Entertainment
എല്ലാ ദിവസവും ഞാന്‍ കേള്‍ക്കുന്ന പാട്ട് അതാണ്: എ.ആര്‍ റഹ്‌മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 10, 08:04 am
Sunday, 10th March 2024, 1:34 pm

തന്റെ സംഗീതത്താല്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച സംഗീത സംവിധായകനാണ് എ.ആര്‍. റഹ്‌മാന്‍. 1992ല്‍ റോജ എന്ന സിനിമക്ക് സംഗീതം നല്‍കിക്കൊണ്ട് കരിയര്‍ ആരംഭിച്ച എ.ആര്‍ റഹ്‌മാന്‍ ആദ്യ ചിത്രത്തില്‍ തന്നെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി. പിന്നീട് ഇന്ത്യന്‍ സിനിമാസംഗീതത്തില്‍ എ.ആര്‍ റഹ്‌മാന്റെ മാന്ത്രികതയാണ് കാണാന്‍ സാധിച്ചത്. 30 വര്‍ഷത്തെ സംഗീത ജീവിതത്തില്‍ നിരവധി സംസ്ഥാന, ദേശീയ അവാര്‍ഡും, 2009ല്‍ ഓസ്‌കറും നേടി. നീണ്ട ഇടവേളക്ക് ശേഷം റഹ്‌മാന്‍ മലയാളത്തില്‍ കമ്മിറ്റ് ചെയ്ത ചിത്രമാണ് ആടുജീവിതം.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താനിപ്പോള്‍ സ്ഥിരമായി കേള്‍ക്കുന്നത് ക്ലാസിക്കല്‍ മ്യൂസിക്കാണെന്ന് വെളിപ്പെടുത്തി. റഹ്‌മാന്റെ ഒരു പാട്ടെങ്കിലും ദിവസവും കേള്‍ക്കാത്ത ആളുകളുണ്ടാകില്ല, റഹ്‌മാന്‍ എല്ലാ ദിവസവും കേള്‍ക്കുന്ന പാട്ട് ഏതാണെന്ന ചോദ്യത്തിന് നല്‍കിയ മറുപടി ഇതായിരുന്നു.

‘ഞാന്‍ കൂടുതലായി കേള്‍ക്കുന്നത് ക്ലാസിക്കല്‍ മ്യൂസിക്കാണ്. സംഗീതത്തില്‍ ഇനിയും ഒരുപാട് ഡിസ്‌കവര്‍ ചെയ്യാനുണ്ട്, സിനിമാ സംഗീതം അല്ല അത്. സിനിമയിലെ സംഗീതമെന്ന് പറഞ്ഞാല്‍ അതിന്റെ കഥയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ആ സംഗീതത്തിന്റെ വേരുകള്‍ അന്വേഷിച്ച് ചെന്നാല്‍ അതൊക്കെ വെസ്റ്റേണ്‍ ക്ലാസിക്കലോ, ഇന്ത്യന്‍ ക്ലാസിക്കലോ, ഹിന്ദുസ്ഥാനി സംഗീതമോ ആയിരിക്കും. അതില്‍ നിന്നാണ് ഇതൊക്കെ ഉരുത്തിരിഞ്ഞത് എന്ന് അപ്പോള്‍ മനസിലാകും.

ഇടക്കാലത്ത് ഞാന്‍ റേഡിയോയിലെ പാട്ടുകളും കേള്‍ക്കുമായിരുന്നു. മൂന്നു നാലു വര്ഷം മുമ്പ് ദുബായിലുണ്ടായിരുന്ന സമയത്തായിരുന്നു അത്. കൂള്‍ ആയിട്ടുള്ള മ്യൂസിക് ആയിരുന്നു ആ റേഡിയോക്ക്. ഇടയ്ക്ക് അതില്‍ മലയാളം ലിറിക്‌സ് കേട്ടിരുന്നു. ഒരുപാട് പുതിയ കമ്പോസര്‍മാര്‍ ഇപ്പോള്‍ വരുന്നുണ്ട്. അവരുടെ വര്‍ക്കുകള്‍ മലയാള സിനിമയെ മാറ്റുന്നുണ്ട്. അത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു,’ റഹ്‌മാന്‍ പറഞ്ഞു.

Content Highlight: A R Rahman revels the song that he hear everyday