കാര്യങ്ങള്‍ കൂടുതല്‍ പരിശോധിക്കുമ്പോഴാണല്ലോ മനസിലാകുക; പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് വിജയരാഘവന്‍
Kerala
കാര്യങ്ങള്‍ കൂടുതല്‍ പരിശോധിക്കുമ്പോഴാണല്ലോ മനസിലാകുക; പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് വിജയരാഘവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd September 2021, 5:30 pm

 

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പ്രസ്താവനയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നിലപാട് പാടി സി.പി.ഐ.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്‍.

കാര്യങ്ങള്‍ കൂടുതല്‍ പരിശോധിക്കുമ്പോഴാണല്ലോ മനസിലാകുകയെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എല്‍.ഡി.എഫിന്റെ നിലപാട് മറ്റൊന്നായി കാണേണ്ട കാര്യമില്ല. അത് തന്നെയാണ് നിലപാട്. കാര്യങ്ങള്‍ കൂടുതല്‍ പരിശോധിക്കുമ്പോഴാണല്ലോ അതുസംബന്ധിച്ച അഭിപ്രായങ്ങളും മാറുന്നതെന്നായിരുന്നു, ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട മുന്‍ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി.

പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ ദുരുദ്ദേശമില്ലെന്നായിരുന്നു വിജയരാഘവന്‍ നേരത്തെ പറഞ്ഞത്. തന്നെ വര്‍ഗീയ വാദിയെന്ന് വിളിക്കുന്നവര്‍ക്ക് മറ്റൊന്നും പറയാനില്ലെന്നും അതുകൊണ്ടാണ് ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പറയുന്നതില്‍ വസ്തുതകള്‍ വേണമെന്ന് നിര്‍ബന്ധ ബുദ്ധിയില്ലാതെ വരുമ്പോള്‍ ഇങ്ങിനെ പലതും പറയും. അതിനെ കാര്യമാക്കേണ്ടതില്ലെന്നും ഇടതുമുന്നണി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വിശദീകരിച്ചു.

നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപിന്റെ വെളിപ്പെടുത്തല്‍ ദുരുദ്ദേശ്യത്തോടെ ആയിരുന്നില്ലെന്നായിരുന്നു എ. വിജയരാഘവന്‍ പറഞ്ഞത്.

വര്‍ഗീയ സംഘടനകള്‍ അത് ദുര്‍വ്യാഖ്യാനിച്ച് ഉപയോഗിച്ചതാണെന്നാണ് സി.പി.ഐ.എം വിലയിരുത്തലെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.

പാലാ ബിഷപിന്റെ അഭ്യര്‍ഥനയനുസരിച്ചാണ് മന്ത്രി വാസവന്‍ സഭാ ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയത്. വിവാദ പ്രസ്താവനയുടെ സാഹചര്യം ബിഷപും സര്‍ക്കാര്‍ നിലപാട് മന്ത്രിയും വ്യക്തമാക്കി. അതോടെയാണ് വിവാദം അവസാനിപ്പിക്കാനുള്ള നടപടികളിലേക്കു കടക്കാന്‍ ഇരുപക്ഷവും തീരുമാനിച്ചത്. ബി.ജെ.പിയും ചില തീവ്ര ന്യൂനപക്ഷ സംഘടനകളും വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചു. കാര്യങ്ങള്‍ കൈവിടാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലിലൂടെ കഴിഞ്ഞെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.

നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പാല ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വീണ്ടും രംഗത്തെത്തിയിരുന്നു. പാലാ ബിഷപ്പിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി, അതിലൂടെ നിര്‍ഭാഗ്യകരമായ വിവാദവും ഉയര്‍ന്നുവന്നുവെന്നായിരുന്നു പറഞ്ഞത്. അത്യന്തം നിര്‍ഭാഗ്യകരമായ രീതിയില്‍ വിവാദം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ വലിയ തോതില്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ലവ് ജിഹാദും, നാര്‍കോടിക് ജിഹാദുമാണ് ചര്‍ച്ച. പ്രണയവും മയക്കുമരുന്നുമൊക്കെ ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് തീ കൊടുത്ത് നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തത്പര കക്ഷികളുടെ വ്യാമോഹം അങ്ങിനെ തന്നെ അവസാനിക്കും.

ചിലര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലമില്ല. കേരളത്തിലെ മതപരിവര്‍ത്തനത്തിനും മയക്കുമരുന്ന് കേസുകളിലും ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് പ്രത്യേക പങ്കില്ലെന്ന് മനസിലാകും. ഇതിനൊന്നിനും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയുകയുമില്ല. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്‌ലാം മതത്തിലേക്ക് കൂടുതലായി പരിവര്‍ത്തനം നടത്തുന്നുവെന്നത് അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: A Vijayaraghavan U Turn On Pala Bishop Statement