എന്തുകൊണ്ട് പിണറായി സര്‍ക്കാരിന്റെ പൊലീസ് ആക്ട് ഭേദഗതി വിമര്‍ശിക്കപ്പെടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്

നിങ്ങള്‍ സമൂഹമാധ്യമത്തിലൂടെ, ഒരു വ്യക്തിക്കെതിരെ അപകീര്‍ത്തികരമായ ആരോപണമോ അഭിപ്രായ പ്രകടനമോ നടത്തുന്നു എന്നു കരുതുക. ഇതിനെതിരെ പരാതിക്കാരില്ലെങ്കില്‍ പോലും പൊലീസിന് നേരിട്ട് കേസെടുത്ത് പരമാവധി അഞ്ച് വര്‍ഷം വരെ തടവും, പതിനായിരം രൂപവരെ പിഴയും ഒടുക്കേണ്ട ശിക്ഷയാക്കുന്ന ഓഡിനന്‍സാണ് ഒക്ടോബര്‍ 22ന് കേരള സര്‍ക്കാര്‍ കൊണ്ടുവന്നത്.

സൈബര്‍ ഇടങ്ങളിലെ കുറ്റകൃത്യത്തിന് തടയിടാനാണ് 2011ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്ത് 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് ഓാര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രത്യേകിച്ചും സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അശ്ലീല പരാമാര്‍ശങ്ങളും ഭീഷണികളും അതിരുവിടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരത്തിലൊരു നീക്കത്തിന് കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്.

ഈയടുത്ത് യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയ വിജയ് പി. നായരെ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും കൈയ്യേറ്റം ചെയ്തതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ കേരളത്തിലുണ്ടായതിന് പിന്നാലെയാണ് ഈ ഓഡിനന്‍സിലേക്കും കേരള സര്‍ക്കാര്‍ കടക്കുന്നത്. എന്നാല്‍ രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിന്റെ പുതിയ നിയമഭേദഗതിക്കുള്ള നീക്കത്തിന് നേരെ ഉയരുന്നത്.

രണ്ട് വ്യക്തികള്‍ തമ്മില്‍ പരദൂഷണം പറഞ്ഞാല്‍ പോലും അവര്‍ നടത്തിയത് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിക്കാന്‍ പ്രാപ്തമായ കുറ്റകൃത്യമാക്കുകയാണ് പൊലീസ് ആക്ട് ഭേദഗതിയെന്നാണ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ പറയുന്നത്.

ഫലത്തില്‍ സ്ത്രീകളുടെ സുരക്ഷ എന്ന പേരില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയാണ് കേരള സര്‍ക്കാര്‍ എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

മുന്‍ നിയമ സെക്രട്ടറി കൂടിയായ ബി.ജി ഹരീന്ദ്രനാഥ് അഭിപ്രായപ്പെടുന്നത് സമൂഹമാധ്യങ്ങളിലൂടെയുള്ള അധിക്ഷേപം തടയാന്‍ പൊലീസ് ആക്ടില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി യഥാര്‍ത്ഥ പ്രശ്നം പരിഹരിക്കുന്നതിന് പകരം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും എന്നാണ്.

എന്തുകൊണ്ട് സൈബര്‍ ഇടത്തിലെ അതിക്രമത്തിന് സര്‍ക്കാര്‍ കൊണ്ടുവന്ന പരിഹാരം വിമര്‍ശിക്കപ്പെടുന്നു

ഒരു വ്യക്തിയെ അപമാനിക്കാനോ, അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ വിധിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പൊലീസ് ആക്ടിലെ ഭേദഗതി.

ഇത് ഒരു കോഗ്‌നിസബിള്‍ കുറ്റമാക്കിമാറ്റുന്നു എന്നിടത്താണ് അപകടം പതിയിരിക്കുന്നത്. കൊഗ്‌നിസബിള്‍ കുറ്റമെന്നാല്‍ ഒരു പൊലീസ് ഓഫീസര്‍ക്ക് ഇത്തരത്തിലൊരു കുറ്റം കണ്ടാല്‍ വാറന്റില്ലാതെ തന്നെ മജിസ്ട്രേറ്റ് അനുമതി വാങ്ങാതെ കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും.

സമൂഹമാധ്യമങ്ങള്‍ക്ക് മാത്രമല്ല പുതിയ നിയമം ബാധകമാകുന്നത് മുഖ്യധാരാമാധ്യമങ്ങള്‍ക്കുള്‍പ്പെടെ ഇത് ബാധകമാണെന്ന് ബി.ജി.ഹരീന്ദ്രനാഥ് പറയുന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വ്യക്തികളുടെ അവകാശത്തിനു മേല്‍ കടന്നു കയറുന്നതാണ് പ്രസ്തുത ഭേദഗതിയെന്നും നിയമവിദ്ഗദര്‍ ചൂണ്ടിക്കാണിക്കുന്നു.

അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ കേരള സര്‍ക്കാര്‍ പൊലീസ് ആക്ടില്‍ വരുത്തിയ നിയമഭേദഗതിയെക്കുറിച്ച് പറയുന്നതിങ്ങനെ

”അങ്ങേയറ്റം ഗുരുതരവും ഭരണഘടനാ വിരുദ്ധവുമായ ഓഡിനന്‍സാണ് കേരള സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത് പൗരവകാശങ്ങളുടെ ലംഘനമാകാന്‍ പോകുന്നതും അധികാര ദുര്‍വിനിയോഗത്തിലേക്ക് നയിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയും സത്യം പറയുന്നവരെയും അകത്താക്കുന്ന നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് അധികാര ദുര്‍വിനിയോഗത്തിന് പൊലീസിന് അവസരമൊരുക്കുകയാണ് ചെയ്യുക”.

സുപ്രീം കോടതി ഐ.ടി ആക്റ്റിലെ 66 എ വകുപ്പ് റദ്ദ് ചെയ്തതാണ്. ഇത് വീണ്ടും പിന്‍വാതിലിലൂടെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്നായിരുന്നു ഈ വിഷയത്തില്‍ എ.ടി വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ്.സി മാത്യു ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.

അക്ഷരാര്‍ത്തത്തില്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കപ്പെടേണ്ട ഒരു ‘കരിനിയമ’മാണിത്. സുപ്രീം കോടതി അനുവദിച്ച പൗരാവകാശങ്ങള്‍ ഇല്ലാതാക്കുകയാണ് നിയമത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”സമൂഹമാധ്യമം എന്ന് പറയുന്നത് ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കുന്ന ഒരു പ്ലാറ്റ്‌ഫോം കൂടിയാണ്. സാമൂഹ മാധ്യമങ്ങളിലൂടെ നിശ്ചയമായും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നുണ്ട്.

ഇത് പണ്ടും നമ്മുടെ പൊതുമണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ട്. ഡിജിറ്റല്‍ പതിപ്പിലേക്കെത്തുമ്പോള്‍ ഇതിന്റെയെല്ലാം വ്യാപ്തി കൂടുകയാണ്. ഇതെല്ലാം യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇത് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ സമൂഹമാധ്യമത്തെ കൂച്ചുവിലങ്ങിടുകയാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപം തടയാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വകുപ്പുകള്‍ കൊണ്ടുവരണം. ഏത് മാധ്യമത്തിലൂടെ ഇത്തരം പ്രവൃത്തികള്‍ ചെയ്താലും അത് കുറ്റകരമാകണം.

മറിച്ച് സമൂഹമാധ്യമത്തില്‍ കൂടി ചെയ്താല്‍ മാത്രം കുറ്റകരമാകുമോ?. ഇവിടെ വളരെ സമാന്യവത്കരിച്ചാണ് കാര്യങ്ങള്‍ അവതരിപ്പിക്കുക പോലും ചെയ്യുന്നത്. ഇത് ഇപ്പോള്‍ എല്ലാ മാധ്യമങ്ങളും ഡിജിറ്റലായത് കൂടി പരിഗണിച്ച് ഇവര്‍ക്കെന്ത് തടയണമോ അത് തടയാന്‍ വേണ്ടി കൂടി ചെയ്യുന്നതാണ്”, ജോസഫ് സി.മാത്യു കൂട്ടിച്ചേര്‍ത്തു.

ഐ.ടി ആക്ട് 66 എ റദ്ദാക്കിയിടത്ത് കേരളത്തിന്റെ പുതിയ ഭേദഗതി ചെയ്യുന്നതെന്ത്?

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി ഐ.ടി ആക്ടിന്റെ 66 എ വകുപ്പ് 2015ല്‍ റദ്ദ് ചെയ്യുന്നത്.

ഇന്റര്‍നെറ്റില്‍ അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഐ.ടി ആക്ടിലെ 66 എ വകുപ്പാണ് വ്യവസ്ഥ ചെയ്തിരുന്നത്. ഐ.ടി ആക്ടിലെ 66 എ വകുപ്പിന് സമാനമാണ് കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പെന്നും കോടതി വിലയിരുത്തിയിരുന്നു. തുടര്‍ന്നാണ് 118 ഡിയും റദ്ദാക്കിയത്.

അധികാരികള്‍ക്ക് ഹിതകരമല്ലാത്ത എന്തിനെയും ക്രിമിനല്‍ കുറ്റമായി ചിത്രീകരിച്ചു നടപടിയെടുക്കാം; സൈബര്‍ ഓര്‍ഡിനന്‍സ് പരിധിയില്‍ മാധ്യമങ്ങളെ ഉള്‍പ്പെടുത്തിയതിനെതിരെ കെ.യു.ഡബ്ല്യു.ജെ.

ആളുകള്‍ കൂടിക്കൊണ്ടുള്ള രാഷ്ട്രീയ റാലികള്‍ വേണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി; എതിര്‍പ്പുമായി ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയില്‍
ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ശവസംസ്‌കാരത്തോട് അനുബന്ധിച്ച് 2012 നവംബര്‍ 18ന് നഗരം സ്തംഭിപ്പിച്ചതിനെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച രണ്ട് പെണ്‍കുട്ടികള്‍ക്കെതിരെ മുംബൈ പൊലീസ് 66 എ പ്രകാരം കേസെടുത്തിരുന്നു. പൊലീസിന്റെ ഈ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

അന്ന് 21 കാരിയായ ശ്രേയ സിംഗാള്‍ നടത്തിയ നിയമ പോരാട്ടമാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏറെയൊന്നും ആലോചിക്കാതെ ഭരണഘടന പോലും കണക്കിലെടുക്കാതെ നിര്‍മ്മിച്ച നിയമത്തിന് അന്ത്യം കുറിക്കാന്‍ സഹായിച്ചത്.

കേരളത്തിലെ ഇപ്പോഴത്തെ പൊലീസ് ആക്ടിലെ നിയമഭേദഗതിക്ക് ഗവര്‍ണര്‍ ഒപ്പുവെച്ചാല്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രായോഗികമാകാന്‍ പോകുന്നത് ഐ.ടി ആക്ടിലെ 66 എ വകുപ്പ് തന്നെയായിരിക്കുമെന്ന് അഭിഭാഷകരുള്‍പ്പെടെ പറയുന്നു.

സ്ത്രീകള്‍ എന്താണോ ആവശ്യപ്പെടുന്നത് അതിന് കടകവിരുദ്ധമായിട്ടുള്ള നിയമാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നതെന്നാണ് ഹരീഷ് വാസുദേവന്‍ പറയുന്നത്.

അപകീര്‍ത്തിപ്പെടുത്തല്‍, അപമാനിക്കല്‍, തുടങ്ങിയവ വ്യക്തി കേന്ദ്രീകൃതമായ വിലയിരുത്തലുകളാണെന്നിരിക്കെ ഒരു പൊലീസ് ഓഫീസര്‍ക്ക് വാറന്റ് ഇല്ലാതെ തന്നെ അറസ്റ്റ് ചെയ്യാവുന്ന കോഗ്‌നിസബിള്‍ കുറ്റമാക്കി മാറ്റുന്നത് അപകടകരമാണെന്ന് ഡോ.ബി ഹരീന്ദ്രനാഥും വ്യക്തമാക്കുന്നു.

66 എ വകുപ്പ് റദ്ദാക്കുന്ന സമയത്ത് അപകീര്‍ത്തി, ഭീഷണി തുടങ്ങിയ വിഷയങ്ങളില്‍ ജഡ്ജിയുടെ ധാരണയനുസരിച്ച് ഒരാള്‍ കുറ്റക്കാരനാണോ അല്ലയോ എന്ന് വിലയിരുത്തുന്നത് എങ്ങനെയെന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.

എന്നാല്‍ തിടുക്കപ്പെട്ട് കേരള സര്‍ക്കാര്‍ പൊലീസ് ആക്ടില്‍ നിയമഭേദഗതി വരുത്തിയപ്പോള്‍ ഈ വിഷയങ്ങളൊന്നും കണക്കിലെടുത്തില്ലെന്നത് നിസാരമായി തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് ഒരു വിഭാഗം അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടിക്കാണിക്കുന്നത്.

മാധ്യമങ്ങള്‍ക്കും പരിധി നിശ്ചയിക്കുന്നു

പുതിയ ഓഡിനന്‍സിന്റെ പരിധിയില്‍ മാധ്യമങ്ങളെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെയും രംഗത്തെത്തിയിട്ടുണ്ട്.

അധികാരികള്‍ക്ക് ഹിതകരമല്ലാത്ത എന്തിനെയും ക്രിമിനല്‍ കുറ്റമായി ചിത്രീകരിച്ചു നടപടിയെടുക്കാനുള്ള വ്യവസ്ഥകള്‍ ബോധപൂര്‍വമോ അല്ലാതെയോ ഈ ഭേദഗതിയില്‍ ഉള്‍പ്പെടുന്നുവെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി പറയുന്നു.

അപകീര്‍ത്തി കേസുകളില്‍നിന്നു വ്യത്യസ്തമായി, ഏതൊരാള്‍ക്കും പരാതി കൊടുക്കാമെന്നും അല്ലെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥന് സ്വമേധയാ കേസെടുക്കാമെന്നുമുള്ള വ്യവസ്ഥകള്‍ ഏതു വാര്‍ത്തയുടെ പേരിലും മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിലെ ഏതു പൊലീസ് സ്റ്റേഷനിലും ക്രിമിനല്‍ കേസ് പ്രതിയാകാനുള്ള സാഹചര്യമാണു സൃഷ്ടിക്കുന്നത്.

വാര്‍ത്തകള്‍ക്കു പൊലീസ് കൂച്ചുവിലങ്ങിടുന്ന ഈ അവസ്ഥ ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ലെന്നാണ് അദ്ദേഹം പറയുന്നത്.

കേരള സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ട് ഇപ്പോള്‍ കൊണ്ടുവന്ന ഓഡിനന്‍സ് സ്ത്രീ സുരക്ഷയ്ക്കപ്പുറം ഭരണഘടന അനുവദിക്കുന്ന മൗലികാവശകാശങ്ങളുടെ ഇടയിലേക്ക് കടന്നുകയറുകയും അവ റദ്ദ് ചെയ്യുകയും ചെയ്യുന്നത് അപകടകരമാണെന്നാണ് സാമൂഹിക നിരീക്ഷകര്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നത്.

സൈബര്‍ ഇടങ്ങളിലെ അധിക്ഷേപത്തിന് പൊലീസ് വിചാരിച്ചാല്‍ നിലവിലുള്ള നിയമപ്രകാരം തന്നെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാമെന്ന് അഭിപ്രായം ഒരു വിഭാഗം പങ്കുവെക്കുന്നുണ്ട്.

എന്നാല്‍ സ്ത്രീ സുരക്ഷയില്‍ കാര്യക്ഷമമായ നിയമ നിര്‍മ്മാണം ഇനിയും ആവശ്യമാണെന്നും, പക്ഷേ അത് നാലുപേര്‍ ചേര്‍ന്ന് എടുക്കേണ്ടതല്ല, വിദഗ്ധാഭിപ്രായം തേടി ചര്‍ച്ചകളിലൂടെ പൊതുജനത്തിനും കൂടി സ്വീകാര്യമായ വിധത്തില്‍ രൂപപ്പെടുത്തേണ്ടതാണെന്നും മറ്റൊരു വിഭാഗം പറയുന്നു.

എന്നാല്‍ ഇരുകൂട്ടരും നിശിതമായി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ സൈബര്‍ ഓഡിനന്‍സ് പൊലീസ് രാജിലേക്കാണ് വഴിവെക്കുകയെന്നും അഭിപ്രായസ്വാതന്ത്ര്യത്തെ ഇത് കൂച്ചുവിലങ്ങിടുമെന്നും ഒരേ ശബ്ദത്തിലാണ് പറയുന്നത്.

സുപ്രീം കോടതി അനുവദിച്ചു തന്ന പൗരവകാശങ്ങളെ ഏതുവിധേനയും നേടിയെടുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കണമെന്നും ഇവര്‍ ഉദാഹരണസഹിതം ചൂണ്ടിക്കാണിക്കുന്നു.