national news
മദ്യനയ അഴിമതി; ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 04, 12:59 pm
Wednesday, 4th October 2023, 6:29 pm

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ് അറസ്റ്റില്‍. അഴിമതിയുമായി ബന്ധപ്പെട്ട് സഞ്ജയ് സിങ്ങിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. മദ്യ വില്‍പന നയത്തില്‍ അഴിമതിയും ബിസിനസ് നിയമങ്ങളുടെ ലംഘനവും ആരോപിച്ച് ദല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി.

എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസില്‍ എ.എ.പി നേതാവും ദല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സൂപ്രീം കോടതി പരിഗണിക്കുന്ന ദിവസമാണ് സഞ്ജയ് സിങ്ങിന്റെ വസതിയില്‍ റെയ്ഡ് നടത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയെ പരിചയപ്പെട്ടത് സിങ് വഴിയായിരുന്നെന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ ദിനേശ് അറോറ മൊഴി നല്‍കിയിരുന്നു.

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ചക്ക് സഹായിച്ചത് സഞ്ജയ് സിങ് ആണെന്നും ദിനേശ് അറോറ മൊഴി നല്‍കിയിരുന്നു. സിസോദിയ അടക്കം മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടവരുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു. മനീഷ് സിസോദിയയുടെ 53 കോടി രൂപയുടെ സ്വത്തുക്കളാണ് ഇ.ഡി പിടിച്ചെടുത്തിരുന്നത്.

Content Highlights: AAP MP Sanjay Singh arrested by ED