മന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപണം; 74കാരനെ തീയില്‍ നൃത്തം ചെയ്യിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്
Maharashtra
മന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപണം; 74കാരനെ തീയില്‍ നൃത്തം ചെയ്യിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th March 2024, 1:39 pm

മുംബൈ: മന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപിച്ച് 74കാരനെ കല്‍ക്കരി തീയില്‍ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മാര്‍ച്ച് നാലിന് മുര്‍ബാദ് താലൂക്കിലെ കെര്‍വെലെ ഗ്രാമത്തിലാണ് സംഭവം.

സംഭവത്തില്‍ ഇയാള്‍ക്ക് പൊള്ളലേറ്റുവെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മന്ത്രവാദം നടത്തുകയാണെന്ന് ആരോപിച്ച് മധ്യവയസ്‌കനെ ഗ്രാമവാസികളില്‍ ചിലര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും ഇയാളുടെ കാലിലും മുതുകിലും പൊള്ളലേറ്റിട്ടുണ്ടെന്നും മുര്‍ബാദ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രമോദ് ബാബര്‍ പറഞ്ഞു.

ആക്രമണത്തിനിരയായ വ്യക്തിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 452 (വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, പരിക്കേല്‍പ്പിക്കാനും ആക്രമണം നടത്താനും തയ്യാറെടുക്കുക) 323, 324 (മുറിവേല്‍പ്പിക്കല്‍) 341 (തെറ്റായ സംയമനം), 143 (നിയമവിരുദ്ധമായ സംഘം ചേരല്‍), 147 (കലാപം) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

ഇതിനുപുറമെ മഹാരാഷ്ട്ര പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറാഡിക്കേഷന്‍ ഓഫ് നരബലി, മനുഷ്യത്വരഹിതവും അഘോരി ആചാരങ്ങളുമായി ബന്ധപ്പെട്ട ബ്ലാക്ക് മാജിക് ആക്ട് 2013 തുടങ്ങിയ വകുപ്പുകളാലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സമൂഹ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ഒരു വീഡിയോ പങ്കുവെക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് സംഭവം പുറത്തുവരുന്നത്. വീഡിയോയില്‍ ഏതാനും ആളുകള്‍ പൊള്ളലേറ്റ വ്യക്തിയുടെ കൈകളില്‍ പിടിച്ച് നില്‍ക്കുന്നതും, കത്തുന്ന കല്‍ക്കരിയില്‍ നൃത്തം ചെയ്യണമെന്ന് രൂക്ഷമായി പറയുന്നതും കാണാം. ശേഷം ഒരു കൂട്ടം ആളുകള്‍ ആര്‍പ്പുവിളിച്ച് ആഘോഷിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിന് സമീപം സംഘടിപ്പിച്ച പ്രാചീന മത ചടങ്ങിലേക്ക് പ്രദേശവാസികളായ 15-20 പേര്‍ ഇയാളെ വലിച്ചിഴച്ചുകൊണ്ടുവരികയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് കത്തുന്ന കല്‍ക്കരിയില്‍ നൃത്തം ചെയ്യാന്‍ ഗ്രാമവാസികള്‍ നിര്‍ബന്ധിക്കുകയായിരുന്നു.

Content Highlight: A case has been registered by the police in the incident of making a 74-year-old man dance on fire in Maharashtra