നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ചെത്തുന്ന മഹാവീര്യർക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈൻ ആണ്. അദ്ദേഹവും നിവിനും തമ്മിലുള്ള സൗഹൃദവും അവരൊന്നിച്ച് ചെയ്യുന്ന സിനിമകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
1983, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകൾ അവരുടെ കൂട്ടുകെട്ടിന്റെ ഭാഗമായി പുറത്തിറങ്ങിയവയാണ്. ഈ ചിത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ പോളിയെ കുറിച്ച് സംസാരിക്കുകയാണ് എബ്രിഡ് ഷൈൻ ഇപ്പോൾ. ഡയറക്ടർ എന്ത് പറയുന്നെന്ന് ശ്രദ്ധാപൂർവ്വം കേൾക്കുകയും അതിനനുസരിച്ച് അഭിനയിക്കുകയും ചെയ്യുന്ന ആളാണ് നിവിൻ എന്നും വളരെ സ്വഭാവികമായ ഒരു ഒഴുക്ക് അദ്ദേഹത്തിനുണ്ടെന്നുമാണ് എബ്രിഡ് ഷൈൻ പറഞ്ഞത്.
‘1983 എന്ന സിനിമ മുതൽ മുതൽ ഒരു ഡയറക്ടർ എന്ത് പറയുന്നോ അത് കേൾക്കുന്ന ആളാണ് നിവിൻ. ഡയറക്ടർ എന്ത് പറയുന്നെന്ന് ശ്രദ്ധാപൂർവ്വം കേൾക്കുകയും അതിനനുസരിച്ച് അഭിനയിക്കുകയും ചെയ്യുന്ന ആളാണ്. വളരെ സ്വഭാവികമായ ഒരു ഒഴുക്കുള്ള മനുഷ്യനാണ് അദ്ദേഹം. അഭിനയത്തിൽ ആണെങ്കിലും സ്വഭാവികമായ ഒരു ഒഴുക്ക് നിവിനുണ്ട്.
ആ ഒഴുക്കിൽ തന്നെയാണ് നിവിൻ ഇപ്പോഴും. ആക്ടിങ്ങിന് വേണ്ടി അങ്ങനെ ഒരുപാട് എഫേർട്ട് എടുക്കുന്ന ആളല്ല അദ്ദേഹം. അന്നും ഇന്നും അതിലൊരു മാറ്റവുമില്ല. അതുകൊണ്ടാണ് നിവിനെ ആളുകൾക്ക് ഇഷ്ടമാവുന്നത്. കാരണം നിവിന്റെ കുസൃതി ഇഷ്ടമായ ആളുകളുണ്ട്. നിവിനെ കൃത്യമായി അറിയുന്ന സിനിമക്കാരാണെങ്കിൽ നിവിനെ ആ വഴിക്ക് വിട്ടാൽ മതി,’ എബ്രിഡ് പറഞ്ഞു.
എബ്രിഡ് ഷൈനും നിവിൻ പോളിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് മഹാവീര്യർ. ചിത്രത്തിന്റെ പോസ്റ്ററും ട്രെയ്‌ലറുമൊക്കെ വന്നതിനു ശേഷം പ്രേക്ഷകർ മഹാവീര്യരുടെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. തികച്ചും വ്യത്യസ്തമായ വേഷമാണ് നിവിൻ ഈ ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ഒരു സന്യാസിയുടെ റോളിലാണ് നിവിന്റെ വരവ്.
വലിയ ഒരിടവേളക്ക് ശേഷം നിവിന്റെ തിയേറ്ററിലിറങ്ങുന്ന ചിത്രമാണ് മഹാവീര്യർ. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അദ്ദേഹവും അണിയറപ്രവർത്തകരും. നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്ചേഴ്സിന്റേയും ഇന്ത്യന്‍ മൂവി മേക്കേഴ്സിന്റേയും ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഫാന്റസി ടൈം ട്രാവല്‍ ജോണറിലാണ് ചിത്രം സഞ്ചരിക്കുന്നത്.
Content Highlight: Abrid Shine talking about acting style of Nivin Pauly