ന്യൂദല്‍ഹി: കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയ വിഷയത്തില്‍ പ്രതികരിച്ച് അബ്ദുല്‍ നാസര്‍ മഅ്ദനി. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും തന്നെ പിന്തുണച്ചവര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നതായി കോടതി വിധിക്ക് ശേഷം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മഅ്ദനി പറഞ്ഞു. ജാമ്യ കാലാവധിയില്‍ ഇനി കേരളത്തില്‍ തുടരാമെന്നും അദ്ദേഹം അറിയിച്ചു.
‘അല്‍ഹംദുലില്ലാഹ്..
കേരളത്തിലേക്ക് പോകാന്‍ അനുമതി.
ജാമ്യ കാലാവധിയില്‍ ഇനി കേരളത്തില്‍ തുടരാം.
ഇന്‍ ഷാ അള്ളാഹ്..
പ്രാര്‍ത്ഥിച്ചവര്‍ക്കും, പിന്തുണച്ചവര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി,’ മഅ്ദനി പറഞ്ഞു.
ബെംഗളൂരുവില്‍ കഴിയുന്ന മഅ്ദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതിയാണ് അനുമതി നല്‍കിയത്. മുമ്പ് ഉണ്ടായിരുന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചാണ് കേരളത്തിലേക്ക് സ്ഥിരമായി പോകുന്നതിനുള്ള അനുവാദം സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. കര്‍ണാടക സര്‍ക്കാരന്റെ എതിര്‍പ്പ് മറികടന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ ബെംഗളൂരുവിലേക്ക് മടങ്ങണമെന്നും കോടതി പറയുന്നു.
കൊല്ലം ജില്ലയിലുള്ള സ്വന്തം നാട്ടില്‍ മഅ്ദനിക്ക് താമസിക്കാം എന്നാണ് സുപ്രീം കോടതി അനുവദിച്ച ഇളവില്‍ പറയുന്നത്. ബെംഗളൂരു സ്ഫോടന കേസിന്റെ വിസ്താരം അവസാന ഘട്ടത്തില്‍ എത്തിയത് പരിഗണിച്ചാണ് കോടതി ഇളവ് അനുവദിച്ചത്.
എന്നാല്‍ 15 ദിവസത്തിലൊരിക്കല്‍ കൊല്ലം ജില്ലയിലെ അന്‍വാര്‍ശ്ശേരി എന്ന സ്ഥലത്തെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് കോടതി ഇളവ് അനുവധിച്ചത്. കൊല്ലം പൊലീസ് കര്‍ണാടക പൊലീസിനെ ഇക്കാര്യം അറിയക്കണമെന്ന നിര്‍ദേശവും കോടതി നല്‍കുന്നുണ്ട്. കൊല്ലം ജില്ലയില്‍ തങ്ങണമെന്നും ചികിത്സാ ആവശ്യാര്‍ഥം ജില്ല വിടാമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.