സംഘികള്‍ക്കറിയാത്ത ഗാന്ധിജി
Discourse
സംഘികള്‍ക്കറിയാത്ത ഗാന്ധിജി
പി.ടി. രാഹേഷ്
Thursday, 30th May 2024, 7:37 pm

പ്രിയ കിറ്റീ, ഏതുനിമിഷവും ആക്രമണം പ്രതീക്ഷിക്കുന്നുണ്ട്. പിം ചർച്ചിലിന് ന്യൂമോണിയയായിരുന്നു. സാവധാനം അദ്ദേഹത്തിന് ഭേദമാകുന്നുണ്ട്. ഇന്ത്യയിലെ സ്വാതന്ത്ര്യ സമര നേതാവ് ഗാന്ധി, തന്റെ നിരാഹാര സത്യാഗ്രഹവുമായി മുന്നോട്ടു പോവുകയാണ്. താനൊരു വിധി വിശ്വാസിയാണെന്ന് മിസ്സിസ് വാൻഡാൻ അവകാശപ്പെടുന്നത്.

തോക്കുകൾ വെടിയുണ്ടയുതിർക്കുമ്പോൾ ഏറ്റവുമധികം ഭയപ്പെടുന്നത് ആരാണെന്ന് പറയാമോ ? മറ്റാരുമല്ല പെട്രോനല്ല തന്നെ (1943 ഫെബ്രുവരി 27 ശനി) – ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതവംശജർ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ച് സ്വന്തം അനുഭവങ്ങളിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞ ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളിലെ ഒരു ദിവസത്തെ ഡയറി തുടങ്ങുന്നത് ഇങ്ങനെയാണ്. 1943ൽ തന്നെ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് യുദ്ധമുഖത്ത് നിന്ന് എഴുതിയ തന്റെ ഡയറിക്കുറിപ്പിൽ ഗാന്ധിയെ കുറിച്ച് പരാമർശിച്ചിരിക്കുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് തന്നെ മഹാത്മാഗാന്ധി ലോകത്തെമ്പാടും അറിയപ്പെടുന്ന ഒരു നായകനായി മാറിയതിന്റെ ഏറ്റവും പ്രധാനപ്പെട്ട തെളിവുകളിലൊന്നാണ് ഈ ഡയറിക്കുറിപ്പുകൾ. ഇതേ മഹാത്മാഗാന്ധിയെയാണ് 1982ൽ ഇറക്കിയ ‘ഗാന്ധി’ എന്ന സിനിമയിലൂടെ മാത്രമാണ് ലോകമറിഞ്ഞതെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച ശേഷമാണ് ഞാനിതു പറയുന്നത് എന്നാണ് നരേന്ദ്രമോദിയുടെ വാദം.

‘രക്തവും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നത് ആയിരം വർഷങ്ങൾക്കുശേഷം ലോകത്തിന് അവിശ്വസനീയമായിരിക്കും’ എന്ന് ആൽബർട്ട് ഐൻസ്റ്റീൻ ആണ് ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത്. ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചിട്ടുണ്ട്.

മാർട്ടിൻ ലൂഥർ കിങ്, സ്റ്റീവ് ബികോ, നെൽ‌സൺ മണ്ടേല, ഓങ് സാൻ സൂചി തുടങ്ങിയവരെല്ലാം ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. വിൻസ്റ്റൻ ചർച്ചിലാണ് ഗാന്ധിയെ ‘അർദ്ധനഗ്നനായ ഫക്കീർ’ എന്ന് വിശേഷിപ്പിച്ചത്. അഞ്ചു തവണയാണ് മഹാത്മാഗാന്ധി നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടത്.

നോബൽ കമ്മിറ്റിയുടെ അന്നത്തെ മാനദണ്ഡങ്ങൾ പുരസ്കാരം ലഭിക്കുന്നതിന് തടസ്സമായിരുന്നു എന്നതിൽ പിൻകാല നോബൽ കമ്മിറ്റി ഖേദം പ്രകടിപ്പിക്കുകയാണ് ഉണ്ടായത്. ഗാന്ധിജിയെ കുറിച്ച് ഗാന്ധി സിനിമയ്ക്ക് മുമ്പ് തന്നെ വിദേശങ്ങളിൽ ചലച്ചിത്രങ്ങൾ ഉണ്ടായിട്ടുമുണ്ട്. ‘ഗാന്ധി’ സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ ലോകത്ത് പലയിടത്തും ഗാന്ധി പ്രതിമകൾ സ്ഥാപിക്കപ്പെട്ടു.

1930ലാണ് മാൻ ഓഫ് ദി ഇയറായി ഗാന്ധിജിയെ ടൈംസ് മാഗസിൻ തിരഞ്ഞെടുക്കുന്നത്. 1931 ജനുവരി അഞ്ച് ലക്കത്തിന്റെ കവർ ചിത്രവും അദ്ദേഹത്തിൻ്റേതായിരുന്നു. 1969ൽ ഗാന്ധിജിയുടെ ജന്മശതാബ്ദിയായപ്പോഴേക്കും മുപ്പതിലധികം രാജ്യങ്ങൾ അദ്ദേഹത്തെ ആദരിച്ചു കൊണ്ട് സ്റ്റാമ്പും പുറത്തിറക്കി.

ലോകത്ത് വിവിധ ഭാഷകളിൽ അദ്ദേഹത്തെ കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. സ്വാതന്ത്ര്യ സമരകാലത്ത് ദണ്ഡിയാത്രയുടെയാണ് ഗാന്ധിജി ഉയർന്നത്. അദ്ദേഹം ചെല്ലുന്നിടത്തെല്ലാം അദ്ദേഹത്തെ കാണാൻ ആബാലവൃദ്ധം ജനങ്ങൾ ഒഴുകിയെത്തി. വിശ്വപ്രസിദ്ധ മാധ്യമങ്ങൾ അദ്ദേഹത്തെ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക ലേഖകരെ ചുമലപ്പെടുത്തി. ഇതേ മഹാത്മാഗാന്ധിയെയാണ് ഒരു സിനിമ ഇറങ്ങിയിരുന്നില്ലെങ്കിൽ ആർക്കും അറിയാതെ പോകുമായിരുന്നു എന്നു പ്രധാനമന്ത്രി പറയുന്നത്. എബിപി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഗാന്ധിജിയെ കുറിച്ചുള്ള ഈ പരാമർശങ്ങൾ.

ബ്രിട്ടീഷുകാരനായ ആറ്റൻബറോറ നിർമാണവും സംവിധാനവും നിർവഹിച്ച മഹാത്മാഗാന്ധിയുടെ ജീവചരിത്രം പറയുന്ന സിനിമയാണ് ‘ഗാന്ധി’. ഇന്ത്യയുടെയും ബ്രിട്ടൻ്റേയും സംയുക്ത സംരഭമായ ഈ സിനിമ പുറത്തിറങ്ങിയത് 1982ലാണ്. ഈ സിനിമ പുറത്തിറങ്ങുന്നതു വരെ രാഷ്ട്രപിതാവ് മഹാതാഗാഡിയെ ആർക്കും അറിയില്ലായിരുന്നു എന്ന വിചിത്രമായ പ്രതികരണം നടത്തിയത് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.

മഹാത്മാഗാന്ധിയെ അറിയാത്ത കുട്ടികളുണ്ടോ ? സ്വന്തം മുത്തശ്ശൻ്റെ ചിത്രം തിരിച്ചറിയുന്നതിനേക്കാൾ വേഗത്തിൽ ഓരോ കുട്ടിയും ബാപ്പുജിയെ തിരിച്ചറിയും. അവരാരും ഗാന്ധി സിനിമ കണ്ടതുകൊണ്ടല്ല, മഹാത്മാഗാന്ധിയെ അറിയുന്നത്. ഒരു സിനിമ കാണാൻ പോലും വകയില്ലാത്ത ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യർക്കും ഇപ്പോഴും ഗാന്ധിയെ അറിയാം. നമ്മൾ ഇന്ത്യക്കാർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു.

അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുകയും ചെയ്യുന്നു. ലോക ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന മഹാ മനുഷ്യനെ ഒരു പാഴ് മുറം കൊണ്ട് മറക്കാനാവുമെന്നാണ് മോദിയും പരിവാരങ്ങളും പ്രതീക്ഷിക്കുന്നത്.

‘ഗാന്ധി’ എന്ന സിനിമ ഇറങ്ങിയിരുന്നില്ലെങ്കിൽ ഗാന്ധിയെ ആരും അറിയുമായിരുന്നില്ല എന്നതുകൂടിയാണ് നരേന്ദ്രമോദി പറയാൻ ആഗ്രഹിച്ചത്. സിനിമ കാണാത്തവർക്കൊന്നും ഗാന്ധിയെ അറിയാൻ സാധ്യതയില്ലാത്തതിനാൽ, നമ്മുടെ ഓർമ്മകളിൽ നിന്ന് വേഗത്തിൽ ആ മനുഷ്യനെ മായ്ച്ചു കളയാനാകും എന്നാണവർ വ്യഥാ കരുതുന്നത്. നമ്മുടെ പാഠപുസ്തകത്തിൽ നിന്ന് ഗാന്ധിയെ കുറിച്ചുള്ള അധ്യായങ്ങൾ പൂർണ്ണമായും നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. ഗാന്ധിവധം പാഠപുസ്തകത്തിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

ഗാന്ധിയെ കുറിച്ചുള്ള ഓർമകളും സ്മരണകളും ഇല്ലാതാക്കാൻ വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമം നടത്തുന്നത് മോദി നേരിട്ട് തന്നെയാണെന്ന് ഇപ്പോഴത്തെ പരാമർശത്തിലൂടെ നമുക്ക് ബോധ്യപ്പെടുകയും കൂടിയാണ് ചെയ്യുന്നത്. ഇന്ത്യയുടെ ആത്മാവിൽ ആഴത്തിൽ വേരുള്ള മഹാത്മാഗാന്ധിയെ മറ്റേത് ബിംബങ്ങൾക്കും തകർക്കാനാവില്ല എന്ന് സംഘപരിവാർ തിരിച്ചറിയണം.

മഹാത്മാഗാന്ധിക്ക് പകരം സവർക്കരെയും ഗോഡ്സെയും പ്രതിഷ്ഠിക്കാനുള്ള നിരവധിയായ ശ്രമങ്ങൾ കഴിഞ്ഞ ഒരു ദശാബ്ദ കാലം നരേന്ദ്രമോദി സർക്കാരിൻറെ നേതൃത്വത്തിൽ നടന്നതായി നമുക്കറിയാം. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഉൾപ്പെടെ ഗാന്ധിവധക്കേസിലെ ആറാം പ്രതിയായിരുന്ന സവർക്കറുടെ ചിത്രം പ്രതിഷ്ഠിക്കപ്പെട്ടു.

ഇതുകൊണ്ടൊന്നും ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ മനസ്സിൽ നിന്ന് ഗാന്ധി എന്ന മനുഷ്യനെയും അദ്ദേഹം ഉത്പാദിപ്പിച്ച ആശയത്തെയും ഇല്ലാതാക്കാൻ കഴിയുന്നതല്ല. ലോകത്തിനെ സഹനത്തിന്റെ പുതിയ സമരമുറ പഠിപ്പിച്ച മഹാത്മാവാണ് അദ്ദേഹം. അഹിംസ സിദ്ധാന്തം ലോകത്തിനു മുൻപിൽ അദ്ദേഹം നൽകിയ പുതിയൊരു പാഠമാണ്. മഹാത്മാഗാന്ധിയുടെ ഓർമ്മ നിലനിൽക്കുന്നത് സിനിമയിലല്ല, ഇന്ത്യയുടെ ചരിത്രത്തിലാണെന്ന് ചരിത്രത്തിൽ പങ്കില്ലാത്തവർക്ക് അതുകൊണ്ടുതന്നെ തിരിച്ചറിയാനുമാവില്ല.

ജൈവിക പ്രക്രിയയിലൂടെല്ലാതെ പിറന്ന നരേന്ദ്രമോദിക്ക് തീരെയുമാവില്ല. ലോകത്തെമ്പാടും വിവിധ ഭാഷകളിൽ ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ വായിച്ച ഓരോ കുട്ടിക്കും മഹാത്മാഗാന്ധിയെ അറിയാം എന്നിരിക്കെ വിശ്വഗുരുവിൻ്റെ ഈ പരാമർശം മഹാത്മാഗാന്ധിയെ ബോധപൂർവ്വം അപമാനിക്കുന്നതിന് വേണ്ടി കൂടിയാണ്.

ചരിത്രം തിരുത്തിയെഴുതിയും, പാഠപുസ്തകങ്ങൾ വെട്ടിത്തിരുത്തിയും ഗാന്ധിയെ ഇന്ത്യ കർക്കിടയിൽ നിന്ന് മായ്ച്ചു കളയാൻ കഴിയുമെന്ന ശ്രമം ഭരണകൂടം നേരിട്ടു നടത്തുന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവുകൂടിയാണ് മോദിയുടെ ഇപ്പോഴത്തെ പരാമർശം. ഇന്ത്യയിൽ നിന്ന് ഗാന്ധിയെ പിഴുതെറിയാൻ വേണ്ടി ശ്രമിക്കുമ്പോൾ ലോകത്തെമ്പാടും ആഴത്തിൽ പേരുള്ള വടവൃക്ഷമാണ് ഗാന്ധിയെന്ന് ഒരിക്കൽ കൂടി സംഘപരിവാറിനെ ബോധ്യപ്പെടുത്താനാണ് ഇതെല്ലാം ഗുണം ചെയ്യുന്നത്.

Content Highlight: article about mahatma gandhi

പി.ടി. രാഹേഷ്
പി.ടി.രാഹേഷ്. പാലക്കാട് ജില്ലയിലെ മുതുതല സ്വദേശി. കോവിഡ് കാല അനുഭവങ്ങളുടെ സമാഹാരമായ 'ബൂസ്റ്റര്‍ഡോസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എഴുതാറുണ്ട്. കുട്ടികള്‍ക്കിടയില്‍ ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.