ന്യൂദല്‍ഹി: ക്യാമ്പസില്‍ സ്ഥാപിച്ചിരുന്ന പെരിയാര്‍, ഭഗത് സിങ്, അംബേദ്കര്‍, കാള്‍ മാര്‍ക്‌സ്, സാവിത്രഭായ് ഫുലെ എന്നിവരുടെ ചിത്രങ്ങള്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ തകര്‍ത്തതായി ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. നേരത്തെ തന്നെ ക്യാമ്പസില്‍ എ.ബി.വി.പിയും ഇടതുപക്ഷ വിദ്യാര്‍ത്ഥി യൂണിയനും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പസിലെ സമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളുടെ ചിത്രങ്ങള്‍ എ.ബി.വി.പി തകര്‍ത്തത്.
ക്യാമ്പസിലെ വിദ്യാര്‍ത്ഥി ഐക്യം തകര്‍ക്കാനാണ് എ.ബി.വി.പിയുടെ ശ്രമമെന്നും ഇത് അനുവദിക്കില്ലെന്നും ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു.
The ABVP should know that JNU is not a space for violence. ABVP is trying to disturb the communal harmony inside campus which will not be tolerated at any cost. Condemning the vandalism in SU office and violence on the student community in the strongest possible terms. pic.twitter.com/OBAv2gslfv
— Aishe (ঐশী) (@aishe_ghosh) February 20, 2023
ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനമായ ഞായറാഴ്ച എ.ബി.വി.പി അദ്ദേഹത്തിന്റെ ചിത്രത്തിന് പുഷ്പചക്രം സമര്‍പ്പിക്കുന്ന ചടങ്ങ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പസില്‍ പ്രതിഷേധം ശക്തമായത്.
ഇടതുപക്ഷ സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ ശിവജി മഹാരാജിന്റെ ചിത്രം ചുമരില്‍ നിന്നും നീക്കം ചെയ്‌തെന്നും മാല നശിപ്പിച്ചെന്നുമാരോപിച്ച് എ.ബി.വി.പി രംഗത്തെത്തിയിരുന്നു. ശിവജിയുടെ ചിത്രം പ്രവര്‍ത്തകര്‍ വീണ്ടും പതിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ഇടതുപക്ഷ സംഘടന വിദ്യാര്‍ത്ഥികള്‍ തങ്ങളെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നുമാണ് എ.ബി.വി.പിയുടെ വാദം.
‘രാജ്യത്തിന്റെ പ്രത്യയശാസ്ത്രത്തിന് എതിരായ ചിന്തകള്‍ പുലര്‍ത്തുന്ന കാള്‍ മാര്‍ക്‌സ്, ലെനിന്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ യൂണിയന്‍ ഓഫീസിന്റെ ചുമരില്‍ വര്‍ഷങ്ങളായി സ്ഥാപിച്ചിട്ടും ആര്‍ക്കും പരാതിയില്ല. കഴിഞ്ഞ വര്‍ഷം മഹാറാണ പ്രതാപിന്റെ ചിത്രം പതിപ്പിച്ചതിന് ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ മര്‍ദ്ദിച്ചു. തങ്ങളെ അല്ലാതെ മറ്റാരെയും അംഗീകരിക്കാനാകാത്ത സ്വഭാവമാണ് ഇടതുപക്ഷത്തിന്,’ ജെ.എന്‍.യു എ.ബി.വി.പി പ്രസിഡന്റ് രോഹിത് കുമാര്‍ പറഞ്ഞു.
Content Highlight: ABVP vandalized icons of social reformers including periyar and ambedkar placed in JNU campus, says reports