അതിഷിയുടെ അനിശ്ചിതകാല നിരാഹാര സമരം ചൊവ്വാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നു. ദല്‍ഹിയുടെ ജലവിഹിതം വിട്ട് നല്‍കാന്‍ ഹരിയാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി നിരാഹാരസമരം ആരംഭിച്ചത്.
ജൂണ്‍ 22നായിരുന്നു സമരം ആരംഭിച്ചത്. ആരോഗ്യനില വഷളായ സാഹചര്യത്തില്‍ അതിഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ദല്‍ഹിയുടെ അവകാശമായ വെള്ളത്തിനായി ജീവന്‍ പണയപ്പെടുത്തി പോരാടുകയാണെന്ന് എ.എ.പിയെന്നും പാര്‍ട്ടി പ്രതികരിച്ചു.
മന്ത്രിയുടെ ആരോഗ്യ പരിശോധനയില്‍ രക്തസമ്മര്‍ദ്ദവും പഞ്ചസാരയുടെ അളവും ഗണ്യമായി കുറഞ്ഞതായി എ.എ.പി പത്രക്കുറിപ്പില്‍ പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും എ.എ.പി കൂട്ടിച്ചേർത്തു.
ദല്‍ഹിയിലെ 28 ലക്ഷം ജനങ്ങളുടെ ജലാവകാശം ഉറപ്പാക്കുന്നതിനായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ജലമന്ത്രി അതിഷി, ഹരിയാന സര്‍ക്കാര്‍ ദല്‍ഹി നിവാസികളുടെ ജലാവകാശം നല്‍കുന്നതുവരെയും ഹത്‌നികുണ്ഡ് ബാരേജിന്റെ ഗേറ്റുകള്‍ തുറക്കുന്നതുവരെയും തന്റെ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
ദല്‍ഹിയുടെ അയല്‍ സംസ്ഥാനമായ ഹരിയാന പ്രതിദിനം 100 ദശലക്ഷം ഗാലന്‍ (എം.ജി.ഡി) വെള്ളം വിതരണം ചെയ്യുന്നുണ്ടെന്നും ഇത് ദല്‍ഹിയിലെ 28 ലക്ഷം ആളുകളുടെ ജീവിതത്തെ സാരമായി ബാധിച്ചുവെന്നും ജലക്ഷാമം വര്‍ധിച്ചെന്നും എ.എ.പി കൂട്ടിച്ചേര്‍ത്തു.