ജറുസലേം: വെസ്റ്റ് ബാങ്ക് നഗരമായ ജെനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ വ്യോമാക്രമണം. ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ആക്രമണത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രോണ്‍ ആക്രമണങ്ങളിലും വെടിവെപ്പിലുമാണ് ആളുകള്‍ കൊല്ലപ്പെട്ടത്.
നാല് പേര്‍ വെടിയേറ്റും മൂന്ന് പേര്‍ വ്യോമാക്രമണത്തിലുമാണ് മരണപ്പെട്ടത്. പരിക്കേറ്റ ആളുകളില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. പത്തോളം ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 2000 ത്തോളം സൈനികരാണ് ആക്രമണം നടത്തിയത്. സൈനികര്‍ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രവേശിച്ചു. മേഖലയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും വെള്ളത്തിനുള്ള സൗകര്യം ആക്രമണത്തില്‍ നശിപ്പിക്കപ്പെടുകയും ചെയ്തതായി ജെനിന്‍ മുനിസിപ്പാലിറ്റി അറിയിച്ചു. ആക്രമണത്തില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വര്‍ഷങ്ങളിലെ ഏറ്റവും മോശമായ ആക്രമണമാണിതെന്ന് ജെനിന്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2002 ന് ശേഷം ഇത്രയും ഗുരുതര പരിക്കുകളോടെ ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രാഈലിന്റെ ആക്രമണം ഏറെ ആശങ്ക സൃഷ്ടിക്കുന്നുവെന്ന് യു.എന്‍ ഹുമനിറ്റേറിയന്‍ കോര്‍ഡിനേറ്റര്‍ ലിന്‍ ഹസ്റ്റിങ്‌സ് പറഞ്ഞു. ‘ജനസാന്ദ്രത കൂടിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് ആക്രമണം നടന്നത്, നിരവധി ആളുകള്‍ മരിച്ചിട്ടുണ്ട്, പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കണം,’ അവര്‍ പറഞ്ഞു.
Content Highlight: 8 Phalastiniance killed in israel bomb attack