പോണ്ടിച്ചേരിയില്‍ നിന്ന് ഒരു കുഞ്ഞുസഹായം; സ്വരുക്കൂട്ടി വച്ച തുകയെല്ലാം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി
Kerala Flood
പോണ്ടിച്ചേരിയില്‍ നിന്ന് ഒരു കുഞ്ഞുസഹായം; സ്വരുക്കൂട്ടി വച്ച തുകയെല്ലാം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th August 2018, 12:47 pm

പോണ്ടിച്ചേരി: പ്രളയമനുഭവിക്കുന്ന കേരളത്തെ സഹായിക്കാനായുള്ള ഫണ്ട് ശേഖരണത്തില്‍ തന്റെ സമ്പാദ്യം മുഴുവനായി നല്‍കി പോണ്ടിച്ചേരി സ്വദേശിയായ കവിപ്രിയ എന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി.

പലപ്പോഴായി കിട്ടുന്ന ചെറിയ തുക സംഭരിച്ചുവെച്ച തന്റെ കുടുക്കയിലെ മുഴുവന്‍ പണവും പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് കവിപ്രിയ മാതൃകയായത്. അച്ഛനോടൊപ്പം എത്തിയാണ് കവിപ്രിയ തന്റെ സഹായം നല്‍കിയത്.

ഞങ്ങള്‍ തുക സമാഹരണവുമായി ബന്ധപ്പെട്ട് ഒരു ഹോട്ടലിലെത്തിയിരുന്നു. അപ്പോള്‍ അവിടെ ഭക്ഷണം കഴിക്കാന്‍ വന്ന ഒരാള്‍ ഇത് എന്തിനുള്ള പിരിവാണെന്ന് ചോദിച്ചു. കേരളത്തിലെ പ്രളയത്തിന് സഹായിക്കാനാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ അല്‍പ്പ സമയം തങ്ങളോട് കാത്തിരിക്കാനും വീട്ടില്‍ പോയി വരാമെന്നും പറഞ്ഞു. – തുക സമാഹരണത്തില്‍ പങ്കാളിയായ പോണ്ടിച്ചേരി സര്‍വകലാശാലയിലെ ആരതി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ALSO READ: വെള്ളത്തിനടിയില്‍ മൂന്ന് ദിവസമായി അവര്‍ മരിച്ചുകിടക്കുകയാണ്; പ്രതിഷേധവുമായി യുവാവ്; വീഡിയോ വൈറലാകുന്നു

“തിരിച്ചുവന്നപ്പോള്‍ അദ്ദേഹത്തിനൊടൊപ്പം ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. ആ പെണ്‍കുട്ടി അതുവരെ സ്വരുക്കൂട്ടി വെച്ച തുകയെല്ലാം ഞങ്ങള്‍ക്ക് തന്നു. 1600 രൂപയോളം ഉണ്ടായിരുന്നു. അവയെല്ലാം നാണയങ്ങളായിരുന്നു എന്നതാണ് പ്രത്യേകത. ഇതുവരെ സമ്പാദിച്ച തുകയെല്ലാം ആ കുട്ടി ഞങ്ങള്‍ക്ക് തന്നു.”

കേരളത്തിലെ പ്രളയത്തെക്കുറിച്ച് സ്‌കൂളില്‍ നിന്ന് അറിഞ്ഞ കവിപ്രിയ തനിക്കാവുന്ന സഹായം ചെയ്യണമെന്ന് പറഞ്ഞിരുന്നതായി കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഇതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ തുകസമാഹരണവുമായി വന്നപ്പോള്‍ മകളെ കൂട്ടിക്കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേരളത്തെ സഹായിക്കാനായി പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ 5 ലക്ഷം രൂപ നല്‍കിയിരുന്നു. സര്‍വകലാശാലയിലും മറ്റുമായി മലയാളി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു ഫണ്ട് ശേഖരണം.

WATCH THIS VIDEO: