Sports News
ഇന്ത്യയുണ്ട്, പാകിസ്ഥാനില്ല! ലോകകപ്പ് സെമിഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ച് എ.ബി.ഡി!
സ്പോര്‍ട്സ് ഡെസ്‌ക്
2023 Aug 20, 03:31 pm
Sunday, 20th August 2023, 9:01 pm

ക്രിക്കറ്റ് എത്രത്തോളം അണ്‍പ്രെഡിക്റ്റബിള്‍ ഗെയിം ആണെന്ന് കഴിഞ്ഞ കുറച്ചായി നമ്മള്‍ കാണുന്നതാണ്. കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിനെ കുഞ്ഞന്‍ ടീമായ യു.എ.ഇ തോല്‍പിച്ചതൊക്കെ ഇക്കാര്യം ഊട്ടിയുറപ്പിക്കുന്നതാണ്.

ലോകകപ്പിന് യോഗ്യത പോലും നേടാന്‍ സാധിക്കാതിരുന്ന വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യക്കെതിരെ പരമ്പര വിജയിച്ചിരുന്നു. ഇങ്ങനെയൊക്കെയാണ് സാഹചര്യമെങ്കിലും ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്റുകള്‍ വരുമ്പോള്‍ പ്രെഡിക്ഷനുകളുമായി താരങ്ങളും ആരാധകരും വരാറുണ്ട്.

ഇപ്പോഴിതാ ഒക്ടോബറില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി സെമി ഫൈനല്‍ ടീമുകളെ പ്രെഡിക്റ്റ ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരമായ എ.ബി. ഡിവില്ലേഴ്സ്.

ഏഷ്യന്‍ ശക്തിയായ പാകിസ്ഥനെ ഒഴിവാക്കികൊണ്ടാണ് എ.ബി.ഡിയുടെ പ്രെഡിക്ഷന്‍. ഹോസ്റ്റ് രാജ്യമായ ഇന്ത്യ, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് എന്നിങ്ങനെയാണ് എ.ബി.ഡിയുടെ സെമിഫൈനല്‍ ലൈനപ്പ്.

‘തീര്‍ച്ചയായും, ഇന്ത്യ അവിടെ വീണ്ടും വിജയിക്കുമെന്ന് ഞാന്‍ കരുതുന്നു. ഇതൊരു ഫെയറി ടെയില്‍ ലോകകപ്പ് ആയിരിക്കും. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ മൂന്ന് വലിയ ടീമുകള്‍ സെമിയിലുണ്ടാകും എന്ന് തീര്‍ച്ചയാണ്. നാലാമത്തെ ടീമായി ഞാന്‍ ദക്ഷിണാഫ്രിക്കയെ പറയും, പാക്കിസ്ഥാനും നല്ല അവസരമുണ്ട്,’ ഡിവില്ലേഴ്സ് പറഞ്ഞു.

ആതിഥേയരെന്ന നിലയില്‍ ഇന്ത്യ തന്നെയാവും ഫേവറേറ്റുകള്‍. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം വിരാട് കോഹ്ലി , കെ.എല്‍. രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാമുണ്ടാവും.

ജോസ് ബട്ട്‌ലര്‍ നയിക്കുന്ന ഇംഗ്ലണ്ടും മികച്ച സ്‌ക്വാഡുമായാണ് വരുന്നത്. കഴിഞ്ഞ ലോകകപ്പിലെ ഹീറോയായ ബെന്‍ സ്റ്റോക്‌സ് ടീമിലെക്ക് തിരിച്ചെത്തുന്നതോടുകൂടി ഇംഗ്ലണ്ട് ഡബിള്‍ സ്‌ട്രോങ്ങ് ആകും.

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഓസിസിനെ ഭയന്നില്ലേല്‍ അതൊരു മണ്ടത്തരമാകും. ഇത്തവണയും രാജാക്കന്മാര്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടാകും. മേല്‍ പറഞ്ഞ ടീമുകളുടെയത്ര ഇല്ലെങ്കിലും ദക്ഷിണാഫ്രിക്കക്കും പൊരുതാവുന്ന ടീമുണ്ട്.

Content Highlight: AB de Villiers predicts the four semifinalists of ICC Men’s ODI World Cup 2023