കഥ കേട്ടപ്പോള്‍ സംശയിച്ചെങ്കിലും നയന്‍താരയോടൊപ്പമുള്ള സിനിമ തള്ളിക്കളയാനായില്ല: പ്രണയകാലത്തിന് ശേഷം വന്നത് ചോക്ലേറ്റ് നായകന്‍ റോളുകള്‍; വിശേഷങ്ങളുമായി അജ്മല്‍ അമീര്‍
പ്രണയകാലം, മാടമ്പി, കോ തുടങ്ങി തമിഴിലും മലയാളത്തിലുമൊക്കെയായി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് അജ്മല്‍ അമീര്‍.
മിലിന്ദ് റാവു സംവിധാനം ചെയ്ത് നയന്‍താര കേന്ദ്രകഥാപാത്രമായ ‘നെട്രിക്കണ്ണ്’ ആയിരുന്നു അമീറിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. നയന്‍താരക്കൊപ്പം സിനിമ ചെയ്തതിന്റേയും മറ്റ് സിനിമാ വിശേഷങ്ങളും പങ്കുവെക്കുകയാണ് ഇപ്പോള്‍ അജ്മല്‍ അമീര്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
നെട്രിക്കണ്ണിന്റെ കഥ കേട്ടപ്പോള്‍ ചെയ്യാന്‍ പറ്റുമോ എന്ന് സംശയമുണ്ടായിരുന്നെന്നും എന്നാല്‍ നയന്‍താരയ്‌ക്കൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമായത് കൊണ്ടാണ് സിനിമ ചെയ്തതെന്നും അമീര്‍ പറയുന്നു.
”കഥ കേള്‍ക്കുമ്പോള്‍ ചെയ്യാന്‍ കഴിയുമോയെന്ന് സംശയിച്ചിരുന്നു. പ്രേക്ഷകര്‍ എന്റെ റോള്‍ സ്വീകരിക്കുമോ വെറുക്കുമോ എന്നൊക്കെ ഒരു നിമിഷം കണ്‍ഫ്യൂഷനും വന്നു.
എന്നാല്‍ നയന്‍താരയോടൊപ്പം തുല്യപ്രാധാന്യമുള്ള സിനിമ തള്ളിക്കളയാന്‍ കഴിഞ്ഞില്ല. തീവ്രമായ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണത്.
വേട്ടമൃഗത്തെപ്പോലെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ എന്റെ പേടിയൊക്കെ വെറുതെയായിരുന്നു. പ്രേക്ഷകര്‍ സിനിമകളെ കാണുന്ന രീതിയേ മാറിയിരിക്കുന്നു.
ഇതുവരെ സിനിമയെക്കുറിച്ച് നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. മിലിന്ദ് റാവുവിനും നയന്‍താരയ്ക്കുമൊപ്പമുള്ള സിനിമ വ്യത്യസ്തമായ അനുഭവമാണ് തന്നത്. കരിയറിലെ തന്നെ നല്ല കഥാപാത്രങ്ങളിലൊന്നാണിത്,” അജ്മല്‍ അമീര്‍ പറഞ്ഞു.
പ്രണയകാലം വിജയമായതിന് ശേഷം മലയാളത്തില്‍ നിന്നും ചോക്ലേറ്റ് നായകന്മാരുടെ വേഷങ്ങളാണ് വന്നതെന്നും അത്തരം വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെയ്യാനാഗ്രഹിച്ചിരുന്നെന്നും പിന്നീട് അന്യഭാഷാ സിനിമകളില്‍ നിന്നും നല്ല അവസരങ്ങള്‍ വന്നുവെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.
ആദ്യമൊക്കെ റോള്‍ ചോദിക്കാന്‍ മടിയായിരുന്നെന്നും എന്നാല്‍ എന്നാലിപ്പോള്‍ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകരോട് തുറന്ന് പറയാറുണ്ടെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.
നെട്രിക്കണ്ണില്‍ ഡോക്ടര്‍ ജെയിംസ് ദിന എന്ന സൈക്കോവില്ലന്‍ കഥാപാത്രത്തെയാണ് അമീര്‍ അവതരിപ്പിച്ചത്. സിനിമ വിജയമായതിനൊപ്പം തന്നെ അമീറിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഞ്ചാതെ, തിരു തിരു തിരു, ഇരവുക്ക് ആയിരം കണ്‍ഗള്‍, ദേവി 2, നുഗംബാക്കം, രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത അമ്മ രാജ്യം ലോ കടപ്പ ബിഡ്ഡലു എന്നിവയാണ് അമീറിന്റെ ശ്രദ്ധേയമായ മറ്റു സിനിമകള്‍.