പെരുമ്പാവൂരില്‍ കോളനി ഒഴിപ്പിക്കാന്‍ ശ്രമം; പ്രതിഷേധിച്ച നാട്ടുകാരെ അറസ്റ്റ് ചെയ്ത് നീക്കി
Kerala News
പെരുമ്പാവൂരില്‍ കോളനി ഒഴിപ്പിക്കാന്‍ ശ്രമം; പ്രതിഷേധിച്ച നാട്ടുകാരെ അറസ്റ്റ് ചെയ്ത് നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th January 2025, 5:25 pm

കൊച്ചി: പെരുമ്പാവൂര്‍ വാഴക്കുളത്ത് സെറ്റിൽമെന്റ് ഒഴിപ്പിക്കാന്‍ ശ്രമം നടന്നു. വാഴക്കുളത്തെ നടക്കാവ് കോളനി ഒഴിപ്പിക്കാനാണ് ശ്രമം നടന്നത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഒഴിപ്പിക്കല്‍ നടപടിക്കെതിരെ പ്രതിഷേധിച്ച നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പുനരധിവാസം ഉറപ്പ് നല്‍കാതെ ഒഴിപ്പിക്കല്‍ ശ്രമം നടക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന് പിന്നാലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏതാനും ആളുകള്‍ക്ക് നിസാര പരിക്കുകളും സംഭവിച്ചിട്ടുണ്ട്.

സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം പെരുമ്പാവൂര്‍ കോടതിയുടെ ഉത്തരവിലാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് സ്ഥലം അളക്കാനും നാട്ടുകാരെ ഒഴിപ്പിക്കാനുമുള്ള ശ്രമമാണ് പ്രദേശത്ത് നടന്നത്.

പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തില്‍ വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. സെറ്റില്‍മെന്റ് നിലനില്‍ക്കുന്ന സ്ഥലം ഒരു സ്വകാര്യ വ്യക്തിയുടേതാണ്. പാരമ്പര്യമായി കൈമാറി വന്നിരുന്ന സ്ഥലം കൂടിയാണിത്.

നിലവില്‍ ഒമ്പത് കുടുംബങ്ങളാണ് സ്ഥലത്ത് താമസിക്കുന്നത്. ഇതില്‍ ഏഴ് കുടുംബങ്ങള്‍ ബന്ധുക്കളാണ്. 40 വര്‍ഷത്തിലധികമായി ഈ കുടുംബങ്ങള്‍ ഇവിടെയാണ് താമസിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ ചേര്‍ന്ന് പ്രതിഷേധിച്ചത്.

പ്രതിഷേധം രൂക്ഷമായതോടെ പൊലീസ് സ്ഥലത്ത് നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഇടപെട്ടതോടെയാണ് പൊലീസ് പിന്‍വാങ്ങിയത്. സ്ഥലത്ത് സംഘര്‍ഷ സാധ്യതകള്‍ ഇല്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Attempt to evacuate colony in Perumbavoor; The locals who protested were arrested and removed