ഡി.സി സിനിമകള്‍ കൂട്ടത്തോടെ ഈ മാസം നെറ്റ്ഫ്‌ളിക്‌സ് വിടുന്നു
Entertainment
ഡി.സി സിനിമകള്‍ കൂട്ടത്തോടെ ഈ മാസം നെറ്റ്ഫ്‌ളിക്‌സ് വിടുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th March 2024, 1:54 pm

2024 മാര്‍ച്ചില്‍ നിരവധി സിനിമകള്‍ നെറ്റ്ഫ്‌ളിക്‌സ് വിടാന്‍ പോവുകയാണ്. സ്ട്രീമിംഗ് നിര്‍ത്താന്‍ പോകുന്ന സിനിമകളില്‍ അധികവും ഡി.സിയുടേതാണ് എന്നതാണ് പ്രത്യേകത. മാന്‍ ഓഫ് സ്റ്റീല്‍, ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍: ഡോണ്‍ ഓഫ് ജസ്റ്റിസ്, വണ്ടര്‍ വുമണ്‍, ബേര്‍ഡ്സ് ഓഫ് പ്രെ, ദി സൂയിസൈഡ് സ്‌ക്വാഡ്, ബ്ലാക്ക് ആദം, ഷാസം: ഫ്യൂരി ഓഫ് ഗോഡ്‌സ് തുടങ്ങി 12 ഡി.സി സിനിമകള്‍ ഇതില്‍ ഉള്‍പ്പെടും. ഡി.സി. യൂണിവേഴ്‌സിന്റെ ഭാഗമല്ലെങ്കിലും മാറ്റ് റീവ്‌സിന്റെ ബാറ്റ്മാനും ലിസ്റ്റിലുണ്ട്, ഇത് 2024 മാര്‍ച്ച് 31-നുള്ളില്‍ 76ഓളം സിനിമകളും സീരീസുകളും നെറ്റ്ഫ്‌ളിക്‌സ് വിടും

ആക്ഷന്‍ സിനിമാ പ്രേമികളുടെ ഇഷ്ട സിനിമയായ ജോണ്‍ വിക്ക് ഫ്രാഞ്ചൈസും മാര്‍ച്ച് 30ന് നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിങ് അവസാനിപ്പിക്കും. ജോണ്‍ വിക്കിന്റെ ആദ്യ മൂന്ന് ഭാഗങ്ങളാണ് ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമായിട്ടുള്ളത്. പ്രശസ്ത സംവിധായകന്‍ ക്വിന്റണ്‍ ടാരന്റിനോയുടെ ഹിറ്റ് ചിത്രം ജാക്കി ബ്രൗണും ഈ ലിസ്റ്റിലുള്‍പ്പെടുന്നുണ്ട്.

സിറ്റ്‌കോം പ്രേമികളുടെ ഇഷ്ട സീരീസായ കമ്മ്യൂണിറ്റിയുടെ എല്ലാ സീസണുകളും മാര്‍ച്ച് 31ന് സ്ട്രീമിങ് അവസാനിപ്പിക്കും. ഈ വര്‍ഷം അവസാനം സിനിമയായി വരാന്‍ പോകുന്നതിന് മുന്നേയാണ് കമ്മ്യൂണിറ്റി നെറ്റ്ഫ്‌ളിക്‌സ് വിടുന്നത്.

സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി ചിത്രങ്ങളായ ബ്രൂസ് ആള്‍മൈറ്റി, മീറ്റ് ദി പാരന്റ്‌സ് ട്രിലോജി, എന്നീ സിനിമകളും, ഓസ്‌കര്‍ അവാര്‍ഡ് നേടിയ പസിഫിക് റിം, ലേഡി ബേര്‍ഡ് എന്നീ സിനിമകളും നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കം ചെയ്യപ്പെടും. ഇത്രയധികം സിനിമകള്‍ ഒരു മാസത്തില്‍ നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. വരിക്കാരെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ് ഇത്.

ഇന്ത്യയിലെ പ്രശസ്ത പ്രൊഡക്ഷന്‍ കമ്പനിയായ സണ്‍ പിക്‌ചേഴ്‌സും കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്‌ളിക്‌സുമായുള്ള കരാര്‍ അവസാനിപ്പിച്ചതും, നെറ്റ്ഫ്‌ളിക്‌സിലുള്ള സണ്‍ പിക്‌ചേഴ്‌സിന്റെ സിനിമകള്‍ നീക്കം ചെയ്യപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു.

Content Highlight: 76 films leaving from Netflix this month