മൂവായിരത്തോളം പാമ്പുകളുടെ കടി കൊണ്ടിട്ടും അതില്‍ തന്നെ നാനൂറോളം പാമ്പുകള്‍ വിഷമുള്ളതായിരുന്നിട്ടും, ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അശാസ്ത്രീയമായ പാമ്പ് പിടുത്തം മൂലം ഒരു മൂര്‍ഖന്റെ കടിയേറ്റ് ജീവന്‍ നഷ്ടമാകുന്ന അവസ്ഥ വരെ ഉണ്ടായിട്ടും, കൈകൊണ്ടുള്ള പാമ്പ് പിടുത്തം നിര്‍ത്താന്‍ വാവാ സുരേഷ് ഇതുവരെ തയ്യാറായിട്ടില്ല.
ഹോസ്പിറ്റലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം ഏകദേശം അമ്പതോളം പാമ്പുകളെ വാവാ സുരേഷ് പിടിച്ചു എന്നാണ് പറയുന്നത്. ന്നിട്ടിപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍, തന്നെ പാമ്പിനെ പിടിക്കാന്‍ അനുവദിക്കുന്നില്ല എന്ന പരാതിയുമായി മുന്നോട്ട് വന്നിരിക്കുകയാണ് അദ്ദേഹം.
‘അപകടം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. മുന്‍കരുതലൊന്നും സ്വീകരിച്ചിട്ട് കാര്യമില്ല. സൂക്ഷിച്ച് തന്നെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്’
എന്നും, ‘വനം വകുപ്പ് മന്ത്രി വരെ എന്നോട് പാമ്പിനെ പിടിച്ചോളാന്‍ പറഞ്ഞിട്ടുണ്ട്, മന്ത്രിയേക്കാള്‍ വലുതല്ലല്ലോ ഉദ്യോഗസ്ഥര്‍’ എന്നൊക്കെയും പുള്ളി ചോദിക്കുന്നുണ്ട്.
കഴിഞ്ഞ തവണ പാമ്പ് കടിയേറ്റ് കിടപ്പിലായപ്പോള്‍ ഇതേ മന്ത്രിമാരോട് താന്‍ ഇനി ഒരിക്കലും അശാസ്ത്രീയമായി പാമ്പിനെ പിടിക്കില്ല എന്ന് സത്യം ചെയ്തതും ഇതേ വ്യക്തി തന്നെയാണ്.
സ്നേക്ക് റെസ്‌ക്യുവുമായി ബന്ധപ്പെട്ട് ഒരു ലൈസന്‍സും നിയമങ്ങളുമൊക്കെ ഈ നാട്ടിലുള്ള സാഹചര്യത്തിലും, വാവാ സുരേഷിന്റെ അശാസ്ത്രീയമായ പാമ്പ് പിടുത്തത്തിന് അനാവശ്യമായ പ്രോത്സാഹനം നല്‍കുന്നത് എന്തിനാണ് എന്നതാണ് വ്യക്തമല്ലാത്തത്.
ഇത്തരം രീതികള്‍ക്കൊണ്ട് പാമ്പിനെ പിടിക്കുന്ന സുരേഷിനും, സുരേഷിന്റെ പ്രകടനം കാണാന്‍ കാത്ത് നില്‍ക്കുന്നവര്‍ക്കും, പാമ്പിന് പോലും അപകടകരമാണ് എന്നതാണ് സത്യം. ഒരു ജീവിയെ കൈകാര്യം ചെയ്യുമ്പോള്‍, പ്രത്യേകിച്ച് അതിനെ റസ്‌ക്യു ചെയ്യുമ്പോള്‍, ആ റസ്‌ക്യു ചെയ്യാന്‍ ഏറ്റവും ആവശ്യമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്യേണ്ടത്. അല്ലാതെ ആ ജീവിയെ വെച്ചുകൊണ്ട് കൂടുതല്‍ ഷോ ഇറക്കുന്നത് വളരെ മോശമാണ്.
ശാസ്ത്രീയമായ രീതിയില്‍ പാമ്പിനെ പിടിക്കുന്ന ധാരാളം ആളുകള്‍ കേരളത്തിലുണ്ട്. അവരെല്ലാം തന്നെ യാതൊരു പ്രകടനത്തിനും കാത്ത് നില്‍ക്കാതെ രണ്ടും മൂന്നും മിനുറ്റുകള്‍ കൊണ്ടാണ് ജോലി തീര്‍ത്ത് മടങ്ങുന്നത്.
അതുകൊണ്ട്, നിരവധി തവണ അപകടം ഉണ്ടായിട്ടും വാവാ സുരേഷ് ഇത്തരത്തില്‍ പാമ്പ് പിടുത്തം തുടരുന്നത് അനുവദിക്കാന്‍ കഴിയുന്നതല്ല.
Content Highlight: unscientific snake-catching methods of Vava Suresh