ഗാബറോണ്‍: ബോട്‌സ്വാനയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് ഭരണകകഷിയായ ബോട്സ്വാന ഡെമോക്രാറ്റിക് പാര്‍ട്ടി (ബി.ഡി.പി). അറുപത് വര്‍ഷത്തോളം അധികാരത്തിലിരുന്ന തന്റെ ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് പ്രസിഡന്റ് മോക്വീറ്റ്സി മസിസി അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മസിസിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ബി.ഡി.പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
‘ജനങ്ങളുടെ കണ്ണില്‍ ഞങ്ങള്‍ക്ക് വലിയ തെറ്റ് സംഭവിച്ച പ്രതീതിയാണുണ്ടാകുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് ഇതിനെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. നിലവില്‍ ലഭിച്ചിരിക്കുന്ന സൂചനകള്‍ അനുസരിച്ച് ഒരു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകല്‍ ഒന്നും കാണുന്നില്ല. അതിനാല്‍ എതിര്‍പക്ഷത്തെ അവരുടെ വിജയത്തില്‍ അഭിനന്ദിക്കാനും തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു,’ മസിസി ഗാബോറോണില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബോട്‌സ്വാനയിലെ തെരഞ്ഞെടുപ്പ് കീഴ്‌വഴക്കങ്ങള്‍ അനുസരിച്ച് 61 സീറ്റുകളില്‍ 31 സീറ്റുകള്‍ നേടുന്ന ആദ്യ കക്ഷിയെ വിജയിയായി പ്രഖ്യാപിക്കും. ഈ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയെ പ്രസിഡന്റായി തെരഞ്ഞെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്യും.
1966മുതല്‍ ഭരണകക്ഷിയായ ബി.ഡി.പിയാണ് ആഫ്രിക്കന്‍ രാജ്യം ഭരിക്കുന്നത്. നിലവില്‍ പ്രധാന പ്രതിപക്ഷമായ അംബ്രല്ല ഫോര്‍ ഡെമോക്രാറ്റിക് ചേഞ്ച് (യു.ഡി.സി) തെരഞ്ഞെടുപ്പ് ഫലത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. യു.ഡി.സി നേതാവ് ഡുമ ബോക്കോയെയാണ് ഇവരുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.
63 കാരനായ മസിസി മുന്‍ ഹൈസ്‌കൂള്‍ അധ്യാപകനും യുനിസെഫ് പ്രവര്‍ത്തകനുമായിരുന്നു. 2014ലും 2019ലും തെരഞ്ഞെടുപ്പില്‍ മത്സരിച്ച മസിസി ഇത് മൂന്നാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
ആഫ്രിക്കയിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായ ബോട്‌സ്വാന സൗത്ത് ആഫ്രിക്കയിലെ സുസ്ഥിര ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നുമാണ്. ദക്ഷിണാഫ്രിക്കയിലെ വജ്രകയറ്റുമതിയുടെ 80 ശതമാനവും ബോട്‌സ്വാനയില്‍ നിന്നാണ്. 2.6 ദശലക്ഷമാണ് ജനസംഖ്യ.
Content Highlight: 58-year reign ends; President Mokgweetsi Masisi has tasted defeat in Botswana