തിരൂരില്‍ വന്ദേ ഭാരതിന് സ്റ്റോപ്പ് വേണം; നിഷേധം രാഷ്ട്രീയ കാരണങ്ങളാല്‍; സുപ്രീംകോടതിയില്‍ ഹരജി
national news
തിരൂരില്‍ വന്ദേ ഭാരതിന് സ്റ്റോപ്പ് വേണം; നിഷേധം രാഷ്ട്രീയ കാരണങ്ങളാല്‍; സുപ്രീംകോടതിയില്‍ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th May 2023, 1:51 pm

ന്യൂദല്‍ഹി: കേരളത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് മലപ്പുറത്തെ തിരൂരും സ്റ്റോപ്പ് വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. തിരൂര്‍ സ്വദേശി പി.ടി ഷിജീഷ് ആണ് കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാല്‍ മലപ്പുറത്ത് വന്ദേഭാരതിന് സ്റ്റോപ്പ് നിഷേധിച്ചുവെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രത ഉള്ള ജില്ലയാണ് മലപ്പുറം. റെയില്‍വേ പുറത്തിറക്കിയ ആദ്യ ടൈംടേബിള്‍ പ്രകാരം വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം പിന്‍വലിക്കുകയും ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തുവെന്ന് ഹരജിയില്‍ പറയുന്നു.

അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, എം.എസ് വിഷ്ണു എന്നിവര്‍ മുഖേനയാണ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം വന്ദേ ഭാരത് ടിക്കറ്റ് കാന്‍സലേഷന്‍ നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നു. ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ക്യാന്‍സല്‍ ചെയ്താല്‍ ഫ്‌ളാറ്റ് നിരക്കുകളാണ് നല്‍കേണ്ടി വരുക.

48 മണിക്കൂര്‍ മുന്‍പ് കാന്‍സല്‍ ചെയ്താല്‍ എ.സി ഫസ്റ്റ്/എക്‌സിക്യൂട്ടിവ് ക്ലാസിന്റെ കാന്‍സലേഷന് 240 രൂപയും എ.സി 2 ടയര്‍/ഫസ്റ്റ് ക്ലാസ് ടിക്കറ്റ് കാന്‍സലേഷന്് 200 രൂപയുമാണ് നിരക്ക്. എ.സി 3 ടയര്‍/ചെയര്‍കാര്‍, എ.സി-3 എക്കോണമി എന്നിവയ്ക്ക് 180 രൂപയും സ്ലീപ്പര്‍, സെക്കന്‍ഡ് ക്ലാസ് എന്നിവയ്ക്ക് 120 രൂപയുമാണ് നിരക്ക്.

ട്രെയിന്‍ പുറപ്പെടുന്നതിന് 12 മണിക്കൂറിനു മുന്‍പും 48 മണിക്കൂറിനു ശേഷവും കാന്‍സല്‍ ചെയ്താല്‍ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം തുക കാന്‍സലേഷന്‍ നിരക്കായി നല്‍കേണ്ടിവരും.

Contenthighlight: A petition has been filed before the Supreme Court seeking to grant a stop for Kerala’s Vande Bharat Express in Tirur