ജിത്തു മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത് തിയേറ്ററില്‍ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു രോമാഞ്ചം. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, സജിന്‍ ഗോപു, സിജു സണ്ണി, അബിന്‍ ബിനോ തുടങ്ങിയവരോടൊപ്പം മറ്റ് യുവതാരങ്ങളും ഒന്നിച്ച ചിത്രം ഹൊറര്‍ കോമഡി ഴോണറില്‍ ഇറങ്ങിയ പടമായിരുന്നു.
സിനു സോളമന്‍ എന്ന കഥാപാത്രത്തെ ആയിരുന്നു ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ചത്. തന്റെ പതിവ് ശൈലിയില്‍ നിന്നും മാറിയായിരുന്നു അര്‍ജുന്‍ അശോകന്‍ സിനുവിനെ സ്‌ക്രീനില്‍ ചെയ്തത്. രോമാഞ്ചം കണ്ടതിന് ശേഷം അച്ഛന്‍ ഹരിശ്രീ അശോകന്‍ രോമാഞ്ചത്തിലെ പ്രകടനമാണ് തന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് എന്ന് പറഞ്ഞെന്ന് അര്‍ജുന്‍ അശോകന്‍ പറയുന്നു.
ഭ്രമയുഗം എന്ന സിനിമ ഇറങ്ങിയതിന് ശേഷം ആ ചിത്രവും താന്‍ നല്ല വൃത്തിക്ക് ചെയ്തിട്ടിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ തന്റെ ചിത്രങ്ങള്‍ കണ്ടതിന് ശേഷം കുഴപ്പമില്ല എന്ന രീതിയിലാണ് സംസാരിക്കാറുള്ളതെന്നും എന്നാല്‍ രോമാഞ്ചവും ഭ്രമയുഗവും കണ്ട ശേഷം നന്നായെന്ന് പറഞ്ഞെന്നും അര്‍ജുന്‍ അശോകന്‍ പറയുന്നു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജുന്‍ അശോകന്‍.
‘ഇത്രയും കാലം ഞാന്‍ സിനിമ ചെയ്തതില്‍ വെച്ച് നിന്റെ കരിയര്‍ ബെസ്റ്റ് പടമാണെന്ന് അച്ഛന്‍ പറഞ്ഞത് രോമാഞ്ചത്തെ കുറിച്ചായിരുന്നു. പിന്നീട് ഭ്രമയുഗം ഇറങ്ങിയതിന് ശേഷമാണ് ഈ സിനിമ നീ നന്നായി, നല്ല വൃത്തിക്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞത്.
സാധാരണ സിനിമ കണ്ടിട്ട് ആ കുഴപ്പമില്ല എന്ന രീതിയിലാണ് സംസാരിക്കാറുള്ളത്. പക്ഷെ രോമാഞ്ചം, ഭ്രമയുഗം എന്നീ രണ്ട് സിനിമകളും അച്ഛന്‍ നല്ലതാണെന്ന് പറഞ്ഞ ചിത്രങ്ങളായിരുന്നു. ഇനി എല്ലാ സിനിമകളും കണ്ടിട്ട് അച്ഛന് അങ്ങനെതന്നെ പറയാന്‍ സാധിക്കട്ടെ,’ അര്‍ജുന്‍ അശോകന്‍ പറയുന്നു.