56 വ്യാജ ചോദ്യങ്ങള്‍ ചോദിച്ചു; ഞങ്ങള്‍ക്കെതിരെ ഒരു തെളിവും അവരുടെ കയ്യിലില്ല: ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം പ്രതികരണവുമായി കെജ്‌രിവാള്‍
ന്യൂദല്‍ഹി: സി.ബി.ഐ 56 ചോദ്യങ്ങളാണ് തന്നോട് ചോദിച്ചതെന്നും എല്ലാം വ്യാജ ചോദ്യങ്ങളായിരുന്നെന്നും ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഒമ്പത് മണിക്കൂര്‍ നീണ്ടുനിന്ന സി.ബി.ഐ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സി.ബി.ഐ എന്നോട് 56 ചോദ്യങ്ങള്‍ ചോദിച്ചു. എല്ലാം വ്യാജമായിരുന്നു. കേസും വ്യാജമാണ്. ഞങ്ങളെക്കുറിച്ച് ഒന്നും അവര്‍ക്കറിയില്ലെന്ന് എനിക്ക് മനസിലായി. ഞങ്ങള്‍ക്കെതിരെ അവരുടെ കയ്യില്‍ ഒരു തെളിവുമില്ല.
മദ്യനയം നിലവില്‍ വന്ന 2020 മുതലുള്ള എല്ലാ കാര്യങ്ങളും അവര്‍ എന്നോട് ചോദിച്ചു. ഈ കേസ് കള്ളമാണ്. കെട്ടിച്ചമച്ചതാണ്. സത്യസന്ധതയാണ് ഞങ്ങളുടെ പ്രത്യയശാസ്ത്രം. ഞങ്ങള്‍ മരിക്കാന്‍ തയ്യാറായാലും സത്യസന്ധത കൈവിടില്ല.
മികച്ചതും, വികസനോത്മുകമായ ഞങ്ങളുടെ പ്രവര്‍ത്തികളെ ഇകഴ്ത്തിക്കാട്ടുകയാണ് അവര്‍ ചെയ്യുന്നത്. ആം ആദ്മി ഇപ്പോള്‍ ദേശീയ പാര്‍ട്ടിയായിരിക്കുകയാണ്. അതുകൊണ്ടാണ് ഞങ്ങളെ അവസാനിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ആം ആദ്മി പാര്‍ട്ടി ആഹ്വാനം ചെയ്ത ദല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കെജ്‌രിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടയില്‍ ആം ആദ്മി നേതാക്കളുടെ അടിയന്തര യോഗം നടന്നിരുന്നു. അതേസമയം ചോദ്യം ചെയ്യലിനെതിരെ സി.ബി.ഐ ഓഫീസിന് സമീപം പ്രതിഷേധിച്ചതിന് മന്ത്രിമാരടക്കമുള്ളവരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കെജ്‌രിവാളിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചതോടെ അവരെ വിട്ടയച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ദല്‍ഹി ക്യാബിനറ്റിലെ മുഴുവന്‍ എം.പിമാര്‍, പഞ്ചാബിലെ നാല് മന്ത്രിമാര്‍, രാഘവ് ചദ്ദ, സഞ്ജയ് സിങ്, ജാസ്മിന്‍ ഷാ, സന്ദീപ് പഥക് ഉള്‍പ്പെടെയുള്ള ആം ആദ്മി നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 1500 ഓളം ആം ആദ്മി നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്തത്.
നേരത്തെ ആം ആദ്മി നേതാവ് മനീഷ് സിസോദിയയെ മദ്യനയക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 26നായിരുന്നു സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. 2021-22 വര്‍ഷത്തേക്കുള്ള എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാണ് സിസോദിയക്ക് എതിരായ കേസ്.