ഗസ: ഇസ്രഈലി തടവറകളില്‍ ഫലസ്തീന്‍ പൗരന്മാര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ട്. അടുത്തിടെ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം സ്വതന്ത്രരാക്കപ്പെട്ട ഫലസ്തീനി തടവുകാരാണ് തങ്ങള്‍ ഇസ്രഈല്‍ തടവറകളില്‍ കടുത്ത പീഡനം നേരിട്ടതായി അല്‍ ജസീറയോട് വെളിപ്പെടുത്തിയത്.
ശനിയാഴ്ച ഇസ്രഈലി ജയിലുകളില്‍ നിന്ന് മോചിപ്പിക്കപ്പെട്ട നൂറുകണക്കിന് ഫലസതീന്‍ തടവുകാരില്‍ ഭൂരിഭാഗം പേരും കടുത്ത പീഡനവും പട്ടിണിയും നേരിട്ടതായി ഫലസ്തീന്‍ തടവുകാരുടെ സൊസൈറ്റി വെളിപ്പെടുത്തിയിരുന്നു.
തടവുകാരില്‍ പലരേയും നഗ്നരായി വെള്ളത്തിലൂടെ നടപ്പിച്ച് ഷോക്കടിപ്പിച്ചതായും മര്‍ദിച്ച് അംഗഭംഗം വരുത്തിയതായും ഫലസ്തീന്‍ പൗരനായ അബു തിവാല അല്‍ ജസീറയോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചതിന്റെ പാടുകളുണ്ടായിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രഈല്‍ സേനയുടെ ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ കണ്ണിനും പരിക്കേറ്റിട്ടുണ്ട്.
മര്‍ദനത്തിന് പുറമെ പട്ടിണിയേയും ഇസ്രഈല്‍ സൈന്യം തടവുകാരെ പീഡിപ്പിക്കാനുള്ള മാര്‍ഗമായി ഉപയോഗിച്ചിട്ടുണ്ട്. ഭക്ഷണത്തിലേക്ക് ഷാംപൂ ഒഴിച്ച് പലപ്പോഴും പട്ടിണിക്കിട്ടു. വിട്ടയക്കുന്ന ദിവസം വരെ ഈ പീഡനങ്ങള്‍ തുടര്‍ന്നിരുന്നു. ഒരു ശ്മശാനത്തിലെത്തിയ പോലെയാണ് ഇസ്രഈല്‍ തടവറകളില്‍ അനുഭവപ്പെട്ടതെന്നായിരുന്നു മറ്റൊരു ഫലസ്തീനി യുവതി പറഞ്ഞത്.
ഹമാസും ഇസ്രഈലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി, 183 ഫലസ്തീനികളെയാണ് ശനിയാഴ്ച്ച ഇസ്രഈല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചത്. കറപിടിച്ച ചാരനിറത്തിലുള്ള ജയില്‍ ജമ്പ്സ്യൂട്ട് ധരിച്ചാണ് ഇവര്‍ പുറത്തുവന്നത്.
‘കഴിഞ്ഞ 15 മാസമായി ഞങ്ങള്‍ ഏറ്റവും ക്രൂരമായ പീഡനത്തിന് വിധേയരായി. ഇസ്രഈലികള്‍ ഞങ്ങളോട് മനുഷ്യത്വരഹിതമായ രീതിയിലാണ് പെരുമാറിയത്. അവര്‍ മൃഗങ്ങളോട് ഞങ്ങളേക്കാള്‍ നന്നായി പെരുമാറി,’ മോചിതരായ പലസ്തീനികളില്‍ ഒരാള്‍ പറഞ്ഞു.
കെറ്റ്‌സിയോട്ട് ജയിലില്‍ നിന്ന് മോചിതരായ തടവുകാരെ ഇസ്രഈല്‍ ജയില്‍ സര്‍വീസ് കൈകാര്യം ചെയ്ത രീതിയില്‍ റെഡ് ക്രോസ് ജീവനക്കാര്‍ ശനിയാഴ്ച രോഷം പ്രകടിപ്പിച്ചതായി ഇസ്രഈലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ഹമാസ് ബന്ദികളെ സ്വര്‍ണ മോതിരം നല്‍കി പറഞ്ഞയച്ചപ്പോള്‍ ഇസ്രഈലികള്‍ ഫലസ്തീന്‍ തടവുകാരോട് ചെയ്ത ക്രൂരതകള്‍ ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ രീതിയില്‍ ഇസ്രഈലിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.
Content Highlight: Acid was poured on the wounds, shocked, and bitten by the dog; Palestinians faced severe human rights violations in Israeli prisons