'ഒരാളുപോലും അന്വേഷിച്ചില്ല'; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയത് ഒന്നരദിവസം
Kerala News
'ഒരാളുപോലും അന്വേഷിച്ചില്ല'; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ രോഗി കുടുങ്ങിയത് ഒന്നരദിവസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th July 2024, 10:13 am

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിനുള്ളില്‍ രോഗി കുടുങ്ങിക്കിടന്നു. ഒന്നര ദിവസമാണ് കേടായ ലിഫ്റ്റിനുള്ളില്‍ രോഗി കുരുങ്ങിയത്. മെഡിക്കല്‍ കോളേജിന്റെ ഓര്‍ത്തോ ഒ.പിയിലേക്ക് വന്ന ഉള്ളൂര്‍ സ്വദേശിയായ രവീന്ദ്രന്‍ നായരാണ് ലിഫ്റ്റിനുള്ളില്‍ അകപ്പെട്ടത്.

രവീന്ദ്രനെ നിലവില്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ചികിത്സ തുടരുകയാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ലിഫ്റ്റിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിടെയാണ് രോഗിയെ ശ്രദ്ധയില്‍ പെട്ടത്. നടുവേദനയെ തുടര്‍ന്ന് ശനിയാഴ്ച 11 മണിക്കാണ് രവീന്ദ്രന്‍ നായര്‍ മെഡിക്കല്‍ കോളേജിലെത്തിയത്.

12 മണിയോടെയാണ് ഓര്‍ത്തോ വിഭാഗത്തിലെ ലിഫ്റ്റ് കേടായത്. ഈ സമയത്താണ് രവീന്ദ്രന്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്. ഒന്നാം നിലയില്‍ നിന്ന് ലാബിലേക്ക് പോകുന്നതിനിടെ ലിഫ്റ്റ് നിൽക്കുകയായിരുന്നു.

എന്നാല്‍ കേടായ ലിഫ്റ്റിനുള്ളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് അധികൃതര്‍ നോക്കിയിരുന്നില്ല. ഞായറാഴ്ചയും കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ ലിഫ്റ്റ് തുറന്ന് നോക്കിയപ്പോഴാണ് മലമൂത്ര വിസര്‍ജ്യങ്ങള്‍ക്കിടയില്‍ രവീന്ദ്രന്‍ കിടക്കുന്നത് ലിഫ്റ്റ് ഓപ്പറേറ്റര്‍ കണ്ടത്.

പുറത്തുള്ളവരുമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് രവീന്ദ്രന്‍ പറഞ്ഞു. ലിഫ്റ്റില്‍ കേറിയതിന് പിന്നാലെ വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും ലിഫ്റ്റ് നില്‍ക്കുകയായിരുന്നു. ആ സമയം ഫോണ്‍ താഴെ വീണ് പൊട്ടിയെന്നും രവീന്ദ്രന്‍ പറഞ്ഞു. ലിഫ്റ്റില്‍ കുടുങ്ങിയതിന് പിന്നാലെ വാതിലില്‍ പലവട്ടം അടിച്ചെങ്കിലും ആരും കേട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ശനിയാഴ്ച രാത്രി 12 മണിയോടെ രവീന്ദ്രന്റെ കുടുംബം അദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജില്‍ പരാതി നല്‍കിയിരുന്നു.

Content Highlight: A patient was trapped inside the lift of Thiruvananthapuram Medical College