കോഴിക്കോട്: വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ഇക്കാലമത്രയും പാര്‍ട്ടിക്ക് വേണ്ടി ചെയ്ത സേവനങ്ങളുടെ അംഗീകാരം തന്നെയാണിതെന്നും പി.എം.എ സലാം. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
‘ ഈ തീരുമാനം പാര്‍ട്ടിക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാനുള്ള പ്രചോദനം നല്‍കുന്നു. പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഊര്‍ജസ്വലമായി പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് നില്‍ക്കാനുള്ള പ്രചോദനമാണിത്,’ അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സമാധാനപരമായി ഭാരവാഹികളെ തെരഞ്ഞെടുക്കുകയായിരുന്നു എന്നും സലാം കൂട്ടിച്ചേര്‍ത്തു.
‘25000 മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ ശാഖാതലങ്ങളില്‍ നിന്ന് ശാസ്ത്രീയമായി വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കൗണ്‍സിലര്‍മാര്‍ യോഗം ചേരുകയും ആ യോഗത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു.
കമ്മിറ്റി തെരഞ്ഞെടുപ്പിന് മുന്നേ തന്നെ സാദിഖലി തങ്ങള്‍ പ്രക്രിയകള്‍ ആരംഭിച്ചിരുന്നു.
നിലവിലുള്ള സംസ്ഥാന ഭാരവാഹികളെ മുഴുവന്‍ വിളിച്ച് വരുത്തി അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ഇന്ന് ഉന്നത നേതാക്കളുമായും വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ആ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ബഹുമാനപ്പെട്ട തങ്ങള്‍ അവര്‍കളും പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ പാനല്‍ അവതരിപ്പിച്ചു. ഏകകണ്‌ഠേന തെരഞ്ഞെടുത്തു.
ഇനി വരുന്ന നാല് വര്‍ഷങ്ങളില്‍ ഈ പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതുതായി ആറ് പേര്‍ ഭാരവാഹികളായി വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.