തന്നെ ആദ്യമായി ഗിന്നസ് പക്രു എന്ന് വിളിക്കുന്നത് മമ്മൂട്ടിയാണെന്ന് നടന്‍ അജയ് കുമാര്‍. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റ് തന്റെ കയ്യില്‍ വെച്ച് തന്നിട്ടാണ് അദ്ദേഹം വിളിച്ചതെന്നുമാണ് അജയ് പറഞ്ഞത്.
ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് കിട്ടുന്നത് ചെറിയ കാര്യമല്ലെന്ന് പറഞ്ഞ് അദ്ദേഹമാണ് ആഘോഷമാക്കിയതെന്നും എല്ലാവരുടെയും കൂടെ നിന്നുകൊണ്ട് മമ്മൂട്ടി തനിക്ക് സര്‍ട്ടിഫിക്കറ്റ് തന്നുവെന്നും അജയ് കുമാര്‍ പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ഗിന്നസ് പക്രുയെന്ന് എന്നെ ആദ്യം വിളിക്കുന്നത് മമ്മൂക്കയാണ്. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡിന്റെ സര്‍ട്ടിഫിക്കറ്റ് എനിക്ക് കയ്യില്‍ വെച്ച് തന്നതും മമ്മൂക്കയാണ്. അതിന്റെ സീല്‍ പൊട്ടിച്ചിട്ട് ഇത് ചെറിയ കാരമല്ലെടാ വലിയ കാര്യമാണെന്നും ഇത് വെറുതെ പറയേണ്ട കാര്യമല്ലെന്നും ആഘോഷിക്കേണ്ടതാണെന്നും മമ്മൂക്ക അന്ന് എന്നോട് പറഞ്ഞു.
എനിക്ക് ഇത് ഇക്ക തന്നെ തരുമോയെന്ന് ഞാന്‍ അപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു. ആ സെക്കന്റില്‍ തന്നെ സെറ്റില്‍ അത്തരമൊരു സംവിധാനം ഉണ്ടായി. എല്ലാവരുടെയും കൂടെ നിന്നുകൊണ്ട് അന്ന് മമ്മൂക്ക എനിക്ക് ആ സര്‍ട്ടിഫിക്കറ്റ് തന്നു.
എന്റെ വീട്ടില്‍ വന്ന് ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു. അദ്ദേഹത്തെ പരിചയപ്പെട്ട അന്നു മുതല്‍ ഇന്ന് വരെ ഒരേ രീതിയില്‍ തന്നെയാണ് എന്നോട് പെരുമാറുന്നത്. അതില്‍ ഒരു കുറവും വന്നിട്ടില്ല. മനസില്‍ എവിടെയോ എനിക്ക് ഒരു സ്‌പേസ് അദ്ദേഹം തന്നിട്ടുണ്ട്,” അജയ് പറഞ്ഞു.
2008, 2013 വര്‍ഷങ്ങളിലായി രണ്ട് തവണയാണ് അജയ് കുമാര്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടിയത്. ഒരു മുഴുനീള സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന പേരിലാണ് ആദ്യം പുരസ്‌കാരം ലഭിച്ചത്.
മുഴുനീള സിനിമ സംവിധാനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ സംവിധായകനുള്ള പുരസ്‌കാരമാണ് 2013ല്‍ ലഭിച്ചത്. കുട്ടീം കോലും എന്നായിരുന്നു നടന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര്.
content highlight: actor ajay kumar about mammootty