Kerala News
കൊല്ലത്ത് ഏഴ് വയസുകാരന്റെ മുന്നിലിട്ട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 01, 01:59 pm
Saturday, 1st January 2022, 7:29 pm

കൊല്ലം: കടയ്ക്കലില്‍ യുവാവ് ഭാര്യയെ ഏഴ് വയസുള്ള മകന്റെ മുന്നിലിട്ട് വെട്ടിക്കൊന്നു. കടയ്ക്കല്‍ കോട്ടപ്പുറം ലതാ മന്ദിരത്തില്‍ ജിന്‍സി(27) ആണ് കെല്ലപ്പെട്ടത്.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ജിന്‍സിയുടെ തലയ്ക്കാണ് വെട്ടേറ്റത്. വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു ഭര്‍ത്താവ് ദീപു. 25ല്‍ അധികം വെട്ടുകള്‍ ജിന്‍സിക്ക് ഏറ്റിട്ടുണ്ട്.

ആക്രമണം തടയാന്‍ ശ്രമിച്ച മകനെയും ദീപു ആക്രമിച്ചതായും പരാതിയുണ്ട്. കുട്ടി ഓടിരക്ഷപ്പെട്ട് അല്‍പം ദൂരെയുള്ള കടയിലെത്തി നാട്ടുകാരെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്.

ദീപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ദീപു, പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും ഒരു മാസമായി അകന്നുകഴിയുകയായിരുന്നു. ജിന്‍സിയുടെ വീട്ടിലെത്തിയാണ് ദീപു കൊലപാതകം നടത്തിയത്. പാരിപ്പള്ളിയിലെ ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ സൂപ്പര്‍ വൈസറായിരുന്നു ജിന്‍സി.