അടിക്കുന്ന ഒരു ലിറ്റര്‍ പെട്രോളിലും ഇത് കൊണ്ട് കഴിക്കുന്ന മറ്റൊരാളുടെ പേരും എഴുതിയിട്ടുണ്ടെന്ന് 'നബി'പറയും ; പെട്രോള്‍ വില വര്‍ധനവിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് ശിവശങ്കരന്‍
കൊച്ചി: പെട്രോള്‍ വില വര്‍ധനവിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് പി.ആര്‍ ശിവശങ്കരന്‍. പെട്രോള്‍ അടിക്കുമ്പോള്‍ ജനങ്ങള്‍ക്ക് പണം ചിലവാകുന്നുണ്ടെന്നും പക്ഷ അവര് അടിക്കുമ്പോള്‍ അവരറിയാതെ ഒരു നല്ല വിഹിതം പാവപ്പെട്ട, അധ്വാനിക്കുന്ന കഷ്ടപ്പെടുന്ന അരിയില്ലാത്ത ഒരു വ്യക്തിക്ക് ഭക്ഷണം നല്‍കുന്നെന്നാണ് ശിവശങ്കരന്റെ വാദം.
മനോരമ ന്യൂസിലെ കൗണ്ടര്‍ പൊയിന്റിലായിരുന്നു ശിവശങ്കരന്‍ വിചിത്ര വാദവുമായി എത്തിയത്. അരിയില്ലാത്ത ഒരു വ്യക്തിക്ക് ഭക്ഷണം നല്‍കുന്നെന്ന് വിശ്വസിച്ചാല്‍ അങ്ങനെ പഠിപ്പിച്ചാല്‍ ഈ അടിക്കുന്ന പെട്രോള്‍ ഒന്നും ഒരു ബാധ്യതയായി ഭാരമായി കാണില്ലെന്നും ശിവശങ്കരന്‍ പറഞ്ഞു.
തുടര്‍ന്ന് ഇത് കേരളത്തിലെ ബി.ജെപി നേതാക്കള്‍ ആളുകളോട് പറയുന്നുണ്ടോ പഠിപ്പിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ശ്രമിക്കുന്നുണ്ടെന്നായിരുന്നു ശിവശങ്കരന്റെ മറുപടി.
മാധ്യമങ്ങള്‍ കൂടെയൊപ്പം നിന്നാല്‍ കുറച്ച് കൂടി സൗകര്യമാവുമെന്നും മുഹമ്മദ് നബി പറഞ്ഞിരിക്കുന്നത് നമ്മള്‍ കഴിക്കുന്ന ഒരോ അരി മണിയിലും ഗോതമ്പിലും അത് കഴിക്കുന്ന ആളുടെ പേര് എഴുതിവെച്ചിട്ടുണ്ടെന്നാണ്. അതേ പോലെ നമ്മള്‍ അടിക്കുന്ന ഒരോ ലിറ്റര്‍ പെട്രോളിലും അത് കൊണ്ട് കഴിക്കുന്ന മറ്റൊരാളുടെ പേരും എഴുതിയിട്ടുണ്ട് എന്ന് നബി ഉറപ്പായും പറയും ഈ കാലഘട്ടത്തില്‍ ജനിച്ചിരുന്നെങ്കില്‍ എന്നും ശിവശങ്കരന്‍ പറഞ്ഞു.
അതേസമയം രാജ്യത്ത് തുടര്‍ച്ചയായി 21ാം ദിവസമാണ് പെട്രോളിലും ഡിസലിനും വില വര്‍ധിക്കുന്നത്. ഈ ദിവസങ്ങള്‍ കൊണ്ട് ഡിസലിന് 10.45 രൂപയും പെട്രോളിന് 9.17 രൂപയുമാണ് വര്‍ധിച്ചത്.
ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ്. ജൂണ്‍ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.