പ്രവാസികളുടെ മരണാനന്തര ചെലവുകള്‍ ഒഴിവാക്കി അബുദാബി
World News
പ്രവാസികളുടെ മരണാനന്തര ചെലവുകള്‍ ഒഴിവാക്കി അബുദാബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2024, 5:03 pm

അബുദാബി: രാജ്യത്തെ പ്രവാസികളുടെ മരണാനന്തരമുള്ള നടപടികളുടെ ചെലവുകള്‍ ഒഴിവാക്കി അബുദാബി. മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിങ്, ആംബുലന്‍സ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്കുള്ള ഫീസാണ് ഒഴിവാക്കിയത്.

ഇവയ്ക്ക് ഈടാക്കുന്ന ഫീസുകള്‍ ആരോഗ്യ വകുപ്പ് പൂര്‍ണമായും ഒഴിവാക്കിയെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു. അല്‍ ഐന്‍ പടിഞ്ഞാറന്‍ മേഖലകളിലാണ് തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.

മരണ സര്‍ട്ടിഫിക്കറ്റിന് 103 ദിര്‍ഹവും ആംബുലന്‍സ്, കഫിന്‍ ബോക്സ് ഉള്‍പ്പെടെ എംബാമിങ് സര്‍ട്ടിഫിക്കറ്റിന് 1106 ദിര്‍ഹവുമാണ് അബുദാബി ഈടാക്കിയിരുന്നത്. സ്വദേശികളുടെ മരണ സര്‍ട്ടിഫിക്കറ്റിന് ഈടാക്കിയിരുന്ന 53 ദിര്‍ഹവും ഒഴിവാക്കിയിട്ടുണ്ട്. അബുദാബി എമിറേറ്റിലുള്ളവര്‍ക്കാണ് ഈ നടപടി ബാധകമാകുക.

ഏത് രാജ്യക്കാരായ പ്രവാസികള്‍ അബുദാബിയില്‍ മരണപ്പെട്ടാലും ഈ ആനുകൂല്യം ലഭിക്കും. അതേസമയം മറ്റുള്ള എമിറേറ്റുകളില്‍ നിലവിലെ നടപടിക്രമങ്ങള്‍ തുടരുമെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വിദേശത്ത് നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വിമാന നിരക്ക് ഉള്‍പ്പെടെ വന്‍തുക വഹിക്കേണ്ട സാഹചര്യത്തിലാണ് അബുദാബിയുടെ നിര്‍ണായക തീരുമാനം. എന്നാല്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവുകളില്‍ മാറ്റം വരുത്തിയിട്ടില്ല. എയര്‍പോര്‍ട്ട് ഹാന്‍ഡ്‌ലിങ് ചാര്‍ജ്, കാര്‍ഗോ ഫീസ് തുടങ്ങിയ ഇനങ്ങളില്‍ വന്‍തുകയാണ് വഹിക്കേണ്ടി വരുന്നത്.

Content Highlight: Abu Dhabi has waived post-mortem expenses of expatriates