മനുഷ്യമനസ്സുകളില്‍ കുമിഞ്ഞുകൂടിയ വെറുപ്പും, അമര്‍ഷവും തുടച്ചുമാറ്റാന്‍ 'മേരേ ഘര്‍ ആകെ തോ ദേഖോ'
details
മനുഷ്യമനസ്സുകളില്‍ കുമിഞ്ഞുകൂടിയ വെറുപ്പും, അമര്‍ഷവും തുടച്ചുമാറ്റാന്‍ 'മേരേ ഘര്‍ ആകെ തോ ദേഖോ'
ഹരിദാസ് കൊളത്തൂര്‍
Wednesday, 22nd November 2023, 7:19 pm

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ (ഓഗസ്റ്റ് 15ന്) ആരംഭിച്ച ഒരു ദേശീയ പ്രചരണ പരിപാടിയുടെ പേരാണ് ‘മേരേ ഘര്‍ ആകെ തോ ദേഖോ’. ഒറ്റ നോട്ടത്തില്‍ നാം മലയാളികള്‍ക്ക് ഈ ശീര്‍ഷകം വിചിത്രമായി തോന്നാം. ശീര്‍ഷകത്തെ പോലെ തന്നെ, ഈ പ്രചരണ പരിപാടിയും സാധാരണ നാം കണ്ടു പരിചയിച്ചതില്‍ നിന്ന് ഏറെ വ്യത്യസ്തവും, പുതുമയുള്ളതുമാണ്.

ഈ പരിപാടിയുടെ ആലോചന നടക്കുന്നത് തലസ്ഥാന നാഗരിയായ ഡല്‍ഹിയില്‍ വെച്ചാണ്. ഒരുകൂട്ടം മനുഷ്യാ വകാശ പ്രവര്‍ത്തകരും, എഴുത്തുകാരും, ബുദ്ധിജീവികളും, മനഃശാസ്ത്ര വിദഗ്ദരുമെല്ലാം ചേര്‍ന്നാണ് ഈ പ്രചരണ പരിപാടിക്ക് രൂപം നല്‍കുന്നത്. ധീര രക്തസാക്ഷിയായ തെരുവുനാടക പ്രവര്‍ത്തകന്‍ (ജനനാട്യ മഞ്ചിന്റെ സ്ഥാപകന്‍), സഫ്ദര്‍ ഹാഷ്മിയുടെ സഹോദരി ഷബ്‌നം ഹാഷ്മിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഈ ക്യാമ്പയിന്‍ ഇന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

നമ്മുടെ കേരളത്തിലും, സ്വാതന്ത്ര്യദിനത്തില്‍, അഞ്ചു ജില്ലകളില്‍, എട്ടു കേന്ദ്രങ്ങളിലായി, ‘ദേശീയ മാനവ സൗഹൃദ വേദി’ എന്ന പേരില്‍ ഈ പ്രചരണ പരിപാടി ഉത്ഘാടനം ചെയ്യപ്പെട്ടു.

കേരളത്തിലെ പ്രശസ്ത സാഹിത്യ, സാംസ്‌കാ രിക നായകന്മാരായ ശ്രീ. കെ. സച്ചിദാനന്ദന്‍, ഡോ. ഖദീജ മുംതാസ്, ശിഹാബുദ്ദിന്‍ പൊയ്ത്തുംകടവ്, റഫീക് അഹമ്മദ്, വി. കെ. ശ്രീരാമന്‍, ഡോ. ടി. എസ്. ശ്യാംകുമാര്‍ തുടങ്ങിയ സമൂഹ ത്തിന്റെ വിവിധ മേഖലകളില്‍ പെട്ട നിരവധി പേര്‍ ഈ പ്രചാരണ പരിപാടി യുമായി സഹകരിക്കു കയും, ദിശാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

കേരളത്തിന്റെ എല്ലാ ജില്ലകളിലും സംഘാടക സമിതി രൂപീകരി ക്കുകയും പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍. രാജ്യത്തിന്റെ ഇതരസംസ്ഥാന ങ്ങളിലും ഇതുപോലെ നാഷണല്‍ ക്യാമ്പയിന്റെ ഭാഗമായി ജനസമ്പര്‍ക്ക പരിപാടികള്‍ സജീവമായി പുരോഗമിച്ചു കൊണ്ടിരിക്കുന്നു .

നമ്മുടെ രാജ്യത്ത് അനുദിനം ശക്തിയാര്‍ജിച്ചു വരുന്ന വര്‍ഗീയ ഫാസിസത്തെ, വിഭജന, വിഘടന വാദത്തെ, വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ എങ്ങിനെ സ്‌നേഹം കൊണ്ടും പരസ്പര വിശ്വാസം കൊണ്ടും പരാജയപ്പെടുത്താമെന്ന അന്വേഷണത്തില്‍ നിന്നും, ആലോചനയില്‍ നിന്നുമാണ് , ‘മേരേ ഘര്‍ ആകെ തൊ ദേഖോ’ എന്ന ഈ ദേശീയ പ്രചരണ പരിപാടി (നാഷണല്‍ ക്യാമ്പയിന്‍) ആരംഭിക്കുന്നത്.

മനുഷ്യ മനസ്സുകളില്‍ മതത്തിന്റെയും, ജാതിയുടെയും പേരില്‍ വെറുപ്പ് നിറച്ച്, പരസ്പരം ഭിന്നിപ്പിച്ചു അതില്‍നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തി ഭരണ ത്തിലേറിയവര്‍, ഭരണം നില നിര്‍ത്താനും, വീണ്ടും അധികാരത്തി ലെത്താനും വേണ്ടി നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയുടെയും, മതേതരത്വത്തിന്റെയും കടക്കല്‍ കത്തി വെച്ചുകൊണ്ടേയിരിക്കുന്നു.

നമ്മുടെ രാജ്യത്ത്, പ്രത്യേകിച്ചും, വടക്കേ ഇന്ത്യയില്‍, മത ന്യൂനപക്ഷങ്ങളുടെയും, ദളിതരുടെയും, സ്ത്രീകളുടെയും ജീവിതം അനുദിനം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നമുക്ക് ഇതിന്റെ തീക്ഷ്ണത അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാനാകില്ല. എന്തെന്നാല്‍ കേരളം, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ വര്‍ഗീയതക്കും ഫാസിസത്തിനും, വിഘടന/വിഭജന വാദത്തിനും അത്ര വളക്കൂറുള്ള മണ്ണല്ല. അതിന് ചരിത്രപരമായ കാരണങ്ങളുമുണ്ട്.

അതിന്റെ വിശദംശങ്ങളിലേക്ക് കടക്കാന്‍ ഈ ചെറുകുറിപ്പില്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ കേരളത്തില്‍ പോലും ഇന്ന് വര്‍ഗീയ രാഷ്ട്രീയത്തിന്, പാര്‍ലിമെന്ററി പ്രാതിനിധ്യം ഇല്ലെങ്കിലും, ജന്മനസ്സുകളില്‍ വര്‍ഗീയ വിഷം കുത്തിവെക്കുന്ന കാര്യത്തില്‍ അവര്‍ വിജയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കേരള സമൂഹവും ജാഗരൂകരായിരി ക്കേണ്ടതുണ്ട്. ഇന്ത്യയിലെ കോര്‍പ്പറേറ്റുകളും വര്‍ഗീയ ഫാസിസവുമായി കൈകോര്‍ത്തിരിക്കുകയാണ്.

തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ പോലും പലയിടത്തും, ഒരു മുസ്ലിം നാമധാരിക്ക് വാടകക്ക് വീട് ലഭിക്കാത്ത അവസ്ഥയുണ്ട്. ഭക്ഷണത്തിന്റെ, വസ്ത്രധാരണത്തിന്റെ, ആചാരങ്ങളുടെയൊക്ക പേരില്‍ അവരെ ഒറ്റപ്പെടുത്തുന്നു. നിസ്സഹായരായ ഇവര്‍ മറ്റു ജനവിഭാഗങ്ങളില്‍ നിന്നകന്നു അവരുടേതായ കോളനികളില്‍ ഒറ്റപ്പെട്ടു ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ഉദാഹരണത്തിന്, ഡല്‍ഹിയിലെ ജാമിയ നഗര്‍, നിസാമുദ്ദിന്‍ ബസ്തി, ജമാമസ്ജിദ്, ഷാഹീന്‍ ബാഗ് എന്നീ പ്രദേശങ്ങള്‍ മുസ്ലിങ്ങള്‍ മാത്രം തിങ്ങിപ്പാര്‍ക്കുന്ന കോളനികളാണ്. ഇവിടേക്ക് അന്യമത സ്ഥര്‍ പോവുകയോ, അവരുമായി ഇടപഴകു കയോ ഇല്ല. മാത്രമല്ല ഇവരെ രാജ്യദ്രോഹികളായും, ആതങ്കവാദി (extremists) കളായും മുദ്രകുത്തി ഒറ്റപ്പെടുത്തുകയും വെറുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവരുടെ വീടുകളില്‍ ബോംബ് നിര്‍മാണം നടക്കുന്നതായും, ആയുധ ശേഖരം ഉള്ളതായും നുണപ്രചാരണം നടത്തി അവരെ വേട്ടയാടുന്നു.

അതുപോലെ, വാല്മീകി കോളനി, അംബേദ്കര്‍നഗര്‍, ലളിത്പൂര്‍ എന്നീ പ്രദേശങ്ങള്‍ ദളിതര്‍ കൂട്ടത്തോടെ താമസി ക്കുന്ന ഇടങ്ങളാണ്. ഇവിടെയെല്ലാം ഇടയ്ക്കിടെ പോലീസ് റെയിഡ് നടക്കുന്നത് സര്‍വസാധാരണം. ഇവിടെയുള്ള യുവാക്കളെ UAPA, NIA തുടങ്ങിയ കരിനിയ മങ്ങള്‍ ചാര്‍ത്തി ജയിലി ലടക്കുന്നു. ദുരഭിമാനി ക്കൊലകളും, ഖാപ്പ് പഞ്ചായത്ത് ചേര്‍ന്നുള്ള ദളിത് പീഡനങ്ങളും ഉത്തര്‍പ്രദേശ്, ബീഹാര്‍ പോലുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ ഒരു
വാര്‍ത്ത പോലുമല്ല .

ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെയും, എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ത്തുന്നവരെയും ജയിലികടക്കുന്നു. മാധ്യമ രംഗത്ത് ഇന്ന് ഭരണകൂട സ്തുതിപാഠകര്‍ മാത്രമാണുള്ളത്. മിക്ക മാധ്യമ സ്ഥാപനങ്ങളെയും കോര്‍പ്പറേറ്റ്കളുടെ സഹായത്തോടെ ഭരണകൂടം വിലക്ക് വാങ്ങിക്കഴിഞ്ഞു. അപ്രഖ്യാപിത അടിയന്തരാവസ്ഥ പോലുള്ള ഒരു രാഷ്ട്രീയ കാലാ വസ്ഥയിലൂടെയാണ് നമ്മുടെ രാജ്യമിന്നു കടന്നു പോകുന്നത്. ഏറ്റവും പുതിയ ഉദാഹരണം ന്യൂസ് ക്ലിക്ക് എന്ന മാധ്യമ സ്ഥാപനത്തിന്റെ തലവനായ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് ആണ്. അങ്ങിനെ ഭരണ കൂടത്തിന്റെ ഫാസിസ്റ്റു പ്രവണതകളെ ചോദ്യം ചെയ്യുന്ന, അവശേഷി ക്കുന്ന മാധ്യമ പ്രവര്‍ത്തകരെക്കൂടി UAPA, NIA പോലുള്ള കരിനിയമങ്ങള്‍ ചുമത്തി രാജ്യ ദ്രോഹക്കുറ്റമാരോപിച്ച് തുറുങ്കലിലടക്കുന്നു.

ഒറ്റപ്പെട്ടു ജീവിക്കുന്ന ന്യുനപക്ഷങ്ങളുടെയും, ദളിതരുടെയും വീടുകള്‍ അന്യ മതത്തിലും, സമുദായത്തിലും പെട്ടവര്‍ സന്ദര്‍ശിക്കുകയും, അവരെ തിരിച്ചു വീടുകളിലേക്ക് ക്ഷണിക്കുകയും, അങ്ങിനെ പരസ്പരം കൂടുതല്‍ മനസ്സിലാക്കി മനുഷ്യമനസ്സുകളില്‍ കുമിഞ്ഞുകൂടിയ വെറുപ്പും, അമര്‍ഷവും തുടച്ചുമാറ്റുകയും ചെയ്യുക എന്നതാണ് ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.

വടക്കേ ഇന്ത്യയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇങ്ങിനെ പരസ്പരം സന്ദര്‍ശിച്ചു കഴിഞ്ഞു. ഇപ്പോഴും ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പരസ്പരം തെറ്റിദ്ധാരണകള്‍ മാറ്റാനും സ്‌നേഹിക്കാനും, പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കാനും ഈരീതിയിലുള്ള ക്യാമ്പയിന്‍ സഹായിക്കുന്നു.

നമ്മുടെ രാഷ്ട്രത്തെ ഒരു മത/ഹിന്ദു രാഷ്ട്രമാക്കാനുള്ള വളരെ ആസൂത്രിതമായ ശ്രമത്തെ എതിര്‍ത്തു തോല്‍പിക്കണമെങ്കില്‍ ജാതി, മത, കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി, പൊതു പൗര സമൂഹം ( Civil Society ) ഉണര്‍ന്ന് പ്രതിരോധം തീര്‍ക്കേണ്ടതുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങിനെയൊരു ദേശീയ പ്രചരണ പരിപാടി ദേശവ്യാപ കമായി ആരംഭിച്ചത്. കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ വര്‍ഗീയ രാഷ്ട്രീയത്തെ അടിയറവു പറയി പ്പിച്ചതില്‍ പൊതു പൗരസമിതി (സിവില്‍ സൊസൈറ്റി) സംഘടനായായ ‘എ ദ്ധളു കന്നഡ ‘ ക്കു വലിയ പങ്കുവഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

തിരിച്ചു കേരളത്തിലെ പ്രചാരണ പരിപാടിയിലേക്ക് തന്നെ വരാം. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നാഷണല്‍ ക്യാമ്പയിന്റെ പ്രവര്‍ത്തകര്‍ക്കായി ഓകോബര്‍ 30 ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമിയുടെ മെയിന്‍ ഹാളില്‍ ഒരു ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. എണ്‍പതോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത ശില്പശാല, എഴുത്തുകാരനും, പ്രഭാഷകനുമായ ഡോ. ടി. എസ്. ശ്യാംകുമാര്‍ ഉത്ഘാടനം ചെയ്തു. ശ്രീ കെ. സച്ചിദാനന്ദന്‍, ഖദീജ മുംതാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ നാഷണല്‍ ക്യാമ്പയിന്റെ ഭാവിപരിപാടികളെ കുറിച്ചു വിശദമായ ചര്‍ച്ച നടന്നു. ഏക പത്ര നാടകം, നാടന്‍ പാട്ടുകള്‍, ഗ്രീന്‍ മാജിക് തുടങ്ങിയ കലാപരി പാടികളും ശില്പശാലയെ ആകര്‍ഷകമാക്കി.

കേരളമടക്കം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ ദേശീയ പ്രചരണ പരിപാടി കൊടുങ്കാറ്റുപോലെ പടര്‍ന്ന് പിടിക്കുമെന്നും, രാഷ്ട്രത്തെ അര്‍ബുദം പോലെ ബാധിച്ചിരിക്കുന്ന വെറുപ്പിന്റെ, ഭിന്നിപ്പിന്റെ, വര്‍ഗീയതയുടെ ശക്തികളെ പ്രതിരോധിക്കുമെന്നുംനമുക്ക് പ്രത്യാശിക്കാം.

content highlights: About the national campaign ‘Mere Ghar Toka Toh Dekho’