രാഹുല്‍ ഗാന്ധി ഭീകരവാദിയാണെന്ന പരാമര്‍ശം; കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്
national news
രാഹുല്‍ ഗാന്ധി ഭീകരവാദിയാണെന്ന പരാമര്‍ശം; കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th September 2024, 8:36 pm

ബെംഗളൂരു: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ചതില്‍ കേന്ദ്ര മന്ത്രിക്കെതിരെ കേസെടുത്തു. ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രവ്‌നീത് സിങ് ബിട്ടുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരു പൊലീസിന്റേതാണ് നടപടി. കോണ്‍ഗ്രസ് കര്‍ണാടക നേതൃത്വം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യു.എസ് പര്യടനത്തിനിടെ രാഹുല്‍ നടത്തിയ സിഖ് പരാമര്‍ശത്തെ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം.

‘രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ല. അയാള്‍ എപ്പോഴും വിദേശത്താണ്. തന്റെ രാജ്യത്തെ സ്‌നേഹിക്കാന്‍ രാഹുലിനാവില്ല. അതുകൊണ്ടാണ് വിദേശത്ത് പോയി ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നത്. തീവ്രവാദികള്‍ പോലും രാഹുലിനെ പ്രകീര്‍ത്തിക്കുകയാണ്. ഇത്തരക്കാര്‍ പിന്തുണക്കുന്ന ഒരു നേതാവ് എന്നതിനാല്‍ തന്നെ രാഹുല്‍ ഒരു നമ്പര്‍ വണ്‍ ഭീകരവാദിയാണ്,’ എന്നാണ് രവ്‌നീത് സിങ് ബിട്ടു പറഞ്ഞത്.

എന്നാല്‍ സിഖുകാരനായ ഒരു വ്യക്തിക്ക് രാജ്യത്ത് ടര്‍ബന്‍ ധരിക്കാന്‍ സ്വാതന്ത്ര്യമുണ്ടോയെന്നും ഗുരുദ്വാരയില്‍ പോകാന്‍ അനുവാദമുണ്ടോയെന്നുമാണ് രാഹുല്‍ യു.എസില്‍ ചോദിച്ചത്. ഈ ചോദ്യങ്ങളിലൂടെ സിഖ് മതസ്ഥര്‍ക്ക് രാജ്യത്ത് സ്വാതന്ത്ര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ഇതില്‍ പ്രതിഷേധിച്ചാണ് ബിട്ടു ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ രാഹുലിനും കോണ്‍ഗ്രസിനുമെതിരെ രംഗത്തെത്തിയത്. മഹാരാഷ്ട്രയിലെ ഷിന്‍ഡെ വിഭാഗം ശിവസേന എം.എല്‍.എ സഞ്ജയ് ഗെയ്ക്വാദ്, മുന്‍ ബി.ജെ.പി എം.എല്‍.എയായ തര്‍വീര്‍ സിങ് മര്‍വ എന്നിവരുള്‍പ്പെടെയാണ് രാഹുലിനെതിരെ ഭീഷണി മുഴക്കിയത്.

അതേസമയം രാഹുല്‍ ഗാന്ധിക്കെതിരായ ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്ര മന്ത്രിക്കെതിരായ നടപടി.

രാഹുല്‍ ഗാന്ധിക്കെതിരെ വിദ്വേഷപരവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി പ്രതിഷേധം ശക്തമാക്കിയത്.

ജനങ്ങള്‍ തള്ളിക്കളഞ്ഞ ഒരു ഉത്പന്നത്തെ വീണ്ടും പോളിഷ് ചെയ്ത് ഖാര്‍ഗെ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണെന്നാണ് നദ്ദ പറഞ്ഞത്. രാഹുല്‍ ഗാന്ധി രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പമാണെന്നും അദ്ദേഹത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എന്തിനാണ് അഭിമാനം കൊള്ളുന്നതെന്നും നദ്ദ ചോദിച്ചിരുന്നു.

രാജ്യത്തെ ജാതീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന രാഹുലിനെതിരെ ഖാര്‍ഗെ മൗനം പാലിക്കുന്നുവെന്നും പ്രധാനമന്ത്രിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന രാഹുലിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ലെന്നും നദ്ദ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിഷേധം കനപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്.

Content Highlight: A case has been filed against the Union Minister for calling Rahul Gandhi a terrorist