Entertainment news
എല്‍.ജി.ബി.ടി.ക്യൂ സ്ത്രീകളേയും കുട്ടികളേയും ടാര്‍ഗറ്റ് ചെയ്യുന്ന കമ്യൂണിറ്റി; ഹോമോഫോബിക് പ്രസ്താവനയുമായി അഭിഷേക് ശ്രീകുമാര്‍; വിവാദം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 09, 06:14 am
Tuesday, 9th April 2024, 11:44 am

മലയാളത്തിൽ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇത്തവണ ഷോയിലേക്ക് എത്തിയ വൈൽഡ് കാർഡ് എൻട്രിയിലെ കണ്ടെസ്റ്റന്റും ഫാഷൻ മോഡലും എൽ.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയിൽ നിന്നും വരുന്ന ആളുമാണ് അഭിഷേക് ജയ്ദീപ്.

വൈൽഡ് കാർഡിൽ തന്നെ മറ്റൊരു കണ്ടെസ്റ്റന്റാണ് അഭിനേതാവും വ്യവസായിയുമായ അഭിഷേക് ശ്രീകുമാർ. അഭിഷേക് ജയ്ദീപ് എന്ന വ്യക്തിയുടെ ഐഡന്റിയെ പരാമർശിച്ചുകൊണ്ട് അഭിഷേക് ശ്രീകുമാറിന്റെ പ്രസ്താവനയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചചെയ്യുന്നത്.

അഭിഷേക് ജയ്ദീപ് എന്ന വ്യക്തി സമൂഹത്തിൽ മോശം കാര്യങ്ങൾ ചെയ്യുന്ന കമ്മ്യൂണിറ്റിയിൽ നിന്ന് വരുന്ന ഒരാളാണെന്നായിരുന്നു നോമിനേഷനിൽ അഭിഷേക് ശ്രീകുമാർ പറഞ്ഞത്. സ്ത്രീകളെയും കുട്ടികളെയും ടാർഗറ്റ് ചെയ്യുന്ന കമ്മ്യൂണിറ്റിയിൽ നിന്ന് വരുന്ന വ്യക്തിയാണ് അഭിഷേക് ജയ്ദീപ് എന്നുമാണ് അഭിഷേക് ശ്രീകുമാർ പരാമർശിച്ചത്. എന്നാൽ അതിന് പുറമെ ജെൻഡർ കാർഡ് ഇറക്കുന്ന ആളുകളെ ചൂണ്ടി കാണിക്കാൻ താൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് അഭിഷേക് ശ്രീകുമാർ തന്റെ ഇൻട്രോ വീഡിയോയിൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

‘സമൂഹത്തിൽ മോശം കാര്യങ്ങൾ ചെയ്യുന്ന കമ്മ്യൂണിറ്റിയിൽ നിന്ന് വരുന്ന ഒരു വ്യക്തിയാണ്. സ്ത്രീകളെയും കുട്ടികളെയും ടാർഗറ്റ് ചെയ്യുന്ന കമ്മ്യൂണിറ്റിയിൽ നിന്ന് വരുന്ന വ്യക്തിയാണ് അവൻ. ഇവിടെ വന്ന് ഞങ്ങളുടെ കമ്മ്യൂണിറ്റിയെ അങ്ങനെ പറയുന്നു എന്നൊക്കെ പറഞ്ഞതുകൊണ്ട് ഞാൻ അവനെ നോമിനേറ്റ് ചെയ്യുന്നു ,’ എന്നാണ് അഭിഷേക് ശ്രീകുമാർ പറഞ്ഞത്.

ബിഗ് ബോസ് വീട്ടിൽ ആരെയാണ് ടാർഗറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിന് ജാൻ മാണി ദാസിനെയാണ് അഭിഷേക് ശ്രീകുമാർ പറഞ്ഞത്. ജെൻഡർ കാർഡ് എടുക്കുന്നവരെ തനിക്ക് ഇഷ്ടമില്ല എന്നാണ് ശ്രീകുമാർ പറഞ്ഞത്. ‘ജെൻഡർ കാർഡ് എടുക്കുന്നവരെ എനിക്ക് ഇഷ്ടമല്ല പുറത്ത് ഇറങ്ങിയിട്ട് ഞാൻ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്ന് പറയുന്നതിനെ ഞാൻ എതിർക്കും, അത് ഞാൻ തുറന്ന് പറയുകയും ചെയ്യും,’ അഭിഷേക് പറഞ്ഞു.

ചങ്ങനാശേരി സ്വദേശിയും അഭിനേതാവും വ്യവസായിയുമാണ് അഭിഷേക് ശ്രീകുമാർ. മഡി എന്ന സിനിമയിൽ ടീനേജ് കഥാപാത്രത്തെയും ‘വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി’ എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

തൃശൂർ സ്വദേശിയും ഐ.ടി എഞ്ചിനിയറും ഫാഷൻ മോഡലും കൂടെയാണ് അഭിഷേക് ജയ്ദീപ്. കേരത്തിലെ തന്നെ ആദ്യ ഗേ കേരള എന്ന ടൈറ്റിൽ ജേതാവ് കൂടിയാണ് അഭിഷേക്.

Content Hightlight: Abhishek sreekumar’s wrong statement in big boss against abhishek jayadeep