Entertainment
ലാല്‍ സിങ് ഛദ്ദയുടെ പരാജയത്തിന്റെ കാരണം ഞാന്‍ തന്നെയാണെന്ന് കരുതുന്നു, അടുത്ത സിനിമയില്‍ ആ കുറവ് പരിഹരിക്കാനാണ് എന്റെ ശ്രമം: ആമിര്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 30, 03:38 pm
Tuesday, 30th April 2024, 9:08 pm

ഏറെ പ്രതീക്ഷകളുമായി 2022ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായിരുന്നു ലാല്‍ സിങ് ഛദ്ദ. 1994ല്‍ റിലീസായ ഹോളിവുഡ് ക്ലാസിക്കായ ഫോറസ്റ്റ് ഗമ്പിന്റെ ഔദ്യോഗിക റീമേക്കായിരുന്നു ലാല്‍ സിങ് ഛദ്ദ. എന്നാല്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. ലാല്‍ സിങിന് ശേഷം ആമിര്‍ സിനിമയില്‍ നിന്ന് നീണ്ട ഇടവേള എടുക്കുന്നു എന്നുവരെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ചിത്രത്തിന്റെ പരാജയത്തിന് കാരണം താനാണെന്ന് വെളിപ്പെടുത്തുകയാണ് ആമിര്‍ ഖാന്‍. ആ സിനിമയില്‍ തന്റെ പെര്‍ഫോമന്‍സ് ആവശ്യത്തിലധികം ഹൈ പിച്ചില്‍ ആയിരുന്നുവെന്നും അതുകൊണ്ടാണ് ചിത്രം പരാജയമായതുമെന്നാണ് ആമിര്‍ പറഞ്ഞത്. കപില്‍ ശര്‍മ ഷോയില്‍ സംസാരിക്കുകയായിരുന്നു താരം. പരാജയങ്ങള്‍ തന്നെ എല്ലായ്‌പ്പോഴും പാഠം പഠിപ്പിക്കാറുണ്ടെന്നും അടുത്ത സിനിമയില്‍ കുറവുകള്‍ പരിഹരിക്കുമെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

‘ലാല്‍ സിങ് ഛദ്ദ പരാജയമായത് എന്നെ മാത്രമല്ല, എന്നെപ്പോലെ ആ സിനിമക്ക് വേണ്ടി രാപ്പകലില്ലാതെ പണിയെടുത്ത നിരവധിപ്പേരെ ബാധിച്ചു. അത്രക്ക് എഫര്‍ട്ട് എല്ലാവരും ആ സിനിമക്ക് വേണ്ടി എടുത്തിട്ടുണ്ട്. നമ്മള്‍ ഒരു കാര്യത്തിന് വേണ്ടി വലിയ രീതിയില്‍ എഫര്‍ട്ട് എടുക്കുമ്പോള്‍ പ്രതീക്ഷിച്ച റിസല്‍ട്ട് കിട്ടിയില്ലെങ്കില്‍ നിരാശയുണ്ടവും. എന്നാല്‍ ആ തോല്‍വിയില്‍ നിന്ന് എന്തെങ്കിലും നമുക്ക് പഠിക്കാനുണ്ടാകും.

എവിടെയാണ് തെറ്റ് പറ്റിയതെന്ന് സ്വയം ചിന്തിക്കാന്‍ ആ തോല്‍വി സഹായിക്കും. കൂടുതല്‍ ഇംപ്രൂവ് ചെയ്യാന്‍ നമ്മളെ പ്രേരിപ്പിക്കും. ലാല്‍ സിങ് ഛദ്ദ പരാജയപ്പെടാന്‍ കാരണം ഞാനാണെന്നാണ് എന്റ വിലയിരുത്തല്‍. ആ കഥാപാത്രം ആവശ്യപ്പെടുന്നതിനെക്കാള്‍ ഹൈ പിച്ചിലായിരുന്നു എന്റെ പെര്‍ഫോമന്‍സ്. അടുത്ത സിനിമയില്‍ ഈയൊരു കുറവ് പരിഹരിക്കാനാകും എന്റെ ശ്രമം,’ ആമിര്‍ പറഞ്ഞു.

Content Highlight: Aamir Khan saying that he was the reason for the failure of Laal Singh Chadda