Entertainment news
ശോഭനചേച്ചി എന്റെ മുന്നില്‍ നാഗവല്ലി കളിച്ചപ്പോള്‍ ഞാന്‍ പേടിച്ചുപോയി: ധ്യാന്‍ ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 05, 06:19 pm
Monday, 5th December 2022, 11:49 pm

ചെറുപ്പത്തില്‍ മണിച്ചിത്രത്താഴ് സിനിമ കണ്ടിട്ട് കുറച്ച് ദിവസം ഉറങ്ങാന്‍ പോലും പറ്റിയില്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അതിനുശേഷം ശോഭനയെ കാണുമ്പോള്‍ തനിക്ക് നാഗവല്ലിയെ ഓര്‍മ വരുമെന്നും ധ്യാന്‍ പറഞ്ഞു. വിനീത് സംവിധാനം ചെയ്ത തിര എന്ന സിനിമയില്‍ താന്‍ ശോഭനയുമായി അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം.

ഇന്ത്യന്‍ സിനിമ ഗാലറിക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മണിച്ചിത്രത്താഴ് ഞാന്‍ തിയേറ്ററില്‍ പോയികണ്ട സിനിമയാണ്. ആ സിനിമ കണ്ടിട്ട് കുറേ ദിവസം ഞാന്‍ ഉറങ്ങിയിട്ടില്ല. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചിലങ്കയുടെ ശബ്ദമൊക്കെ കേള്‍ക്കുമായിരുന്നു. മണിചിത്രത്താഴാണ് ഞാന്‍ ആദ്യം തിയേറ്ററില്‍ കണ്ട സിനിമ. എന്റെ ആദ്യ സിനിമ ഞാന്‍ ചെയ്യുന്നത് ശോഭനചേച്ചിയുടെ കൂടെയുമാണ്.

എനിക്ക് ശോഭനചേച്ചിയെ എന്റെ മുന്നില്‍ നാഗവല്ലിയായിട്ടാണ് കാണാന്‍ പറ്റുന്നത്. തിരയില്‍ ആദ്യ സീന്‍ ഞാന്‍ ചെയ്തത് പുള്ളിക്കാരിയുടെ കൂടെയാണ്. അപ്പോള്‍ എന്റെ മനസില്‍ ആദ്യം വരുന്ന ഫിഗര്‍ നാഗവല്ലിയുടേതായിരുന്നു. ചേച്ചി നോക്കുമ്പോഴൊക്കെ നാഗവല്ലി നോക്കുന്നതുപോലെ തോന്നും.

ചേച്ചിയുടെ ഒരു പ്രത്യേകതയാണത് ഒറ്റ സെക്കന്റില്‍ ചേച്ചിയുടെ കണ്ണുകള്‍ക്ക് മാറ്റം സംഭവിക്കും . പിന്നെ പുള്ളിക്കാരി ഡാന്‍സറൊക്കെ ആണല്ലോ. ഷൂട്ടിന്റെ സമയത്ത് ഏതോ ഒരു ദിവസം എന്റെ അടുത്ത് ചേച്ചി വന്നു. ഞങ്ങള്‍ക്ക് കഴിക്കാന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്തു എന്നുപറയാന്‍ ആണെന്ന് തോന്നുന്നു വന്നത്. എന്റെ അടുത്ത് വന്ന് കെ.എഫ്.സി പുടിക്കുമായെന്ന് തമിഴില്‍ ചോദിച്ചു.

ഞാന്‍ ആം എന്നുപറഞ്ഞു. ‘കെ എഫ് സി പുടിക്കുമാ പുടിക്കാതാ പുടിക്കുമാ പുടിക്കാതാ’ ഇങ്ങനെ ചോദിച്ചുകൊണ്ടിരുന്നു. എനിക്ക് മണിച്ചിത്രത്താഴിലെ സീനൊക്ക അപ്പോള്‍ ഓര്‍മ വന്നു. ശരിക്കും ചോദിക്കുന്നത് സ്‌നേഹം കൊണ്ടാണ്, പക്ഷെ നേരത്തെ പറഞ്ഞതുപോലെ ചേച്ചിയുടെ കണ്ണുകള്‍ക്ക് പെട്ടെന്ന് മാറ്റം സംഭവിക്കും. ആദ്യം നമ്മളൊന്ന് പേടിച്ചുപോകും,’ ധ്യാന്‍ പറഞ്ഞു.

അബ മവിസിന്റെ ബാനറില്‍ സാഗര്‍ സംവിധാനം ചെയ്യുന്ന വീകം ആണ് ധ്യാന്റെ ഏറ്റവും പുതിയ സിനിമ. സിദ്ദിക്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ഡെയിന്‍ ഡേവിസ്, ദിനേഷ് പ്രഭാകര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

content highlight: acor dhyan sreenivasan talks about shobhana