Adhaar
അഞ്ചടി വീതിയുള്ള ചുവരുകള്‍ക്കുള്ളിലാണ് ആധാര്‍ വിവരങ്ങള്‍: ഡാറ്റയുടെ സുരക്ഷയെക്കുറിച്ച് അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 21, 02:48 pm
Wednesday, 21st March 2018, 8:18 pm

ന്യുദല്‍ഹി: അഞ്ചടി വീതിയുള്ള ചുവരുകള്‍ക്കുള്ളില്‍ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാരിന് വേണ്ടി അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍. ആധാര്‍ കേസില്‍ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള വാദത്തിനിടെയാണ് എ.ജി കെ.കെ വേണുഗോപാലിന്റെ വിചിത്രമായ വാദം. കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡിയുള്ള തനിക്ക് ആധാര്‍ സംബന്ധിച്ച ഏത് ചോദ്യത്തിനും ഉത്തരം നല്‍കാനാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കുറച്ച് പേരുടെ സ്വകാര്യതാ ആശങ്കകള്‍ കാരണം ജനങ്ങള്‍ക്ക് സുതാര്യവും കാര്യക്ഷമവുമായി സേവനങ്ങള്‍ നല്‍കുന്നത് തടയരുതെന്നും വേണുഗോപാല്‍ വാദിച്ചു. അഴിമതിയും സബ്‌സിഡി നല്‍കുന്നതിലെ അപാകതയും പരിഹരിക്കാന്‍ ആധാറിനാവുമെന്നും പാവപ്പെട്ടവര്‍ക്ക് അനുഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.


Read Also: ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍ അവതരിപ്പിച്ച് ഐ.ബി.എം; വലിപ്പം 1 മില്ലിമീറ്റര്‍, വില ഏഴ് രൂപ


 

കോടതി അനുവദിച്ചാല്‍ ഇത് സംബന്ധിച്ച നാല് മിനിറ്റ് വീഡിയോ പ്രദര്‍ശിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബഞ്ചിലെ മറ്റ് ജഡ്ജിമാരോട് ചര്‍ച്ച ചെയ്ത് ഇതിനുള്ള സംവിധാനമുണ്ടാക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയിച്ചു.

2009 ഓഗസ്റ്റിലാണ് ഇന്‍ഫോസിസിസ് കമ്പനിയുടെ മുന്‍ ചെയര്‍മാനായിരുന്ന നന്ദന്‍ നിലേക്കനിയുടെ നേതൃത്ത്വത്തില്‍ യു ഐ ഡി അതോറിറ്റി പ്രവര്‍ത്തിച്ച് തുടങ്ങിയത്. 1.2 ബില്യണ്‍ പൗരന്മാരുടെ വിവരങ്ങള്‍ ഇതിനകം ആധാര്‍ ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആധാര്‍ പദ്ധതിക്കെതിരെ ആരംഭം മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിരവധി തവണ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ തന്നെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിരുന്നു.

അതേസമയം, സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ സേവനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി കേസിന്റെ അന്തിമ വിധി വരുന്നത് വരെ സുപ്രീം കോടതി നീട്ടിയിരുന്നു.