പ്രചരണം നടത്തിയത് രാജ്യരക്ഷക്കായ്, വോട്ടെണ്ണല്‍ കഴിയുമ്പോള്‍ മോദി സര്‍ക്കാര്‍ ഉണ്ടാകില്ല: കെജ്‌രിവാള്‍
national news
പ്രചരണം നടത്തിയത് രാജ്യരക്ഷക്കായ്, വോട്ടെണ്ണല്‍ കഴിയുമ്പോള്‍ മോദി സര്‍ക്കാര്‍ ഉണ്ടാകില്ല: കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2024, 5:46 pm

ന്യൂദല്‍ഹി: ജൂണ്‍ നാലിന് വോട്ടെണ്ണല്‍ കഴിയുമ്പോള്‍ രാജ്യത്ത് മോദി സര്‍ക്കാര്‍ ഉണ്ടാകില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജൂണ്‍ രണ്ടിന് ഇടക്കാല ജാമ്യം അവസാനിച്ച് ജയിലിലേക്ക് മടങ്ങുന്നതിന് മുന്നോടിയായി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂണ്‍ നാലിന് വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ രാജ്യത്ത് മോദി സര്‍ക്കാര്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏഴാംഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഈ 21 ദിവസവും ഒരു ദിവസം പോലും വിശ്രമിക്കാതെ താന്‍ പ്രചരണ രംഗത്ത് സജീവമായിരുന്നു. പ്രചരണം നടത്തിയത് ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി മാത്രമല്ലെന്നും രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞ കെജ്‌രിവാള്‍ ബി.ജെ.പിയെ പരിഹസിക്കുകയും ചെയ്തു. ആകെ 25 സീറ്റുകള്‍ ഉള്ള രാജസ്ഥാനില്‍ ബി.ജെ.പിക്ക് 34 സീറ്റുകള്‍ വരെയാണ് ചില ഏജന്‍സികള്‍ പ്രവചിച്ചതെന്ന് അദ്ദേഹം പരിഹസിച്ചു. അതിനാല്‍ എക്‌സിറ്റ് പോളുകളൊന്നും വിശ്വസിക്കേണ്ടതില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു.

വോട്ടെണ്ണല്‍ നടക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വി.വി പാറ്റുകള്‍ ഒത്തുനോക്കാന്‍ മറക്കരുതെന്നും അവസാനത്തെ വോട്ട് എണ്ണി തീരുന്നത് വരെ ബൂത്തില്‍ തന്നെ തുടരണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

മദതനിക്കെതിരായ കേസില്‍ കേന്ദ്രത്തിന്റെ പക്കല്‍ ഒരു തെളിവുമില്ലെന്നും 100 കോടിയുടെ അഴിമതി നടത്തിയെന്ന് ആരോപിക്കുമ്പോല്‍ ആ പണം എവിടെയെന്ന തചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ലെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

മൂന്ന് മണിയോടെ വസതിയില്‍ നിന്ന് ഇറങ്ങിയ കെജ്‌രിവാള്‍ രാജ്ഘട്ടിലേക്ക് പോയി ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. അതിന് ശേഷമാണ് എ.എ.പി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ദല്‍ഹിയിലെ എ.എ.പി എം.എല്‍.എമാര്‍, മന്ത്രിമാര്‍ എന്നിവരുടെ അകമ്പടിയോടെയാണ് കെജ്‌രിവാള്‍ തിരികെ തിഹാര്‍ ജയിലിലേക്ക് മടങ്ങിയത്.

Content Highlight: no Modi govt after counting of votes: Kejriwal