Entertainment news
ആമിര്‍ഖാനും അത് സാധിച്ചില്ല; ലാല്‍ സിങ് ചദ്ദയുടെ പരാജയം പൂര്‍ണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 13, 06:25 pm
Saturday, 13th August 2022, 11:55 pm

ആഗസ്റ്റ് 11നാണ് ആമിര്‍ഖാന്‍ നായകനായി എത്തിയ ബിഗ് ബഡ്ജറ്റ് ചിത്രം ലാല്‍ സിങ് ചദ്ദ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

ചിത്രത്തിന് വമ്പന്‍ രീതിയിലുള്ള പ്രൊമോഷനും റിലിസും ലഭിച്ചു എങ്കിലും ആദ്യ ദിനം മുതല്‍ തന്നെ സിനിമ ബോക്‌സോഫിസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്.

ആദ്യ ദിനം തന്നെ ചിത്രത്തിന് 12കോടിയോളം രൂപ മാത്രമാണ് കളക്ഷനായി ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷന്‍ പുറത്ത് വരുമ്പോഴും കാര്യമായ ചലനം ബോക്‌സോഫീസില്‍ സൃഷ്ടിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നും രണ്ടും ദിവസത്തെ കളക്ഷനേക്കാള്‍ 40 ശതമാനം കുറവ് കളക്ഷന്‍ മാത്രമാണ് മൂന്നാം ദിവസം ചിത്രത്തിന് ലഭിച്ചത് എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിലും ചിത്രത്തിന്റെ പ്രകടനം മോശം തന്നെ ആകുമെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ച് ദിവസം കൊണ്ട് പോലും ചിത്രത്തിന് ബോക്‌സോഫീസില്‍ നിന്ന് 50കോടി നേടാന്‍ പോലും സാധിക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 13 വര്‍ഷത്തിന് ശേഷം ഒരു ആമീര്‍ ഖാന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ചെറിയ കളക്ഷനാണ് ലാല്‍ സിങ് ചദ്ദക്ക് ലഭിച്ചതെന്ന് നേരത്തെ ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊവിഡ് ലോക്ഡൗണിന് ശേഷം ബോളിവുഡ് ചിത്രങ്ങള്‍ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ് പ്രതീക്ഷകളോടെ ലാല്‍ സിങ് ചദ്ദയെത്തിയത്. എന്നാല്‍ ചിത്രത്തിന്റെ കളക്ഷന്‍ ബോളിവുഡിനെ വീണ്ടും നിരാശയിലാഴ്ത്തുകയാണ്.

തുടര്‍ന്നുള്ള ദിവസങ്ങളിലും ചിത്രം കാണാന്‍ പ്രേക്ഷകര്‍ എത്തിയില്ലെങ്കില്‍ 2022 ലെ പരാജയ ചിത്രങ്ങളുടെ പട്ടികയിലേക്ക് ഒരു സൂപ്പര്‍ താര ചിത്രവും കൂടി പ്രവേശിക്കും.

ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവുമധികം ഫസ്റ്റ് ഡേ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമാണ് ലാല്‍ സിങ് ചദ്ദ. 14.1 കോടി നേടിയ ബൂല്‍ബുലയ്യ 2 ഒന്നാമതും 13.2 കോടി നേടിയ ബച്ചന്‍ പാണ്ഡേ രണ്ടാമതുമാണ്. 10.7 കോടി നേടിയ സാമ്രാട്ട് പൃഥ്വിരാജ് നാലാമതും 10.5 കോടി നേടിയ ഗംഗുഭായി കത്യാവാടി അഞ്ചാമതും 10.2 കോടി നേടിയ ഷംശേര ആറാമതുമാണ്.

Content Highlight: Aamir khan’s Laal Singh Chaddha failed in box office