'അഭി... ഇത് പറവയിലെ മനാഫല്ല...' ഷൂട്ടിനിടയിൽ ഖാലിദ് റഹ്‌മാൻ മൈക്കിലൂടെ വിളിച്ചുപറഞ്ഞു: അഭിരാം രാധാകൃഷ്ണൻ 
Entertainment
'അഭി... ഇത് പറവയിലെ മനാഫല്ല...' ഷൂട്ടിനിടയിൽ ഖാലിദ് റഹ്‌മാൻ മൈക്കിലൂടെ വിളിച്ചുപറഞ്ഞു: അഭിരാം രാധാകൃഷ്ണൻ 
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th June 2023, 5:25 pm

നാടക രംഗത്തുനിന്നും അഭിനയ രംഗത്തേക്ക് കടന്നുവന്ന ധാരാളം കലാകാരന്മാർ ഉണ്ട്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് ചുവട്‌വെക്കുന്ന യുവ താരങ്ങളിൽ ഒരാളായ അഭിരാം തന്റെ സിനിമ രംഗത്തെ അനുഭവങ്ങളെപ്പറ്റിയും സൗഹൃദങ്ങളെപ്പറ്റിയും മനസുതുറക്കുന്നു.

‘ഉണ്ട’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ പറവയിലെ കഥാപാത്രവുമായി തനിക്ക് സാമ്യമുണ്ടായെന്ന് അഭിരാം പറഞ്ഞു. സംവിധായകൻ ഖാലിദ് റഹ്‌മാൻ അത് തന്നെ ഓർമപ്പെടുത്തിയെന്നും മറ്റുള്ളവർ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ അത് അംഗീകരിക്കാൻ താൻ തയ്യാറാണെന്നും അഭിരാം പറഞ്ഞു. വണ്ടർവാൾ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് എന്റെ പെർഫോമൻസുകൾ ഇഷ്ടമാണ്. തെറ്റുകൾ മറ്റൊരാൾ പറഞ്ഞുതരുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. ഉണ്ടയിൽ ഫസ്റ്റ് ഷൂട്ട് ചെയ്തത് ഞാനും ഷൈനും ഒക്കെ ഇരുന്ന് ചീട്ടുകളിക്കുന്ന സീൻ ആണ്. ഫസ്റ്റ് ഷൂട്ട് ചെയ്തത് എന്റെ സീൻ ആണെന്ന് തോന്നുന്നു. അപ്പോഴാണ് എന്റെ ആത്മാർഥ സുഹൃത്ത് റഹ്‌മാൻ (ഖാലിദ് റഹ്‌മാൻ) ‘അഭി… ഇത് മനാഫല്ല’ എന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞു. അപ്പോഴാണ് എനിക്ക് മനസിലായത് ഇത് പറവയിൽ (പറവ സിനിമ) കാരംസ് കളിക്കുന്ന മനാഫിന്റെ പോലുള്ള അഭിനയമാണ് ഇവിടെ ഞാൻ ചെയ്തിരിക്കുന്നതെന്ന്. പക്ഷെ അത് എനിക്കല്ല മനസിലായത്. അവർക്കാണ്. അതിനുശേഷം മനാഫിന്റേതല്ലാതെ മറ്റൊരു രീതി കൊണ്ടുവരാനുള്ള ശ്രമം നടത്തി. അപ്പോഴാണ് എനിക്ക് മനസിലായത് അഭിനയം കുറച്ച് പണിയാണെന്ന്,’ അഭിരാം പറഞ്ഞു.

ഒരു കഥാപാത്രത്തിന്റെ ക്രെഡിറ്റ് സംവിധായകർക്കാണെന്നും അഭിനേതാക്കളെ ഒരു മെറ്റീരിയൽ ആയിട്ട് ഉപയോഗിക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

‘നല്ല സംവിധായകരുടെ കൂടെ വർക്ക് ചെയ്യാൻ പറ്റുക എന്നുള്ളതാണ് ഭാഗ്യം. ഒരു കഥാപാത്രം നല്ലതാകുന്നതിന് സംവിധായകന്റെ പങ്ക് വളരെ വലുതാണ്. അഭിനേതാക്കളെ ഒരു മെറ്റീരിയൽ ആയിട്ട് ഉപയോഗിക്കുന്നുള്ളൂ. അവർക്കാണ് അതിന്റെ മുഴുവൻ ക്രെഡിറ്റും. ഞാൻ അങ്ങനെ തന്നെയാണ് കാണുന്നത്. ഒരു സിനിമ സെറ്റിൽ ചെന്നാൽ ഡി.ഒ.പി, ഡയറക്ടർ എന്നിവരുണമായിട്ടാണ് കൂടുതൽ ഇടപെടുന്നത്. അഭിനയിച്ച് കഴിഞ്ഞാൽ ഞാൻ അവരോടാണ് അഭിപ്രായം ചോദിക്കുന്നത്. ഞാൻ മോണിറ്ററിൽ നോക്കാറില്ല. അവർ നോക്കിയിട്ട് പറയട്ടെ ഒരു വർക്ക് എങ്ങനെയാണ് വേണ്ടതെന്ന്,’ അഭിരാം പറഞ്ഞു.

Content Highlights: Abhiram Radhakrishnan on Khalid Rahman