സൂപ്പര്‍ താരം മെസിയെ പുകഴ്ത്തി മൊറോക്കന്‍ സൂപ്പര്‍ താരവും പി.എസ്.ജിയില്‍ അര്‍ജന്റൈന്‍ നായകന്റെ സഹതാരവുമായിരുന്ന അഷ്‌റഫ് ഹാക്കിമി. മെസിയുടെ സിംപ്ലിസിറ്റി തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹവുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമാണെന്നും ഹാക്കിമി പറഞ്ഞു.
2021ല്‍ എല്‍ എക്വിപ്പെക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹാക്കിമി മെസിയെ കുറിച്ച് സംസാരിച്ചത്.
‘മെസിയുമായി ഒരു ടെക്‌നിക്കല്‍ ബന്ധം ഉണ്ടാക്കിയെടുക്കാന്‍ ഏറെ എളുപ്പമാണ്. ഞാന്‍ അദ്ദേഹത്തിന് പന്ത് പാസ് ചെയ്ത് മുന്നോട്ടോടിയാല്‍, പന്ത് എവിടെയെത്തണമോ അവിടേക്ക് തന്നെ അദ്ദേഹമത് എത്തിക്കും. അദ്ദേഹമത് ചെയ്യുമ്പോള്‍ എപ്പോഴും എനിക്ക് അത്ഭുതമാണ്. അദ്ദേഹം വളരെയധികം സിംപിളാണ്, ശാന്തനാണ്,’ ഹാക്കിമി പറഞ്ഞു.
ഡ്രസ്സിങ് റൂമിലും അദ്ദേഹം ശാന്തനായിരുന്നുവെന്നും ഹാക്കിമി കൂട്ടിച്ചേര്‍ത്തു.
മെസി ബാഴ്‌സ വിടുമെന്ന് താന്‍ ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ലെന്നും മെസിക്കൊപ്പം കളിച്ചത് സ്വപ്‌നതുല്യമായ നേട്ടമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘അദ്ദേഹം ബാഴ്‌സ വിടുമെന്ന് മറ്റുള്ളവരെ പോലെ ഞാനും ഒരിക്കല്‍പ്പോലും കരുതിയിരുന്നില്ല. അദ്ദേഹം ഇവിടേക്ക് (പി.എസ്.ജി) വരുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഏറെ സന്തോഷിച്ചു. എന്താണ് പറയുക, എന്നെ സംബന്ധിച്ച് അതൊരു സ്വപ്‌നമായിരുന്നു.
ഞാന്‍ ഒരുപാട് താരങ്ങള്‍ക്കൊപ്പം കളിച്ചിരുന്നു, എന്നാല്‍ ഇക്കാലമത്രെയും അദ്ദേഹത്തിനൊപ്പം കളിക്കാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹത്തെ പോലെ ഒരു മികച്ച ഫുട്‌ബോളര്‍ക്കൊപ്പം കളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു,’ ഹാക്കിമി കൂട്ടിച്ചേര്‍ത്തു.
2021ലെ സമ്മര്‍ ട്രാന്‍സ്ഫറിലാണ് ഹാക്കിമി പാരീസ് സെന്റ് ജെര്‍മെയ്‌നിലെത്തുന്നത്. 68 മില്യണ്‍ യൂറോക്കാണ് ഇന്റര്‍ മിലാനില്‍ നിന്നും മൊറോക്കന്‍ സൂപ്പര്‍ താരം പാര്‍ക് ഡെസ് പ്രിന്‍സെസിലെത്തുന്നത്. പി.എസ്.ജിക്കായി കളിച്ച 125 മത്സരത്തില്‍ നിന്നും 15 ഗോളും 21 അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്.
ഹാക്കിമിയെ സ്വന്തമാക്കിയ അതേ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് പി.എസ്.ജി മെസിയെയും സ്വന്തമാക്കിയത്. ബാഴ്‌സലോണയില്‍ നിന്നുമാണ് താരം പാരീസിലെത്തിയത്.
ടീമിനൊപ്പം 75 മത്സരത്തില്‍ കളത്തിലിറങ്ങിയ മെസി 32 ഗോള്‍ നേടുകയും 35 തവണ ഗോളിന് അവസരമൊരുക്കുകയും ചെയ്തു.
മെസിക്കൊപ്പം 59 മത്സരത്തില്‍ ഹാക്കിമി പി.എസ്.ജിക്കായി കളത്തിലിറങ്ങി. ഹാക്കിമിയുടെ അസിസ്റ്റില്‍ ഒരിക്കല്‍ മെസി ഗോള്‍ നേടുകയും ചെയ്തു. പി.എസ്.ജിക്കൊപ്പം രണ്ട് ലീഗ് വണ്‍ കിരീടവും ഒരു ഫ്രഞ്ച് സൂപ്പര്‍ കപ്പും ഇരുവരും ചേര്‍ന്ന് സ്വന്തമാക്കി.
Content highlight: Achraf Hakimi about Lionel Messi