്ത് വേണേലും പറയൂ, നല്ലതോ ചീത്തയോ.. പൂര്‍ണ അധികാരം ഉണ്ട് ഏവര്‍ക്കും. ഞാന്‍ ‘കാണുന്ന’ സിനിമയും മറ്റുള്ളവരുടെ ഇഷ്ടത്തിനാകണം എന്ന് വാശിപിടിക്കുന്നത് ശരിയാണോ എന്ന് ചിന്തിച്ചു നോക്കൂ,’ അജൂ വര്‍ഗീസ് പറഞ്ഞു.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം കഴിഞ്ഞ ദിവസമാണ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍,വിന്‍സി അലോഷ്യസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയാണ്.

എഡിറ്റര്‍ മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, മ്യൂസിക് യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കല അനീസ് നാടോടി, മേക്കപ്പ് ഷാബു പുല്‍പ്പള്ളി, കോസ്റ്റ്യൂംസ് മെല്‍വി.ജെ, പരസ്യകല ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്ത പ്രചരണം പി.ശിവപ്രസാദ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONTENT HIGHLIGHTS:  Actor Aju Varghese responds to criticisms below post praising Kanakam Kalaham Kamini movie