ന്യൂദല്‍ഹി: കൊവിഡ് ട്രാക്ക് ചെയ്യാനായി കൊണ്ടുവന്ന ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. വ്യവസായ-വിദഗ്ധ കൂട്ടായ്മയില്‍ സര്‍ക്കാരിന് കീഴില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ആപ്പ് നിര്‍മിച്ചതെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം.
ആപ്പ് നിര്‍മ്മിച്ചത് ആരെന്നറിയില്ലെന്ന് ആദ്യം പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ ദേശീയ വിവരാവകാശ കമ്മീഷന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുതാര്യത ഉറപ്പാക്കിയായിരുന്നു ആപ്പ് നിര്‍മാണമെന്നും വ്യവസായ സംരംഭങ്ങളുടെയും വിദഗ്ധരുടെയും സഹകരണം ഇതിന് ഉണ്ടായിരുന്നുവെന്നും കേന്ദ്രത്തിന്റെ വിശദീകരണത്തിലുണ്ട്.
അതേസമയം ആരാണ് കണ്ടുപിടിച്ചതെന്ന ചോദ്യത്തിന് ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. വിശദീകരണത്തില്‍ ഇതുമായി ബന്ധപ്പെട്ട ആരുടേയും പേരുകള്‍ വെളിപ്പെടുത്തുന്നില്ല.
നേരത്തെ വിവരാവകാശ പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് ആരാണ് ആപ്പ് കണ്ടുപിടിച്ചതെന്ന് അറിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ആരോഗ്യസേതു ആപ്പിലെ വിവരപ്രകാരം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും ഐ.ടി മന്ത്രാലയവുമാണ് ആപ്പ് വികസിച്ചതെന്നാണ് ഉള്ളത്. എന്നാല്‍ വിവരാവകാശ അപേക്ഷയില്‍ ഇക്കാര്യം അറിയില്ലെന്നാണ് മന്ത്രാലയം മറുപടി നല്‍കിയത്.
ഇതിന് പിന്നാലെ മന്ത്രാലയത്തിന്റെ മറുപടി തൃപ്തികരമല്ലെന്നും വിശദീകരണം നല്‍കണമെന്നും ദേശീയ വിവരാവകാശ കമ്മീഷന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടീസും കമ്മീഷന്‍ സര്‍ക്കാരിന് അയച്ചിരുന്നു.
നേരത്തെ ആരോഗ്യസേതു ആപ്പില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടെന്ന് എത്തിക്കല്‍ ഹാക്കര്‍ വെളിപ്പെടുത്തിയിരുന്നു. 90 മില്യണ്‍ ഉപഭോക്താക്കളുടെ സ്വകാര്യത അപകടത്തിലാണെന്നും തന്നെ നേരിട്ട് ബന്ധപ്പെട്ടാല്‍ സുരക്ഷാ വീഴ്ച്ചകള്‍ അറിയിക്കാമെന്നുമാണ് എത്തിക്കല്‍ ഹാക്കര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.