ദല്‍ഹിയിലെ ഷക്കര്‍പൂര്‍ സ്‌കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ ഏഴ് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്നലെ (വെള്ളിയാഴ്ച)യാണ് സംഭവമുണ്ടായത്.
അധിക ക്ലാസുകളുടെ സമയത്തെ സംബന്ധിച്ച തര്‍ക്കമായിരുന്നു കൊലപാതകത്തിന് കാരണമായത്. കൃഷ്ണ എന്ന വിദ്യാര്‍ത്ഥിയുമായാണ് ഗുപ്ത തര്‍ക്കമുണ്ടായത്. തുടര്‍ന്ന് സ്‌കൂളിലെ മറ്റു സുഹൃത്തുക്കളെയും പുറത്ത് നിന്നുള്ളവരെയും വിളിച്ചുവരുത്തി വിദ്യാര്‍ത്ഥി ഇഷു ഗുപ്തയെ മര്‍ദിച്ചുവെന്നാണ് വിവരം.
അറസ്റ്റിലായ ഏഴ് പേരില്‍ അഞ്ച് പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും മറ്റ് രണ്ടുപേര്‍ പുറത്തുനിന്നുള്ളവരുമാണ്. കോളേജ് വിദ്യാര്‍ത്ഥി സാര്‍ത്തി (19), ഡയറി ഷോപ്പ് ഉടമ അമന്‍കുമാര്‍ (31) എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രായപൂര്‍ത്തിയായവര്‍.
ദല്‍ഹി പൊലീസും ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരുമാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെയാണ് അറസ്റ്റ് നടന്നത്. പ്രതികളില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും മറ്റു തെളിവുകളൂം കണ്ടെത്തിയിട്ടുണ്ട്.
ഇഷു ഗുപ്തയുടെ ശരീരത്തില്‍ കുത്തേറ്റിട്ടുണ്ടെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കുട്ടിയുടെ വലതുതുടയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് കുട്ടിയെ ഹെഡ്ഗേവാര്‍ ആശുപത്രിയില്‍
എത്തിക്കുകയായിരുന്നു. എന്നാല്‍ ജി.ടി.ബി ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത വിദ്യാര്‍ത്ഥിയെ സ്ഥലത്ത് നിന്ന് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കൊലപാതകത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അഭിഷേക് ധനിയ പറഞ്ഞു.