സൗത്ത് ആഫ്രിക്കക്കെതിരെ സഞ്ജു തിളങ്ങും: എ.ബി.ഡി. വില്ലിയേഴ്സ്
Sports News
സൗത്ത് ആഫ്രിക്കക്കെതിരെ സഞ്ജു തിളങ്ങും: എ.ബി.ഡി. വില്ലിയേഴ്സ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st December 2023, 8:30 pm

ഓസ്ട്രേലിയയുമായുള്ള ടി-ട്വന്റി പരമ്പരയ്ക്ക് ശേഷം ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം നടക്കാനിരിക്കുകയാണ്. പരമ്പരയില്‍ മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ഇടം നേടിയിരിക്കുകയാണ്. ഇതോടെ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മൂന്ന് ഏകദിന മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു കളിക്കുമെന്ന് ഉറപ്പായി.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സഞ്ജുവിന് സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഏകദിന ടീമില്‍ ഇടം നേടാന്‍ സാധിച്ചത്. പരമ്പരയില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം എ.ബി.ഡി. വില്ലിയേഴ്സ് അഭിപ്രായപ്പെടുന്നത്.

പ്രോട്ടിയാസിനെതിരായ ഏകദിനത്തില്‍ അവസരം ലഭിച്ച സഞ്ജുവിനെ കുറിച്ച് തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഡിവില്യേഴ്‌സ്. പന്തിന്റെ സീമിങ് സാഹചര്യങ്ങള്‍ അനുസരിച്ച് കളിക്കാനുള്ള കഴിവ് സഞ്ജുവിന് ഉണ്ടെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.

‘അദ്ദേഹത്തെ ടീമില്‍ കണ്ടതില്‍ വളരെ സന്തോഷമുണ്ട്. ഇതില്‍ അദ്ദേഹം നന്നായി കളിക്കും. ബാറ്റ് ചെയ്യുമ്പോള്‍ അവന്‍ ഉയര്‍ന്നു തന്നെ നില്‍ക്കും. ഇവിടെ പന്ത് ബൗണ്‍സ് ചെയ്യാന്‍ സാധ്യതയുണ്ട്, ബാറ്റിങ് പരീക്ഷിക്കപ്പെടാം. എന്നാലും സഞ്ജുവിനെ പോലൊരാള്‍ക്ക് നന്നായി കളിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. കൂടാതെ വിക്കറ്റ് കീപ്പറുടെ റോളിലും അദ്ദേഹത്തിന് സാധ്യതയുണ്ട്,’ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

കഴിഞ്ഞ ഏഷ്യാ കപ്പിലും 2023ലെ ലോകകപ്പിലും ഇപ്പോള്‍ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ടി-ട്വന്റി പരമ്പരയിലും സെലക്ടര്‍മാര്‍ സഞ്ജുവിന് ഇടം നല്‍കിയിരുന്നില്ല. ഇപ്പോള്‍ പ്രോട്ടിയാസുമായുള്ള ഏകദിന മത്സരത്തില്‍ സഞ്ജുവിന് തന്റെ മികവ് തെളിയിക്കുന്നതിന് വലിയ അവസരമാണ് ലഭിച്ചിരിക്കുന്നത്.

2021 ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഏകദിന അരങ്ങേറ്റം കുറിച്ച ശേഷം സാംസണ്‍ ടീമിന് അകത്തും പുറത്തുമായി കളിക്കുകയായിരുന്നു. കരിയറില്‍ സാംസണ്‍ 13 ഏകദിനങ്ങളില്‍ നിന്നും 55.71 ശരാശരിയിലും 104 സ്‌ട്രൈക്ക് റേറ്റിലും 390 റണ്‍സ് നേടിയിട്ടുണ്ട്.

കരിയറില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 86 റണ്‍സും മൂന്ന് അര്‍ധ സെഞ്ച്വറികളും സഞ്ജുവിന്റെ അകൗണ്ടിലുണ്ട്. ഡിസംബര്‍ 17ന് ഞായറാഴ്ച ജോഹന്നാസ് ബര്‍ഗിലെ ന്യൂ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ പ്രോട്ടിയാസിനെതിരായ ഇന്ത്യയുടെ ഏകദിനം ആരംഭിക്കും.

Content Highlight: A.B.D. Villiers says Sanju will perform well against South Africa