മോദിയെ നഷ്ടപ്പെട്ടാല്‍ പിതാവിനെ നഷ്ടപ്പെടുന്നത് പോലെ; നന്മയുടെ കേദാരമാണ് മോദിയെന്ന് അബ്ദുള്‍സലാം
national news
മോദിയെ നഷ്ടപ്പെട്ടാല്‍ പിതാവിനെ നഷ്ടപ്പെടുന്നത് പോലെ; നന്മയുടെ കേദാരമാണ് മോദിയെന്ന് അബ്ദുള്‍സലാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th July 2021, 8:02 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വേണ്ടി എന്നും പ്രാര്‍ത്ഥിക്കാറുണ്ടെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റും മുന്‍ കാലിക്കറ്റ് വി.സിയുമായ അബ്ദുള്‍സലാം. മോദിയെ നഷ്ട്‌പെട്ടാല്‍ പിതാവിനെ നഷ്ടപ്പെട്ടത് പോലെയാകുമെന്നും അദ്ദേഹം പറഞ്ഞു.

‘മോദിയുടെ ബുദ്ധി, സമര്‍പ്പണം, കാഴ്ച്ചപ്പാട് എന്നിവയെല്ലാം നമുക്ക് എല്ലാ കാലത്തും ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. ലോകത്തിന്റെ എവിടെ പോയാലും മോദിയുടെ നാട്ടില്‍ നിന്നാണ് വരുന്നതെന്ന് പറയുന്നതില്‍ അഭിമാനമാണ് ഉണ്ടാകുന്നത്,’ അബ്ദുള്‍ സലാം പറഞ്ഞു.

മോദിയെന്നത് നന്മയുടെ കേദാരം മാത്രമല്ല. നല്ല നേതൃത്വം, പ്രവര്‍ത്തന നൈപുണ്യം, രാഷ്ട്രീയ തന്ത്രം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ഗുണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് നോമിനിയായി 2011-15 കാലത്താണ് സലാം കാലിക്കറ്റ് വി.സിയായത്. 2019 ലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.

അബ്ദുള്‍ സലാം വി.സിയായിരുന്ന കാലത്താണ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമരങ്ങളും വിവാദങ്ങളും അരങ്ങേറിയിരുന്നത്. വിദ്യാര്‍ഥി സംഘടനകള്‍ക്കൊപ്പം അധ്യാപക, സര്‍വീസ് സംഘടനകളും വിവിധ വിഷയങ്ങളില്‍ വി.സിക്കെതിരെ സമരവുമായി രംഗത്തെത്തി.

സലാം വി.സിയായ കാലത്ത് ഭാരതീയ വിചാര കേന്ദ്രത്തിന്റെ പരിപാടി സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ നടത്തിയ സംഭവം വന്‍ വിവാദമായിരുന്നു.