പ്രായമൊക്കെ വെറും നമ്പര്‍, എനിക്ക് 60 ആകുമ്പോഴും ഞാന്‍ ഫുട്‌ബോള്‍ കളിക്കും: കസുയോഷി മിയൂറ
Football
പ്രായമൊക്കെ വെറും നമ്പര്‍, എനിക്ക് 60 ആകുമ്പോഴും ഞാന്‍ ഫുട്‌ബോള്‍ കളിക്കും: കസുയോഷി മിയൂറ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th February 2023, 3:24 pm

അമ്പത് വയസ് കഴിഞ്ഞാല്‍ ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നവരെയും ആരോഗ്യത്തോടെ ജോലി ചെയ്യുന്നവരെയുമൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്.

എന്നാല്‍ പ്രായം അമ്പത്തിയഞ്ച് കഴിഞ്ഞിട്ടും പ്രൊഫഷണല്‍ ഫുട്‌ബോളില്‍ മുന്നേറ്റ നിരയില്‍ കളിക്കുകയെന്നത് അല്പം കൗതുകമുണര്‍ത്തുന്ന കാര്യമാണ്. അങ്ങനെയൊരാളാണ് കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത്. ജാപ്പനീസ് ഫുട്‌ബോളര്‍ കസുയോഷി മിയൂറയാണ് താരം.

പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ലോകത്തെ ഏറ്റവും പ്രായം കൂടിയ താരമെന്ന സ്വന്തം റെക്കോര്‍ഡ് പുതുക്കിയ താരം തന്റെ 56ാം ജന്മദിനത്തിന് മുന്നോടിയായി ഒരു പോര്‍ച്ചുഗീസ് ലോവര്‍ ഡിവിഷന്‍ ക്ലബ്ബുമായി സൈനിങ് നടത്തിയിരിക്കുകയാണ്.

ജപ്പാന്‍ ക്ലബായ യോകോഹാമ എഫ്.സിയില്‍ നിന്നുമാണ് ലോണ്‍ അടിസ്ഥാനത്തില്‍ മിയുറ പോര്‍ച്ചുഗല്‍ ക്ലബ്ബിലേക്ക് പോയത്. ഈ വര്‍ഷം ജൂണ്‍ വരെയാണ് കരാര്‍. 2023 വരെയുള്ള കണക്ക് പ്രകാരം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ കരിയറിനുടമയാണ് അദ്ദേഹം.

1982ല്‍ ബ്രസീലിയന്‍ ക്ലബ് അത്‌ലറ്റികോ യുവന്റസിലൂടെ കളി ആരംഭിച്ച മിയൂറ 1986ല്‍ സാന്റോസിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ എത്തിച്ചേര്‍ന്നു.

1990ല്‍ ജപ്പാനില്‍ മടങ്ങിയെത്തിയ മിയൂറ 12 ക്ലബ്ബുകള്‍ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. ഇറ്റലിയിലെ ജെനോവ, ക്രൊയേഷ്യയിലെ ഡിനാമോ സാഗ്രെബ്, ഓസ്ട്രേലിയയിലെ സിഡ്നി എഫ്.സി എന്നിവക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി യോക്കോഹോമ ടീമിന്റെ താരമാണ് ഈ 53കാരന്‍.

ജപ്പാന്‍ ലീഗ് കപ്പില്‍ യോക്കോഹോമ എഫ്.സിക്കായി കളിക്കാനിറങ്ങിയപ്പോള്‍ മുന്നേറ്റനിരതാരത്തിനു പ്രായം 53. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രൊഫഷണല്‍ ഫുട്‌ബോളര്‍, പ്രായം കൂടിയ ഗോള്‍ സ്‌കോറര്‍ എന്നീ ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്ത താരമാണ് കിംഗ് കസു എന്ന വിളിപ്പേരുള്ള കുസുയോഷി മിയൂറ. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലെജന്‍ഡായ സര്‍ സ്റ്റാന്‍ലി മാത്യൂസിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് മിയൂറയുടെ നേട്ടം.

ജപ്പാന്‍ ലീഗില്‍ സുസുക്ക പോയിന്റ് ഗെറ്റേഴ്സിന് വേണ്ടി കളിക്കാനിറങ്ങിയപ്പോള്‍ താരത്തിന് പ്രായം 55 ആയിരുന്നു. ഇതിനിടെ ഇംഗ്ലീഷ് ഫുട്‌ബോള്‍ ലെജന്‍ഡായ സര്‍ സ്റ്റാന്‍ലി മാത്യൂസിന്റെ റെക്കോര്‍ഡ് തകര്‍ത്ത് മിയൂറയുടെ നേട്ടം. 1982ല്‍ ബ്രസീലിയന്‍ ക്ലബ് അത്‌ലറ്റികോ യുവന്റസിലൂടെ കളി ആരംഭിച്ച മിയൂറ 1986 ല്‍ സാന്റോസിലൂടെ പ്രൊഫെഷണല്‍ ഫുട്‌ബോളിലെത്തുകയായിരുന്നു.

‘ഏറ്റവും മികച്ച അന്തരീക്ഷത്തില്‍ കളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്, ഒപ്പം അഭിമാനിക്കുകയും ചെയ്യുന്നു. ഈ ഗെയ്മില്‍ ചരിത്രം കുറിക്കാന്‍ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. ഞാനിനിയും കളി തുടരും,’ കസുയോഷി മിയൂറ പറഞ്ഞു.

2012ല്‍ തന്റെ 45ാം വയസില്‍ മിയൂറ ഫുട്‌സാലിലും അരങ്ങേറി. ആ വര്‍ഷത്തെ ലോകകപ്പിലടക്കം ആറ് മത്സരങ്ങളില്‍ കളിച്ച താരം ഒരു ഗോളും ഫുട്‌സാലില്‍ നേടിയിട്ടുണ്ട്. ജപ്പാന്‍ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച മിയൂറ 89 മത്സരത്തില്‍ നിന്ന് 55 ഗോളുകള്‍ നേടി. ക്ലബ് തലത്തില്‍ 754 മത്സരത്തില്‍ നിന്നും 331 ഗോളുകളും സ്വന്തം പേരിലാക്കി. ഇനിയും കളിക്കളത്തില്‍ തുടരുമെന്ന ആത്മവിശ്വാസത്തിലാണ് താരം.

Content Highlights: 55-year-old Kazuyoshi Miura has signed on loan with Portuguese second division team Oliveirense