എഴുപത്തൊന്ന് വയസിലും കിടിലന്‍ ബാസ്‌കറ്റ് ബോള്‍ പ്ലെയര്‍; സോഷ്യല്‍ മീഡിയ സ്റ്റാറായി മെക്സിക്കന്‍ മുത്തശ്ശി; വീഡിയോ
World News
എഴുപത്തൊന്ന് വയസിലും കിടിലന്‍ ബാസ്‌കറ്റ് ബോള്‍ പ്ലെയര്‍; സോഷ്യല്‍ മീഡിയ സ്റ്റാറായി മെക്സിക്കന്‍ മുത്തശ്ശി; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th August 2022, 4:34 pm

മെക്സിക്കോ സിറ്റി: ബാസ്‌കറ്റ് ബോള്‍ കളിക്കുന്ന മെക്സിക്കന്‍ മുത്തശ്ശിയുടെ വീഡിയോ വൈറലാകുന്നു.

ആന്‍ഡ്രിയ ഗാര്‍സിയ ലോപസ് (Andrea Garcia Lopez) എന്ന 71 വയസുകാരി മെക്സിക്കന്‍ മുത്തശ്ശിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇവര്‍ ബാസ്‌കറ്റ് ബോള്‍ കളിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മെക്‌സിക്കോയിലെ ഉള്‍നഗരമായ ഒക്‌സാക്കയിലെ സാന്‍ എസ്റ്റെബാന്‍ അറ്റത്ലഹൂക്കയാണ് ആന്‍ഡ്രിയ ഗാര്‍സിയ ലോപസിന്റെ സ്വദേശം.

71 വയസിലും അസാമാന്യമായ മെയ്‌വഴക്കത്തോടെ, കൂടെ കളിക്കുന്നവരെ ശരവേഗത്തില്‍ മറികടന്നുകൊണ്ടുള്ള ആന്‍ഡ്രിയ ഗാര്‍സിയ ലോപസിന്റെ ബാസ്‌കറ്റ് ബോള്‍ സ്‌കില്ലിനെ പുകഴ്ത്തുകയാണ് നെറ്റിസണ്‍സ്. ഇതോടെ സോഷ്യല്‍ മീഡിയ സ്റ്റാറായി മാറിയിരിക്കുകയാണ് ഈ മുത്തശ്ശി.

വീഡിയോ പുറത്തുവന്നതോടെ മെക്‌സിക്കന്‍ മുത്തശ്ശിക്ക് ഗ്രാനി ജോര്‍ഡന്‍ (Granny Jordan) എന്ന് വിളിപ്പേര് നല്‍കിയിരിക്കുകയാണ് ഇന്റര്‍നെറ്റ് യൂസേഴ്‌സ്. പാസിങ്ങ്, ട്രിബ്ലിങ്, ഷൂട്ടിങ്ങ് തുടങ്ങി ബാസ്‌കറ്റ് ബോളിലെ എല്ലാ സ്‌റ്റേജുകളിലും മുത്തശ്ശി കടിലന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെക്കുന്നതെന്നും സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

എതിരെ കളിക്കുന്നയാളെ മറികടന്നുകൊണ്ട് വിജയകരമായി ഷോട്ടുതിര്‍ത്ത് സ്‌കോര്‍ നേടുന്ന ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ തന്റെ ആധിപത്യം സ്ഥാപിക്കുന്ന ആന്‍ഡ്രിയ ഗാര്‍സിയ ലോപസിനെയാണ് വീഡിയോയില്‍ കാണാനാവുക.

പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മെക്‌സിക്കന്‍ മുത്തശ്ശിയുടെ ബാസ്‌കറ്റ് ബോള്‍ വീഡിയോ ഒരു മില്യണിലധികം പേര്‍ കണ്ടിട്ടുണ്ട്. ഇവരുടെ പേരക്കുട്ടിയാണ് വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്തത്.

ആന്‍ഡ്രിയ ഗാര്‍സിയ ലോപസ് ഒരു പ്രാദേശിക കരകൗശല വിദഗ്ധയാണെന്നാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തന്റെ കാല്‍മുട്ടിന് അല്‍പം പ്രശ്‌നങ്ങളുണ്ടെങ്കിലും, ഇനിയും വര്‍ഷങ്ങളോളം ബാസ്‌കറ്റ് ബോള്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Highlight: 71 year old Mexican woman becomes viral on social media for basketball skills